ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണ്ണയം സിപിഎമ്മിൽ പൂർത്തിയാക്കി കഴിഞ്ഞു. മലപ്പുറത്തും ആലപ്പുഴയിലും പാലക്കാടും മഞ്ചേശ്വരത്തുമെല്ലാം സിപിഎമ്മിൽ അത് പ്രശ്‌നങ്ങളുമുണ്ടാക്കി. അപ്പോഴും സ്ഥാനാർത്ഥികൾ വ്യക്തം. എന്നാൽ കോൺഗ്രസിന് ഇനിയും ഏകദേശ ധാരണ പോലും സ്ഥാനാർത്ഥികളിൽ ആക്കാൻ കഴിയുന്നില്ല. 50 ശതമാനം സീറ്റുകളിൽ യുവാക്കൾക്ക് അവസരം നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ കോൺഗ്രസിൽ നടക്കുന്നത് പഴയ പടക്കുതിരകൾക്ക് വേണ്ടിയുള്ള തർക്കമാണ്.

കെ ബാബുവും പത്മജയും കെസി ജോസഫും ടോണി ചെമ്മണിയും ഒക്കെയല്ലാതെ ആരേയും ഉയർത്തി കാട്ടാൻ കഴിയാതെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥി ചർച്ചകളിൽ ഹൈക്കമാണ്ടിന് പ്രതിസന്ധിയാകുന്നു. സ്വന്തം സ്ഥാനാർത്ഥിയായി അടൂർ പ്രകാശും സിദ്ദഖിനായി ഉമ്മൻ ചാണ്ടിയും നിലയുറപ്പിക്കുന്നു. ഗ്രൂപ്പ് മാനേജർമാർക്ക് സീറ്റ് ഉറപ്പിക്കാനാണ് ഇതെല്ലാം. ഇങ്ങനെ നേതാക്കലുടെ വിവിധ വാശികളിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടാകുമോ എന്നത് ആർക്കും അറിയാത്ത കാര്യവും.

സ്വന്തം സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകൾക്കു വേഗം കൂട്ടി കോൺഗ്രസ് നേതൃത്വം മുമ്പോട്ട് പോകുമ്പോഴും എങ്ങും വ്യക്തതകൾ ഉണ്ടാകുന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ രാത്രി വൈകുവോളം ചർച്ച നടത്തിയെങ്കിലും അന്തിമ ധാരണ ഉരുത്തിരിഞ്ഞില്ല. ഗ്രൂപ്പ് പ്രതിനിധിയായി പട്ടികയിൽ ഇടം പിടിക്കാൻ ഒരു സംഘം ചരടുവലി നടത്തുമ്പോൾ ദേശീയ നേതൃത്വത്തിലുള്ള സ്വാധീനത്തിന്റെ ബലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനുള്ള നീക്കവും സജീവം. രാഹുൽ ഗാന്ധി അതിശക്തമായി തന്നെ ചർച്ചകളിൽ ഇടപെടുന്നുണ്ട്.

സ്ഥാനാർത്ഥി പട്ടികയിൽ പകുതിയോളം സീറ്റുകൾ യുവാക്കൾ, പുതുമുഖങ്ങൾ, വനിതകൾ എന്നിവർക്കു നൽകുമെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെ ആ വിഭാഗത്തിൽ സീറ്റ് പിടിക്കാനുള്ള ശ്രമവും തകൃതിയാണ്. പക്ഷേ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെല്ലാം പഴയ മുഖങ്ങൾക്കായാണ് വാദിക്കുന്നത്. എംഎൽഎമാർ വീണ്ടും മത്സരിക്കുന്നതിനോട് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ അനുകൂലമാണ്. കെസി ജോസഫിന് കാഞ്ഞിരപ്പള്ളിയും കിട്ടും. തൃപ്പൂണിത്തുറയിൽ കെ. ബാബുവിന്റെ പേര് എ ഗ്രൂപ്പ് മുന്നോട്ടു വച്ചു. നെതർലൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണിയുടെ പേരും ഉയർന്നെങ്കിലും സജീവ ചർച്ചയായിട്ടില്ല. ബാബുവിനും സീറ്റ് കിട്ടും. കൊച്ചിയിൽ ടോണി ചമ്മിണിയും.

തൃശൂരിൽ പത്മജ വേണുഗോപാലാണ് ഇവിടെ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെന്നു ടി.എൻ. പ്രതാപൻ എംപി സ്‌ക്രീനിങ് കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി. കൽപറ്റയിൽ ടി. സിദ്ദിഖിനാണ് മുൻതൂക്കം. ലോക്‌സഭാ സീറ്റ് രാഹുൽ ഗാന്ധിക്ക് വേണ്ടി സിദ്ദിഖ് വിട്ടുകൊടുത്തതാണ്. അതിനിടെ സീറ്റ് വേണമെന്ന ആവശ്യവുമായി കെ.സി. റോസക്കുട്ടി ഡൽഹിയിൽ എത്തി. എന്നാൽ ഉമ്മൻ ചാണ്ടി സിദ്ദിഖിന് വേണ്ടി നിലയുറപ്പിച്ചു. കോന്നിയിൽ റോബിൻ പീറ്ററിന്റെ പേര് സ്‌ക്രീനിങ് കമ്മിറ്റിയിൽ അടൂർ പ്രകാശ് എംപി ശുപാർശ ചെയ്തു. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ താൻ നിർദേശിച്ച റോബിനെ വെട്ടിയത് പാർട്ടിയുടെ തോൽവിക്കു വഴിവച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കോന്നിയിൽ റോബിനും സീറ്റ് കിട്ടും.

കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് പരിഗണിക്കുന്നത്. ബാലുശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടിയെ കേന്ദ്രീകരിച്ചു ചർച്ച സജീവം. നടനു തന്ന സീറ്റ് കിട്ടിയേക്കും. മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ, മാത്യു കുഴൽനാടൻ എന്നിവരാണ് പരിഗണിക്കുന്നത്. ഇതിൽ വാഴക്കന് വേണ്ടി ചെന്നിത്തല സജീവ ഇടപെടൽ നടത്തുന്നു. കുഴൽനാടന് ഹൈക്കമാണ്ട് പിന്തുണയുമുണ്ട്. കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ് സീറ്റ് ഉറപ്പിച്ചു.

എൻഎസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരെ പട്ടികയിലേക്കു ശുപാർശ ചെയ്ത് എൻഎസ്യു ദേശീയ നേതൃത്വം ഹൈക്കമാൻഡിനു കത്തു നൽകി. സ്ഥാനാർത്ഥി നിർണയത്തിനു പൊതു മാനദണ്ഡം നിശ്ചയിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.വി. തോമസ് ആവശ്യപ്പെട്ടു. 70 വയസ്സ് പിന്നിട്ടവർ, 5 വട്ടം തുടർച്ചയായി ജയിച്ചവർ എന്നിവർക്കു സീറ്റ് നൽകരുതെന്നാണ്് ആവശ്യം. ഇതിൽ ഉമ്മൻ ചാണ്ടിക്കു മാത്രം ഇളവ് നൽകണം എന്ന നിർദ്ദേശവും പരിഗണനയിലാണ്.