ഒരു നൂതനമായ ആശയമോ ഉൽപ്പന്നമോ കൈമുതലായുള്ള നവ സംരംഭകർക്ക് അവരുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വിപുലമായ പദ്ധതികളുമായി ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സി ഇ ഒ യുമായ ഡോ.സോഹൻ റോയ്.

അവരുടെ പ്രോജക്റ്റിന്റെ ഇൻക്യുബേഷനും ഇൻവെസ്റ്റ്‌മെന്റും ഉൾപ്പെടെയുള്ള സഹായങ്ങളാണ് നൽകുക . മികച്ച ആശയങ്ങൾ കൈമുതലായുള്ള സംരംഭകർക്ക് പുരസ്‌കാരങ്ങളും നൽകും. ഇൻഡിവുഡ് ബില്യണേഴ്‌സ് ക്ലബ്, ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുക. സംരംഭകരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വരുമാന ശേഷി , തൊഴിൽ ശേഷി, സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് തുടർ നടപടികൾ കൈക്കൊള്ളുക.

പുതുമയുള്ളതും പ്രയോജനപ്രദവുമായ ആശയങ്ങളിലും ഉൽപ്പന്നങ്ങളിലും അധിഷ്ഠിതമായ നവസംരംഭങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്ന ഒരു 'സ്റ്റാർട്ടപ്പ് അവാർഡി' ലൂടെയാണ് പദ്ധതികൾക്ക് തുടക്കമിടാൻ ഉദ്ദേശിക്കുന്നതെന്ന് സോഹൻ റോയി പറഞ്ഞു . ' 'മേക്ക് ഇൻ ഇന്ത്യ ' എന്ന പ്രഖ്യാപിത നയത്തിന് അനുസൃതമായി ആഗോള ജനതയ്ക്ക് അവരുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന തദ്ദേശീയമായ ഉൽപന്നങ്ങളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുരസ്‌കാരങ്ങൾക്ക് ഉണ്ട്. പുതിയ സംരംഭകരെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ ബ്രാൻഡ്, ആഗോള വിപണിക്ക് പരിചയപ്പെടുത്താനും അതിന്റെ മൂല്യം വർദ്ധിപ്പിക്കാനും നിക്ഷേപം ലഭ്യമാക്കാനുമുള്ള അപൂർവ്വമായ ഒരു അവസരം ഇതിലൂടെ ലഭ്യമാവും. മികച്ച ആശയങ്ങൾക്ക് ഇൻഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബ് അംഗങ്ങൾക്കിടയിൽ നിന്നുതന്നെ നിക്ഷേപ അവസരങ്ങൾ കൈ വരാനും അവസരമൊരുങ്ങും. അത്തരത്തിൽ ആഗോള വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള വിവിധ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാനുള്ള ഒരു വേദിയായി ഇത് മാറും ' അദ്ദേഹം പറഞ്ഞു.

ടെക്‌നോളജി , ആർട്ട് & ക്രാഫ്റ്റ് , ഡിജിറ്റൽ , മൊബിലിറ്റി , എനർജി, ലോജിസ്റ്റിക്‌സ് , ഫുഡ് & ബിവറേജ് , ഹെൽത്ത്‌കെയർ , എഡ്യുക്കേഷൻ , റീട്ടെയിൽ , ടൂറിസം & ലെഷർ , റിയൽ എസ്റ്റേറ്റ് , സോഷ്യൽ ഇംപാക്റ്റ്, ഇ-കൊമേഴ്സ് (ബി 2 ബി) , റൂറൽ സ്റ്റാർട്ടപ്പുകൾ ,അഗ്രിക്കൾച്ചറൽ , വിമൻ - ലെഡ് സ്റ്റാർട്ടപ്പുകൾ , ഗ്രീൻ സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ആശയങ്ങൾ ഉള്ളവർക്കെല്ലാം അപേക്ഷ നൽകാവുന്നതാണ്.

സ്റ്റാർട്ടപ്പ് പദ്ധതികൾ ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോജക്ട് ഇൻക്യുബേഷൻ ഹബ്ബിൽ വച്ച് പ്രാഥമികമായി വിലയിരുത്തും. ഇൻഡിവുഡ് ബില്ല്യണയേഴ്‌സ് ക്ലബ്ബാണ് പദ്ധതികളുടെ അന്തിമ വിശകലനം നടത്തുന്നത്. ഇത്തരത്തിൽ കൊറോണക്കാലം തരണം ചെയ്യാനുള്ള ഒരു ആശയം ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കിയ 'വൂൾഫ് എയർ മാസ്‌ക് ' എന്ന ഉൽപ്പന്നത്തിന് മികച്ച രീതിയിൽ മുൻപോട്ടു പോകാനുള്ള സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്തരീക്ഷ വായുവിലൂടെ പകരുന്ന വൈറസ്, ബാക്ടീരിയ ജന്യരോഗങ്ങളിൽ നിന്ന് സ്‌കൂളുകൾ , കോളേജുകൾ സ്വകാര്യസ്ഥാപനങ്ങൾ, വീടുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് പരിപൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്ന ഉൽപന്നമാണ് ' വൂൾഫ് എയർ മാസ്‌ക് '. 'ആൾ എബൗട്ട് ഇന്നവേഷൻസ് ' എന്ന പേരിൽ ഒരു സംഘം ചെറുപ്പക്കാർ രൂപം നൽകിയ ഈ ഉൽപ്പന്നത്തിന് വായുസഞ്ചാരം കുറഞ്ഞ വലിയ മുറികൾ ഓഡിറ്റോറിയങ്ങൾ എന്നിവയിലെ അന്തരീക്ഷം പൂർണ്ണമായും അണുവിമുക്തമാക്കാൻ സാധിക്കും. ഇതിലെ ഓസോൺ ജനറേറ്ററുകൾ അയോൺ ത്രസ്റ്ററുകൾ എന്നിവയ്ക്ക് , അത് പ്രവർത്തിക്കുന്ന മേഖലകളിലെ അന്തരീക്ഷം ആരോഗ്യപ്രദമായ രീതിയിൽ ശുദ്ധീകരിക്കാൻ കഴിയും. കൊറോണ വൈറസുകളിലെ സ്പൈക്ക് പ്രോട്ടീനുകളിൽ പ്രവർത്തിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ ജനിതകമാറ്റം വന്ന വൈറസുകളേയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ഉപകരണത്തിന് കഴിയും.