- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സി.പി ജോണിന് സീറ്റില്ല; കാപ്പന്റെ പാർട്ടിക്ക് ഒരു സീറ്റ് കൂടി; വടകര ആർഎംപിക്ക്; തൃക്കരിപ്പൂർ അടക്കം പത്ത് സീറ്റുകൾ ജോസഫിന്; പട്ടാമ്പിക്ക് പകരം കൊങ്ങാട് നൽകി 27ൽ ഉറപ്പിച്ച് ലീഗ്; കൂട്ടിയിട്ടും കുറച്ചിട്ടും 91 സീറ്റോടെ സിപിഎമ്മിനേക്കാൾ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് കൊടുംപിരികൊള്ളവേ യുഡിഎഫ് സീറ്റ് വിഭജനം അന്തിമ ധാരണയിലേക്ക്. കടുംപിടുത്തം നടത്തിയും ചില ഇടങ്ങളിൽ വിട്ടു വീഴ്ച ചെയ്തുമാണ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും. കൂട്ടിയിട്ടും കുറച്ചിട്ടും 91 സീറ്റോടെ സിപിഎമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചാണ് യുഡിഎഫ് വെല്ലുവിളി. മുസ്ലിം ലീഗ് 27 സീറ്റിലും കേരള കോൺഗ്രസ് (ജോസഫ്) 10 സീറ്റിലും മത്സരിക്കും.
സിഎംപിക്ക് ഒരു സീറ്റ് ലഭിച്ചെങ്കിലും സി.പി ജോണിന് ആ സീറ്റ് കിട്ടിയില്ല. നെന്മാറയിൽ ലഭിച്ച സീറ്റിൽ ജോണിനെ വെട്ടി സി.എൻ. വിജയകൃഷ്ണൻ മത്സരിക്കും. സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി,കോഴിക്കോട് എംവിആർ കാൻസർ സെന്റർ ചെയർമാൻ എന്നി നിലകളിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. സി.പി. ജോണിനു വേണ്ടി ഒരു സീറ്റ് കൂടി സിഎംപി ആവശ്യപ്പെട്ടുവെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
വടകരയിൽ ആർഎംപി മത്സരിക്കും. യുഡിഎഫിന്റെ ഭാഗമല്ലാത്ത ആർഎംപിക്ക് അവരുടെ തട്ടകമായ വടകര സീറ്റ് നൽകുക ആയിരുന്നു. അതേസമയം വടകര സീറ്റ് ആർഎംപിക്കു നൽകാൻ യുഡിഎഫിൽ ധാരണയായെങ്കിലും സ്ഥാനാർത്ഥി ആരെന്നത് ഉറപ്പായില്ല. വേണുവോ രമയോ എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയിലെ ചർച്ചകളെങ്കിലും കെ.കെ.രമയെ മത്സരിപ്പിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടുത്തെ കാര്യം ചർച്ചയിലൂടെ പരിഹരിക്കാനാണ് തീരുമാനം.
27 സീറ്റ് ലഭിച്ച മുസ്ലിം ലീഗ് കൂത്തുപറമ്പിനും പേരാമ്പ്രയ്ക്കും പുറമേ കോങ്ങാട് കൂടി അധികമായി മത്സരിക്കും. മൂന്നാമത്തെ അധിക സീറ്റായി ലീഗ് പട്ടാമ്പി ചോദിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. കുന്നമംഗലം തിരിച്ചെടുത്ത ലീഗ് ബാലുശ്ശേരി കോൺഗ്രസിനു നൽകി. ജോസഫ് ഗ്രൂപ്പിന് പത്താമത്തെ സീറ്റായി കാസർകോട്ടെ തൃക്കരിപ്പൂർ ലഭിച്ചു. ആർഎസ്‌പിക്ക് കയ്പമംഗലത്തിനു പകരം കണ്ണൂരിലെ മട്ടന്നൂർ ലഭിച്ചു. ആകെ 5 സീറ്റ്. എൻസികെയ്ക്ക് 2 സീറ്റ്.
കേരള കോൺഗ്രസ് (ജേക്കബ്), ഫോർവേഡ് ബ്ലോക്, ഭാരതീയ നാഷനൽ ജനതാദൾ എന്നിവയ്ക്ക് ഓരോ സീറ്റ് വീതം ലഭിക്കും. ഫോർവേഡ് ബ്ലോക് നേതാവ് ജി.ദേവരാജനോട് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. യുഡിഎഫിലും സമാനമായ അഭിപ്രായം ഉയർന്നിട്ടുണ്ടെന്നാണ് സൂചന. റൂറൽ ബാങ്ക് മാനേജരായ രമ മത്സരിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ പിറവത്തു നിന്നും അനൂപ് ജേക്കബ് (സിറ്റിങ് എംഎൽഎ) മത്സരിക്കും.