- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് ഡയാനക്കു സംഭവിച്ചത് ഇന്ന് മെഗാനെ കാത്തിരിക്കുന്നുവോ? ഇരുവർക്കും നേരിടേണ്ടി വന്നത് സമാന സാഹചര്യങ്ങൾ; മേഗൻ തുറന്നുവിട്ട അദൃശ്യ ഭൂതം ഓർമ്മിപ്പിക്കുന്നത് ഡയാനയുടെ അന്തപ്പുരകഥകൾ നിറഞ്ഞ പഴയ കാലത്തെ
ലണ്ടൻ: ധീരതയുടെ മുഖമായി ബ്രിട്ടീഷ് രാജകൊട്ടാരത്തിലേക്കു കടന്നു വന്നു, പലതരം കീഴ് വഴക്കങ്ങളെയും ചോദ്യം ചെയ്തു കൊട്ടാരത്തിന്റെ കണ്ണിലെ കരടായി മാറിയ ഡയാന രാജകുമാരിക്ക് നേരിട്ട അതേ ദുരനുഭവങ്ങൾ തന്നെയാണ് ഹാരിയുടെ വധു മെഗനെ കാത്തിരുന്നതെന്നും നിരീക്ഷകർ കണ്ടെത്തുന്നു.
കൊട്ടാരത്തിന്റെ അടച്ചിട്ട നിയമ സംഹിതകളിൽ നിന്നും സ്വാതന്ത്രം തേടി പറക്കാനൊരുങ്ങിയതാണ് ഇരുവർക്കും വിനയായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പൊതു നിഗമനം. ഇരു സ്ത്രീകൾക്കും കാരണങ്ങളിൽ വ്യത്യസ്തത ഉണ്ടെങ്കിലും നേരിടേണ്ടി വന്ന ദുരനുഭവം സമാനമാണ് എന്നും പലരും കരുതുന്നു.
സ്വന്തം കുഞ്ഞിന്റെ നിറം എന്തായിരിക്കും എന്ന അടക്കം പറച്ചിലുകൾ കേട്ട് ജീവിതം തന്നെ അവസാനിപ്പിക്കാൻ പോലും ചിന്തിച്ചിരുന്നു എന്ന മെഗന്റെ വെളിപ്പെടുത്തലുകൾ ഇനി ഏറെക്കാലത്തേക്കു കൊട്ടാരത്തിന്റെ ഉറക്കം കെടുത്താനുള്ളതാണെന്ന് ഓർമ്മപ്പെടുത്തി മാധ്യമ യുദ്ധവും തുടങ്ങിക്കഴിഞ്ഞു .
വെറും കാൽ നൂറ്റാണ്ടിൽ ചരിത്രം മടങ്ങിയെത്തുന്നു
വെറും 25 വർഷത്തെ ഇടവേളയ്ക്കു ശേഷം കൊട്ടാരത്തിൽ ചരിത്രം വീണ്ടും വിരുന്നെത്തുന്നു എന്നതാണ് പ്രധാന കൗതുകം. കൊട്ടാരത്തിൽ വന്നു കയറിയ മരുമക്കളിൽ രണ്ടു പേർക്കും കൊട്ടാരത്തിന്റെ ശീലങ്ങളോട് പൊരുത്തപെടാനാവുന്നില്ല എന്നിടത്താണ് ഡയാനയും മേഗനും തമ്മിലുള്ള ഇഴപിരിക്കാനാകാത്ത കണ്ണികൾ ചേർന്നുപോകുന്നത്. ചിത്രങ്ങളിൽ പോലും ഇരുവർക്കും സമാനതകൾ കണ്ടെത്തുകയാണ് വിദഗ്ദ്ധർ. ഇപ്പോൾ മേഗൻ അമേരിക്കൻ ടെലിവിഷൻ അവതാരിക ഓപ്ര വിൻഫ്രിക്ക് നൽകിയതുപോലെയൊരു അവസരം 1995 ൽ ഡയാനയും തന്റെ ജീവിതത്തിൽ സൃഷ്ടിച്ചിരുന്നു. ആ സംഭവത്തിന് ശേഷം ഡയാന കൂടുതൽ വെളിപ്പെടുത്തൽ നടത്തരുതെന്ന ആഗ്രഹത്തോടെ കൊട്ടാരത്തിന്റെ കണ്ണുകൾ അവർക്കു പിന്നാലെ ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
എന്തായാലും ഇന്നും സത്യം വെളിപ്പെടാത്ത ഒരപകട മരണത്തെ തുടർന്നു രണ്ടു വർഷത്തിന് ശേഷം ഡയാന ഓർമ്മയാകുകയും ചെയ്തു. ഇതെലാം നല്ലതുപോലെ ഓർമ്മയിൽ ഉണ്ടായിരുന്നതി നാലാകണം കിട്ടിയ അവസരത്തിൽ തന്നെ ഹാരി മെഗാനുമൊത്തു കൊട്ടാരം വിട്ടിറങ്ങിയതെന്നും സംഭാവനകൾ ഇഴകീറി പരിശോധിക്കുന്ന എഴുത്തുകാരും അഭിപ്രായപ്പെടുന്നു. ഡയാനയെ കുറ്റപ്പെടുത്താൻ മുന്നിൽ നിന്നവരെല്ലാം ഡയാനയെക്കാൾ തെറ്റുകാരായിരുന്നു എന്നാണ് ചരിത്രം ചികയുന്നവർ ഇപ്പോൾ പറയുന്നത്. ഒരു വിപ്ലവകാരിയെ കൊട്ടാരത്തിൽ മനഃപൂർവം സൃഷ്ടിച്ചെടുക്കുക ആയിരുന്നു എന്ന അഭിപ്രായം ഉള്ളവരും കുറവല്ല. ഇപ്പോൾ ഏകദേശം മെഗാന്റെ കാര്യത്തിൽ സംഭവിച്ചതും മറ്റൊന്നല്ല.
അമ്മയും ഭാര്യയും ഒരുപോലെ, വേട്ടയാടപ്പെട്ട കൊച്ചുമനസ്
അമ്മയുടെ മരണ ശേഷം പലപ്പോഴും കൊച്ചു മനസിനെ വേട്ടയാടുന്ന ഓർമ്മകൾ മുതിർന്ന ശേഷവും ഹാരി വെളിപ്പെടുത്തിയിരുന്നു. അക്കാര്യങ്ങളിൽ ചിലതൊക്കെ ഞായറാഴ്ച അഭിമുഖത്തിലും ഹാരി ആവർത്തിച്ചു. അമ്മയെയും ഭാര്യയയെയും അവർ നേരിട്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ തുലനം ചെയ്യാനും ഹാരി തയാറായി എന്നത് ശ്രദ്ധേയമാണ്.
ഇപ്പോൾ സംഭവിക്കുന്നതൊക്കെ ഓർത്തെടുക്കുമ്പോൾ എവിടെയോ അമ്മയുടെ അദൃശ്യ സാന്നിധ്യം തനിക്കുള്ളത് പോലെ തോന്നുകയാണ് എന്നും ഹാരി പറയുന്നുണ്ട്. 'അമ്മ മരിക്കുമ്പോൾ 12 വയസു മാത്രമായുണ്ടായിരുന്ന മകന്, ആ സ്‌നേഹം കൊതിതീരും വരെ ലഭിക്കാതെ പോയതിന്റെ സങ്കടം ഇന്നും മാറിയിട്ടില്ല , 35 വയസിലും. കൊട്ടാരത്തിൽ പലപ്പോഴും ചരിത്രം ഒരേ വിധം ആവർത്തിക്കപ്പെട്ടിട്ടുള്ള കഥകൾ മുത്തശ്ശിമാർ വഴിയും മുതിർന്നവർ വഴിയും കേട്ടിട്ടുള്ള ഹാരി അക്കഥകൾ തന്റെ ജീവിതത്തിൽ ആവർത്തിക്കാതിരിക്കാൻ വീട് വിട്ടുറങ്ങുക ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. 'അമ്മ നഷ്ടമായ മകന് ഒടുവിൽ ഭാര്യയും നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഹാരിയുടെ മനസ് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടാകാം .
''എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ..?''
പലതലത്തിൽ നിന്നും എതിർക്കപ്പെടാൻ കഴിയാത്ത വിധം ആരോപണങ്ങളും പരിഹാസവും തന്റെ ഭാര്യയുടെ നേർക്ക് ഉണ്ടായത് തിരിച്ചറിഞ്ഞ ഹാരി അമ്മയുടെ അതെ അനുഭവം ഭാര്യയ്ക്കും സംഭവിക്കുകയാണ് എന്ന തിരിച്ചറിവിലാണ് രാജകീയ പദവികൾ വെടിയുന്നത്. ഒരു പക്ഷെ 'അമ്മ വേദനയനുഭിക്കുമ്പോൾ തന്റെ പിതാവ് ആയ ചാൾസ് അതൊന്നും കണ്ടില്ലെന്നു നടിച്ചതു കൂടിയാകാം അപരിഹാര്യമായ ദുരന്തത്തിലേക്ക് എത്തിച്ചത് എന്നും ഹാരി നിരീക്ഷിച്ചിരിക്കാം. ഇതോടെ ചരിത്രം തങ്ങൾക്കു പിന്നാലെ കൂടിയിരിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞു എന്നുമാണ് ഹാരി വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യത പോലും നഷ്ടമാക്കുന്ന തരത്തിൽ മെഗാനെ കുറിച്ചുള്ള നിറമുള്ള കഥകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതു പാപ്പരാസികൾ അമ്മയെ വേട്ടയാടിയതു ഓർമ്മിപ്പിക്കും വിധമായിരുന്നു.
കൊട്ടാരത്തിൽ കുറ്റപ്പെടുത്തലുകളും തുറിച്ചുനോട്ടങ്ങളും അല്ലാതെ നല്ലതൊന്നും ഓർമ്മിക്കാനില്ല എന്നാണ് ഇപ്പോൾ മേഗൻ ഓർത്തെടുക്കുന്നത്. ഇതിൽ കൂടുതൽ ഡയാന അനുഭവിച്ചിരിക്കണം എന്നും മേഗൻ പറയാൻ ആഗ്രഹിക്കുന്നുണ്ട്. കുടുംബ അംഗങ്ങൾ കൂടെ നിൽക്കണം എന്നാഗ്രഹിച്ച ഓരോ നിമിഷത്തിലും അത് ലഭിച്ചില്ല. ഇതുതന്നെയാണ് ഡയാനക്കും സംഭവിച്ചത്. എവിടെയും തെറ്റുകൾ കണ്ടെത്താനുള്ള വ്യഗ്രതയാണ് കൊട്ടാരത്തിലെ ഓരോ മുഖങ്ങളിലും നിറഞ്ഞതു. ''എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ? '', പലവട്ടം തങ്ങൾ ഇക്കാര്യങ്ങൾ പരസ്പരം ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും ഇരുവരും പറയുന്നു .മെഗാന്റെ തല താണിരിക്കുന്നത് കാണാൻ കൊട്ടാരത്തിൽ പലരും ആഗ്രഹിച്ചിരുന്നു എന്നാണ് ഹാരി പറഞ്ഞുവയ്ക്കുന്നത്.
നേരിടേണ്ടി വന്നത് ഒരേ സാഹചര്യങ്ങൾ
ഡയാനയും മേഗനും കൊട്ടാരത്തിൽ എത്തിയ സാഹചര്യങ്ങളും കൊട്ടാര ചിട്ടകൾ പഠിച്ചെടുക്കാനുള്ള സാവകാശം പോലും ഇരുവർക്കും ലഭിച്ചില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഇരുവർക്കുമിടയിലുള്ള സമാനതകളിൽ ഒന്ന്. ഇരുവർക്കും ലഭിച്ച ജനശ്രദ്ധയും മാധ്യമശ്രദ്ധയും ഇരുവരെ ടാബ്ലോയ്ഡുകളുടെ നിറം പിടിപ്പിച്ച കഥകളിൽ എത്തിച്ചു. അല്പം നിറം കൂട്ടി നല്കാൻ മാധ്യമങ്ങൾ മത്സരിക്കുക ആയിരുന്നു എന്ന ആരോപണവും ഉയരുകയാണ്.
ഡയാന തനി വെള്ളക്കാരി ആയതും മേഗൻ മിശ്ര വംശക്കാരിയായതും ഒക്കെ പലതരത്തിലാണ് ടാബ്ലോയ്ഡുകൾ ആഘോഷിച്ചത്. അതേസമയം വെറും 20 വയസ്സിന്റെ കൗതുകത്തിലാണ് ഡയാന കൊട്ടാരത്തിലേക്കു എത്തുന്നത്. എന്തിനും ഏതിനും ഒരു കൈ സഹായത്തിനു ആളെ വേണ്ടിവരുന്ന ആശ്രിതത്വം ഡയാന പലപ്പോഴും കാട്ടിയിരുന്നു. എന്നാൽ 36 വയസ്സിന്റെ പക്വതയുമായാണ് മേഗൻ കൊട്ടാരപ്പടികൾ കയറുന്നത്. സ്വന്തം വ്യക്തിത്വത്തം സൂക്ഷിക്കുന്നതിലും ആരെയും പരിധി വിട്ടു ആശ്രയിക്കാതിരിക്കാനും അവർ ശ്രദ്ധിച്ചു.ഉയർന്ന ജോലി ചെയ്ത അനുഭവവും ഒരിക്കൽ വിവാഹ മോചനം നേടിയ സാഹചര്യവും ഒക്കെ മെഗാനെ ഡയാനയെക്കാൾ ധീരയാകാൻ സഹായിച്ചിരിക്കാം എന്നും വിലയിരുത്തപ്പെടുകയാണ്. ഈ രണ്ടു ഘടകങ്ങളും രണ്ടു തരത്തിൽ ഇരുവരെയും പ്രയാസപ്പെടുത്താൻ കാരണമായി എന്നാണ് കരുതപ്പെടുന്നത്.
ഡയാന അണിഞ്ഞിരുന്ന പ്രിയപ്പെട്ട കൈവള അണിഞ്ഞാണ് ഞായറാഴ്ച അഭിമുഖത്തിൽ മേഗൻ പ്രത്യക്ഷപ്പെട്ടത് എന്നത് മറ്റൊരു പ്രത്യേകത. ഡയാനയുടെ പ്രിയപ്പെട്ട വജ്ര വിവാഹ മോതിരം ഇപ്പോൾ വില്യമിന്റെ പത്‌നി കെയ്റ്റിന്റെ കൈകളിലാണ്. ഡയാന 1995 ൽ ബിബിസിക്കു മുന്നിൽ അഭിമുഖത്തിന് എത്തുമ്പോൾ പ്രധാനമായും തന്റെ ആടിയുലയുന്ന വിവാഹബന്ധത്തെക്കുറിച്ചാണ് പറയാൻ ഉണ്ടായിരുന്നത്. താനും ചാൾസും കാമിലയും അടങ്ങുന്ന ത്രികക്ഷി ബന്ധത്തിന്റെ സങ്കീർണതകളാണ് അവർ ലോകത്തോട് പങ്കുവച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഹാരിയും മേഗനും ടിവിക്കു മുന്നിൽ എത്തിയപ്പോൾ 'അമ്മ ഉണ്ടായിരുന്നെകിൽ തങ്ങളെ പിന്തുണയ്ക്കുമായിരുന്നു എന്നാണ് വ്യക്തമാക്കിയത്.
അപ്പനും മകനും തമ്മിൽ മിണ്ടാനാകാത്ത വിധം അകൽച്ചയിൽ
തങ്ങൾ സന്തോഷമായി ജീവിക്കുന്നത് മാത്രമേ തങ്ങളുടെ 'അമ്മ ആഗ്രഹിക്കൂ എന്ന് തനിക്കു ഉറപ്പാണെന്നും ഹാരി പറയുമ്പോൾ ആ വാക്കുകളിൽ നിറയുന്ന കുന്തമുന സ്വന്തം പിതാവും രണ്ടാനമ്മയും അടക്കമുള്ളവർക്ക് നേരെയാണ് നീളുന്നത് എന്നും വ്യക്തം.
തന്റെ അമ്മയുടെ വേദനക്ക് കാരണക്കാരനായ പിതാവ് താൻ വിവാഹിതനായ ശേഷം തന്റെ ഭാര്യയുടെ പേരിൽ തന്നോട് അതൃപ്തി പ്രകടിപ്പിച്ച സംഭവവും ഹാരി തുറന്നു പറഞ്ഞതിലൂടെ കാരണങ്ങൾ കുറേക്കൂടി പുറംലോകത്തിനു വ്യക്തമാകുകയാണ് ഒരു ഘട്ടത്തിൽ തന്റെ ഫോൺ കോളുകൾ പോലും എടുക്കാനാകാത്ത വിധം അപ്പനും മകനും അകന്നതായും ഹാരി തുറന്നടിക്കുന്നു. തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും പ്രയാസവും ഒക്കെ കുറെയൊക്കെ അദ്ദേഹത്തിന് മനസിലാകുമായിരിക്കും. പ്രത്യേകിച്ചും തന്റെ മകൻ ആർച്ചിക്കു നഷ്ടമാകുന്ന സ്‌നേഹ സാഫല്യവും ഒക്കെ അദ്ദേഹം തിരിച്ചറിയുമായിരിക്കും.
എന്തൊക്കെ മാനസിക പ്രയാസം ഇരുവർക്കും ഇടയിൽ ഉണ്ടെങ്കിലും താൻ ഇപ്പോഴും പിതാവിനെ സ്‌നേഹിക്കുന്നു എന്നും ഹാരി കൂട്ടിച്ചേർക്കുന്നു. തനിക്കു നഷ്ടമായ ബാല്യകാല സൗഭാഗ്യങ്ങൾ തന്റെ മകന് നൽകുക എന്ന ഒരൊറ്റ ആഗ്രഹമേ കാലിഫോർണിയയിൽ ജീവിക്കുമ്പോൾ അവശേഷിക്കുന്നുള്ളൂ എന്നും ഹാരി പറഞ്ഞവസാനിപ്പിക്കുന്നു.
വലിയ താരാരാധന ലഭിക്കുന്ന കൊട്ടാര അംഗങ്ങളുടെ തനിനിറം അത്ര നല്ലതല്ലെന്ന തുറന്നു പറച്ചിൽ മേഗൻ നടത്തിയപ്പോൾ ഇടിമുഴക്കമായാണ് ഓരോ വാക്കും കൊട്ടാരത്തിൽ പതിച്ചിരിക്കുക എന്നും വ്യക്തം .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.