- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ദിനമല്ലേ, ഒരു ഷൂ ഫ്രീയായി തന്നോട്ടേ? അഡിഡാസിൽ നിന്നും ഇങ്ങനെയൊരു ഓഫർ വന്നാൽ വേണ്ടെന്നു വയ്ക്കണോ? വനിതാ ദിനം ആഘോഷമാക്കാൻ വൻ സൗജന്യങ്ങളുമായി ആമസോൺ മുതൽ ടാറ്റ വരെ
ലണ്ടൻ: വനിതാ ദിനമല്ലേ, എല്ലാവർക്കും സന്തോഷമായിക്കോട്ടെ എന്ന് മൾട്ടി മില്യൺ ആസ്തിയുള്ള കമ്പനികൾ കരുതിയാൽ അതിൽ തെറ്റുണ്ടോ? എന്നാൽ പിന്നെ ഞങ്ങളുടെ ഓഫർ കണ്ടു പിന്നാലെ വരുന്നവർക്കൊക്കൊക്കെ ഒരു ജോഡി പുത്തൻ ഷൂ തന്നെ നൽകിയേക്കാം എന്നാണ് ലോക പ്രശസ്ത ഷൂ വില്പനക്കാരായ അഡിഡാസ് ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു തീരുമാനിച്ചത്. കൂട്ടത്തിൽ പറയണമല്ലോ, ഓഫർ മലയാളികൾക്ക് മാത്രം എത്താൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നും പറയേണ്ടി വരും. കാരണം ലോകത്തു ഇത്രയധികം മനുഷ്യർ ഉണ്ടായിട്ടും ഈ ഓഫർ കണ്ടതും അതിനായി ശ്രമിച്ചതും കൂടുതലും മലയാളികൾ തന്നെയാണ് പറഞ്ഞു വരുന്നത്, ഓഫർ എന്ന് കേട്ടാൽ ചാടി വീഴുന്ന മലയാളി മനഃശാസ്ത്രം നന്നായി മനസിലാക്കിയ സൈബർ കുറ്റവാളികൾ അതി വിദഗ്ധമായി തയാറാക്കിയ ലോക വനിതാ ദിന സ്‌പെഷ്യൽ തട്ടിപ്പിനെ കുറിച്ചാണ്.
മാർച്ച് എട്ട് ലോക വനിതാ ദിനമായി ആഘോഷിക്കുമ്പോൾ തങ്ങളായിട്ടു എന്തിനു അടങ്ങിയിരിക്കണം എന്നാലോചിച്ച സൈബർ കുറ്റവാളികൾ ഒറ്റ ദിവസം കൊണ്ട് മില്യൺ കണക്കിന് പൗണ്ട് സമ്പാദിച്ചിരിക്കണം. കാരണം ലോക വനിതാ ദിനം സ്‌പെഷ്യൽ ഓഫർ നൽകി തങ്ങൾ ആഘോഷിക്കുകയാണ് എന്ന് ലോക വമ്പൻ സ്ഥാപനങ്ങൾ പറയുമ്പോൾ അതിൽ പാവം മലയാളികൾ ഒട്ടും സംശയിക്കില്ല. കയ്യിൽ വരുന്ന ഏതു മെസേജുകളും തുറന്നു നോക്കുന്ന ശീലമുള്ള മലയാളികൾ കഴിഞ്ഞ രണ്ടു ദിവസമായി കയ്യിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഇത്തരം മെസേജുകൾ തുറന്നു നോക്കിയിരിക്കും എന്നുറപ്പാണ്, മിക്കവാറും കട കാലിയാക്കൽ പരസ്യം പോലെ എത്തുന്ന തട്ടിപ്പ് പരസ്യത്തിൽ പറയുന്നിടത്തൊക്കെ ഞെക്കി ഞെക്കി സ്വന്തം ബാങ്ക് കാലിയായത് പലരും വൈകിയേ അറിയാനിടയുള്ളൂ.
മുൻ കാലങ്ങളിൽ ഇതൊക്കെ സൈബർ കുറ്റങ്ങളെ കുറിച്ച് കേട്ടറിവില്ലാത്ത മുതിർന്ന തലമുറയിൽ പെട്ടവരെ പറ്റിക്കാൻ ഉള്ള മാർഗം ആയിരുന്നെങ്കിൽ ഇപ്പോൾ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ പോലും ഇത്തരം മെസേജുകൾ ഷെയർ ചെയ്യാൻ ആളുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. തട്ടിപ്പാണ് എന്ന് അറിയാതെ ആയിരിക്കണം ഇത്തരം സന്ദേശങ്ങൾ അയക്കുന്നവർ ചെയ്തിരികുക, എന്നാൽ ചെറുപ്പക്കാർ പോലും ഇത്തരം വ്യാജ സന്ദേശങ്ങളുടെ പ്രചാര വാഹകർ ആകുമ്പോൾ മനഃപൂർവം മറ്റുള്ളവരെ പറ്റിക്കുക എന്ന രസം പിടിച്ച പരിപാടിക്കു കളം ഒരുക്കുക ആണോ എന്നും സംശയിക്കണം. കാരണം ഒരു ഗ്രൂപ്പിൽ ഇത്തരം പരസ്യങ്ങൾ വിശ്വസിക്കരുത് എന്ന് ഫാക്ട് ചെക് ചെയ്തു മറുപടി നൽകി അല്പം കഴിഞ്ഞു നോക്കുമ്പോൾ ആദ്യം മെസേജ് ചെയ്ത വ്യക്തി തന്നെ മറ്റു പല ഗ്രൂപ്പിലും ഇതേ സന്ദേശവുമായി എത്തുന്നത് എന്ത് മാനസിക നിലയിലാണ് എന്നത് സംശയിക്കേണ്ടി വരും .
യുകെയിൽ അഡിഡാസ്, ആമസോൺ എന്നീ മൾട്ടി നാഷണൽ കമ്പനികളെയാണ് തട്ടിപ്പുകാർ ആശ്രയിച്ചതെങ്കിൽ കേരളത്തിൽ ടാറ്റയെയാണ് തട്ടിപ്പുകാർ കൂട്ടുപിടിച്ചത്. ഒരു പ്രത്യേക ദിവസം ലോകത്തെ പ്രധാന ബ്രാൻഡുകളെ ഒന്നിച്ചു കൂട്ടുപിടിച്ചു ആസൂത്രിതമായി ലോകമെങ്ങും എത്തക്കത്ത വിധം സൈബർ തട്ടിപ്പു അരങ്ങേറുന്നത് അപൂർവമാണ്. ഇതോടെ അടുത്ത ഞായറാഴ്ച എത്തുന്ന മാതൃ ദിനത്തിനും ഇതേ തട്ടിപ്പു ഫോർമുല പുറത്തു വരാൻ സാധ്യത ഏറെയാണ്. കോവിഡ് കാലഘട്ടത്തിൽ തട്ടിപ്പുകാർക്കും കാര്യമായ വരുമാന നഷ്ടം ഉണ്ടായിരിക്കാം എന്നതിലേക്ക് കൂടി വിരൽചൂണ്ടുകയാണ് ലോകമെങ്ങും ഒരേ ദിവസം ആസൂത്രണം ചെയ്യുന്ന ഇത്തരം സൈബർ തട്ടിപ്പുകൾ.
എന്നാൽ ഏതു തട്ടിപ്പിലും എന്നത് പോലെ ഒറ്റനോട്ടത്തിൽ തന്നെ തട്ടിപ്പാണ് എന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരബദ്ധം യുകെയിൽ പ്രചരിച്ച അഡിഡാസ് ഓൺലൈൻ ലിങ്കിലും വ്യക്തമായിരുന്നു. ഇംഗ്ലീഷിൽ എഴുതുമ്പോൾ അഡിഡാസ് എന്ന പേരിനു ഒരൊറ്റ എസ് അക്ഷരമാണ് ഉപയോഗിക്കുക . എന്നാൽ തട്ടിപ്പുകാർ രണ്ടു തവണയാണ് എസ് എന്ന അക്ഷരം ഉപയോഗിച്ചത് . ഇതോടെ കൂടുതൽ ഫാക്റ്റ് ചെക്ക് ചെയ്യാതെ തന്നെ തട്ടിപ്പു കണ്ടെത്താൻ സോഷ്യൽ മീഡിയ പതിവായി ഉപയോഗിക്കുന്ന മിക്കവർക്കും സാധിക്കുകയും ചെയ്തു. എന്നാൽ എല്ലായ്‌പ്പോഴും പറ്റിക്കപ്പെടാൻ വിധിക്കപെട്ട ഏതാനും പേർക്ക് ഇത്തവണയും അബദ്ധം പിണഞ്ഞിട്ടുണ്ട്. ലിങ്ക് കിട്ടിയ പാടെ ക്ലിക് ചെയ്തവർക്കാണ് തട്ടിപ്പുകാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു ഓൺലൈൻ പ്രവേശന വാതിൽ തുറന്നിട്ട് കൊടുത്തിരിക്കുന്നത്. അബദ്ധം പറ്റിയ പലരും കയ്യോടെ ബാങ്കിൽ വിളിച്ചു പരാതി നൽകി ആവശ്യമായ മുൻകരുതൽ എടുത്തതായും സൂചനയുണ്ട് .
അഡിഡാസിനൊപ്പം ആമസോൺ, ടാറ്റ എന്നിവയുടെ പേരുകളും ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഓഫർ കെണിയിൽ അബദ്ധത്തിൽ വീണവർ അടിയന്തിരമായി ബാങ്കിൽ വിവരം അറിയിക്കണമെന്ന് ആക്ഷൻ ഫ്രോഡ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം മെസേജുകൾ കാണുന്നവർ മറ്റുളവരിലേക്കു എത്തിക്കാതിരിക്കാനുള്ള സാമൂഹിക ബാധ്യതയാണ് പുലർത്തേണ്ടത് എന്നും സൈബർ സുരക്ഷാ ഏജൻസികൾ ഓർമ്മിപ്പിക്കുന്നു. പക്ഷെ വാട്സാപ്പ് തുറന്നു ആദ്യം കാണുന്ന മെസേജുകൾ ആദ്യം കാണുന്ന ഗ്രൂപ്പുകളിലേക്കു തട്ടി നിർവൃതി കൊള്ളുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് കൂടി തെളിയിച്ചാണ് വനിതാ ദിനം കടന്നു പോയത്. കാത്തിരിക്കാം , 'അമ്മ ദിനത്തിൽ എന്ത് തട്ടിപ്പാണ് മലയാളിയെ തേടി എത്തുകയെന്നും .
മറുനാടന് മലയാളി ബ്യൂറോ