- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീതാ ഗോപി മതിയെന്ന് സംസ്ഥാന നേതൃത്വം; മുകുന്ദനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വവും; ഒന്നും അങ്ങോട്ട് ഉറപ്പിക്കാനാവാതെ സിപിഐ: നാട്ടികയിലെ ശീത സമരം തുടരുന്നു
തൃശൂർ: സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും വ്യത്യസ്ത അഭിപ്രായംഉടലെടുത്തതെ നാട്ടികയിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനാവാതെ സിപിഐ. നാട്ടികയിൽ നിന്നും രണ്ട് തവണ മത്സരിച്ച് വിജയിച്ച ഗീതാ ഗോപി സംസ്ഥാന നേതൃത്വത്തിന് പ്രിയപ്പെട്ടവളായപ്പോൾ സി.സി മുകുന്ദനെ മത്സരിപ്പിക്കണമെന്ന് കടുംപിടുത്തം പിടിക്കുകയാണ് ജില്ലാ നേതൃത്വം. ഇതോടെയാണ് നാട്ടികയിലെ പ്രശ്‌നം കീറാമുട്ടിയായത്.
ആരെ മത്സരിപ്പിക്കണമെന്ന് അങ്ങ് ഉറപ്പിക്കാനാവാത്ത അവസ്ഥയിലാണ് സിപിഐ. സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെ നാട്ടികയിൽ ശീത സമരം ശക്തമായിരിക്കുകയാണ്. നാലു ദിവസത്തെ മാരത്തോൺ ചർച്ചയ്‌ക്കൊടുവിലും പ്രശ്‌നം കീറാമുട്ടിയായി തുടരുകയാണ്. ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത ഏക സീറ്റാണിത്.
രണ്ട് തവണ ഇവിടെ വിജയിച്ച ഗീതാ ഗോപി എംഎൽഎയുടെ പേര് ജില്ലാ എക്‌സിക്യൂട്ടീവ് നൽകിയ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. സി.സി. മുകുന്ദന്റെ പേരായിരുന്നു ഒന്നാമത്. എന്നാൽ, ഗീതാ ഗോപി തന്നെ മത്സരിക്കണമെന്നു സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കൾ നിർദ്ദേശിച്ചു. ഇതോടെ ജില്ലാ നേതൃത്വം നിലപാടിൽ ഉറച്ചു നിൽക്കുകയും പ്രാദേശിക എതിർപ്പുകൾ ശക്തമാക്കുകയും ചെയ്തു.
ജില്ലയിൽ വനിതാ സ്ഥാനാർത്ഥി വേണമെന്നു നിർബന്ധമുള്ളതിനാൽ മുകുന്ദന്റെ പേരു പരിഗണിക്കാനാകില്ലെന്നാണു സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. വീണ്ടും ജില്ലാ നേതൃത്വത്തോട് അഭിപ്രായം ചോദിച്ചപ്പോൾ മുകുന്ദനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം സംസ്ഥാന എക്‌സിക്യൂട്ടീവിനു വിട്ടു.