കോട്ടയം: വിനോദസഞ്ചാരികൾക്കു ചാരായം വിറ്റിരുന്നയാളെ എക്‌സൈസ് പൊക്കിയത് യൂട്യൂബ് അഭിമുഖത്തിനെന്ന പേരിൽ എത്തി. യൂട്യൂബ് വ്‌ലോഗർമാരെന്ന വ്യാജേന എത്തിയ എക്‌സൈസ് സംഘം പ്രതിയെ തെളിവുകളോടെ പിടികൂടിയ ശേഷം കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്കു ചാരായം വിൽപന നടത്തിയിരുന്ന മേച്ചാൽ തൊട്ടിയിൽ പോൾ ജോർജിനെയാണ് (43) എക്‌സൈസ് സംഘം പിടികൂടിയത്.

ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്‌സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു പതിവ്. അതിനാൽ തന്നെ ഇയാളെ കുടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതോടെയാണ് എക്‌സൈസ് സംഘം യുട്യൂബ് അഭിമുഖത്തിനെന്ന വ്യാജേന എത്തിയതും പിടികൂടിയതും. പോളിന്റെ വീട്ടിൽ നിന്നു 16 ലീറ്റർ ചാരായവും 150 ലീറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

മൂന്നിലവ്, മേച്ചാൽ, പഴുക്കാക്കാനം മേഖലയിലെ ചാരായ വിൽപനക്കാരനായ പോൾ പ്രതിമാസം 100 ലീറ്ററോളം ചാരായം വിൽക്കുമായിരുന്നു. ഒരു ലീറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലീറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവച്ചിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. ഷാഡോ എക്‌സൈസ് സംഘാംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, കെ.വി.വിശാഖ്, നൗഫൽ കരിം എന്നിവരാണ് ഇല്ലിക്കൽക്കല്ലിൽ എത്തി പോളിനെ കസ്റ്റഡിയിലെടുത്തത്.

റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ള, പ്രിവന്റീവ് ഓഫിസർ ബിനീഷ് സുകുമാരൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എബി ചെറിയാൻ, കെ.ടി.അജിമോൻ, പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രിയ കെ.ദിവാകരൻ, എക്‌സൈസ് ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു.