മസ്‌കത്ത്: ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ആരംഭിച്ച് 20 ദിവസം പിന്നിട്ടതോടെ ക്വാറന്റീൻ നിയമ ലംഘകരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോർട്ട്. നടപടികൾ ശക്തമാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തതോടെ ദിവസവും മൂന്നിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ക്വാറന്റീൻ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിയമ ലംഘകരെ പിടികൂടാനും നിരവധി ഉപകരണങ്ങളാണ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. മാളുകൾ, ബാങ്കുകൾ, ഇന്ധന സ്‌റ്റേഷനുകൾ, ഹോട്ടലുകൾ, കൺസ്യൂമർ സർവിസ് സെന്ററുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇ-മുഷ്‌രിഫ് കമ്പനിയാണ് യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.

ഒമാനിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ നിലവിൽ വന്ന് 20 ദിവസം പിന്നിട്ടതോടെ നിയമ ലംഘകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഇ മുഷ്‌രിഫിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമ ലംഘനം കണ്ടുപിടിക്കാനുള്ള യന്ത്രം എല്ലാ പ്രധാന കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവർക്കും തറാസുദ് ബ്രേസ്‌ലെറ്റ് നൽകും. ഇത് ക്വാറന്റീൻ കാലാവധി കഴിയുന്നത് വരെ ധരിക്കണം. ബ്രേസ്‌ലെറ്റ് ധരിച്ചവർ യന്ത്രങ്ങൾ സ്ഥാപിച്ച കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ 30 മീറ്റർ അകലെനിന്ന് തന്നെ അലാറം അടിക്കാൻ തുടങ്ങും. തുടർന്ന് വിവരം കമ്പനിയുടെ റിപ്പോർട്ട് സെന്ററിലേക്ക് എത്തുകയും ചെയ്യും. നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കമ്പനി ആർ.ഒ.പിക്ക് കൈമാറുകയാണ് ചെയ്യുക. ദോഫാർ ഗവർണറേറ്റ് മുതൽ മുസന്ദം വരെ 150 യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

നിയമലംഘകരെ പിടികൂടാൻ ഇ-മുഷ്‌രിഫിന്റെയും സാമൂഹിക സുരക്ഷ മന്ത്രാലയത്തിന്റെയും രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറന്റീൻ ലംഘിക്കാനുള്ള യഥാർഥ കാരണം കണ്ടെത്തിയ ശേഷമായിരിക്കും പൊലീസിന് കൈമാറുക. അടിയന്തര ആശുപത്രി കേസുകൾ അടക്കമുള്ള സാഹചര്യത്തിലുള്ള ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കും.