തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. വ്യോമസേനയിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് നൂറ്റൻപതിലേറെപ്പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയ യുവാവാണ് അറസ്റ്റിലായത്. 'എയർ ഫോഴ്‌സ് അരുൺ' എന്ന പേരിൽ വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു പതിവാക്കിയ കൊട്ടാരക്കര സ്വദേശി അരുൺ ചന്ദ്രൻ പിള്ളയെ (34) ആണു കൊടകര ഇൻസ്‌പെക്ടർ ബേസിൽ തോമസും സംഘവും പിടികൂടിയത്. അരുണിന്റെ സഹായി കൊടകര പന്തല്ലൂർ കടവിൽ അനിതയെയും അറസ്റ്റ് ചെയ്തു.

എയർ ഫോഴ്‌സ് അരുൺ എന്ന് പരിചയപ്പെടുത്തി സംസ്ഥാനത്തകത്തും പുറത്തുമായാണ് തട്ടിപ്പ് നടത്തിയത്. പണം നൽകിയവർ ജോലി ലഭിക്കാതായതോടെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് വൻ തട്ടിപ്പ് പുറത്തായത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്നായപ്പോൾ ഒളിവിൽ പോയി. കർണാടകയിലെ ഹൊസൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

ഇയാൾ തമിഴ്‌നാട് താംബരത്തെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ കുറച്ചുനാൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. ഈ കാലത്തു ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ മറവിലായിരുന്നു തട്ടിപ്പുകൾ. സംസ്ഥാനത്തിനകത്തും പുറത്തും വ്യോമസേനയിൽ ജോലി വാഗ്ദാനം നൽകി പണം കൈക്കലാക്കിയതിനു പുറമെ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തിൽ വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തി.

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം സ്വദേശികളാണു കബളിപ്പിക്കതിലേറെയും. സംസ്ഥാനത്തിന് പുറത്തും നിരവധി പേർ അരുണിന്റെ തട്ടിപ്പിനിരയായി. പൊലീസ് ഇതേ കുറിച്ച് കൂടുതലായി അന്വേഷിച്ചു വരികയാണ്. കളമശേരിയിലും സമീപ പ്രദേശങ്ങളിലും വീടു വാടകയ്‌ക്കെടുത്തായിരുന്നു റിക്രൂട്‌മെന്റ് ഇടപാടുകൾ.

ഈ പണമുപയോഗിച്ചു ഹൊസൂരിൽ കുടുംബസമേതം ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ച് അരുൺ കാറുകളും മൊബൈൽ ഫോണുകളും വാങ്ങിയതായും കണ്ടെത്തി. തട്ടിപ്പിന് അരുൺ മറയാക്കിയ തിരിച്ചറിയൽ കാർഡ് പൊലീസ് കണ്ടെടുത്തു.