തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുക 92 സീറ്റിൽ. ഇതിൽ പകുതിയിൽ ഏറെ സീറ്റിൽ ജയിച്ചാൽ ഭരണം ഉറപ്പിക്കാമെന്നാണ് വിലയിരുത്തൽ. അമ്പത്തി അഞ്ച് സീറ്റ് കുറഞ്ഞത് ജയിക്കുകയാണ് ലക്ഷ്യം. പുതുമുഖയുവജന പ്രാതിനിധ്യത്തിൽ ചരിത്രം കുറിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയാണ് തയ്യാറാക്കിയതെന്നാണ് സൂചന.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയ 81 പേരിൽ അൻപതിലേറെ പുതുമുഖങ്ങൾ; 8 വനിതകൾ. മലമ്പുഴ ഉൾപ്പെടെ ബാക്കി 11 സീറ്റിൽ കൂടി സ്ഥാനാർത്ഥികളാവുകയും ഇന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ പുതുമുഖങ്ങൾ അൻപതിലേറെയാകും. വനിതായുവജന പ്രാതിനിധ്യവും വർധിക്കും. 55 വയസ്സിൽ താഴെയുള്ള നാൽപതിലധികം പേർ പട്ടികയിലുണ്ട്. 4 ഡോക്ടർമാരെയും ഉൾപ്പെടുത്തി. അങ്ങനെ പതിവ് രീതികളെല്ലാം അപ്രസക്തമാക്കി. എ-ഐ ഗ്രൂപ്പ് ചർച്ച എല്ലാ സീറ്റിലും നടന്നു. എന്നാൽ ഗ്രൂപ്പുകൾക്കുള്ളിലെ മികവ് കണ്ടെത്തിയായിരുന്നു സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.

തലമുറ മാറ്റത്തിനു വേണ്ടി ഉയർന്ന ശക്തമായ ആവശ്യം ഉൾക്കൊള്ളുന്ന പട്ടികയാണ് ഹൈക്കമാൻഡ് മാർഗ നിർദ്ദേശപ്രകാരം തയാറാക്കിയത്. എഐ വിഭാഗങ്ങൾക്ക് പട്ടികയിൽ ഏതാണ്ട് തുല്യവിഹിതമുണ്ട്. ഓരോ സീറ്റും ഓരോ ഗ്രൂപ്പിന് എന്ന വാശി ഗ്രൂപ്പ് നേതൃത്വങ്ങൾ വെടിഞ്ഞു. കെ.സി. ജോസഫ് ഒഴിച്ചുള്ള 20 സിറ്റിങ് എംഎൽഎമാരും മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വീണ്ടും ജനവിധി തേടും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കാനാണ് സാധ്യത.

എം. ലിജു (ആലപ്പുഴ), സതീശൻ പാച്ചേനി (കണ്ണൂർ), ഐ.സി. ബാലകൃഷ്ണൻ (വയനാട്) എന്നിവരാണ് മത്സരിക്കുന്ന ഡിസിസി പ്രസിഡന്റുമാർ. ഇരുപതോളം കെപിസിസി ഭാരവാഹികളും മത്സരിക്കും. യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭാരവാഹികളായ 8 പേർ പട്ടികയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പാലക്കാട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്തിലും ജനവിധി തേടും.

അതിനിടെയാണ് യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്നു ഭാരതീയ നാഷനൽ ജനതാദൾ അറിയിച്ചത്. തീരുമാനം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ പറഞ്ഞു. ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ 92 ആകും. 2016 ൽ 85 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.

നേമം അടക്കം തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ കൊല്ലം, കുണ്ടറ, നിലമ്പൂർ, കൽപറ്റ, ആറന്മുള എന്നിവിടങ്ങളിൽ അനിശ്ചിതത്വം ശക്തം. കൊല്ലത്ത് പി.സി. വിഷ്ണുനാഥിന്റെ പേര് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു. കൊല്ലം വിടില്ലെന്ന നിലപാടിലാണു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. അവിടെ സ്ഥാനാർത്ഥിയാക്കുമെന്നു ഗ്രൂപ്പ് നേതാക്കൾ ഏറെ നാൾ മുൻപ് തനിക്ക് ഉറപ്പു നൽകിയതാണെന്നും പുറത്തുനിന്നു വരുന്ന വിഷ്ണുനാഥിനായി മാറിക്കൊടുക്കണമെന്ന ആവശ്യം അനീതിയാണെന്നും ബിന്ദു വ്യക്തമാക്കി. ബിന്ദു അവിടെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അവർ ഇന്ന് പ്രചരണം തുടങ്ങും.

സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിൽ കൊല്ലത്ത് ഇത്രയും നാൾ താൻ പ്രവർത്തിച്ചതിന് ഒരു വിലയുമില്ലേ എന്ന ബിന്ദുവിന്റെ ചോദ്യത്തിന് നേതൃത്വത്തിന് ഉത്തരമില്ല. അനുനയ നീക്കത്തിന്റെ ഭാഗമായി ബിന്ദുവിനു കുണ്ടറ നൽകാമെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു. അവിടേക്കില്ലെന്നും അതിലും നല്ലത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കുന്നതാണെന്നും ബിന്ദു തിരിച്ചടിച്ചു.

തൃപ്പൂണിത്തുറയിൽ കെ. ബാബു തന്നെയാണു വിജയ സാധ്യതയുള്ള ഏക സ്ഥാനാർത്ഥിയെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിൽക്കുന്നു. അഴിമതി ആരോപണങ്ങൾ നേരിട്ട ബാബുവിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ പേരിൽ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസിനു തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. എറണാകുളം ജില്ലയിൽ വനിതാ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ, കൊച്ചി മുൻ മേയർ സൗമിനി ജയിനെ തൃപ്പൂണിത്തുറയിൽ നിർത്താൻ ആലോചനയുണ്ട്.

നിലമ്പൂരിൽ വി.വി. പ്രകാശിനാണു മുൻതൂക്കമെങ്കിലും ടി. സിദ്ദീഖിന്റെ പേരും സജീവം. കൽപറ്റയുടെ കാര്യത്തിലുള്ള തീരുമാനം വയനാട് എംപി രാഹുൽ ഗാന്ധിക്കു വിട്ടു. ആറന്മുളയിൽ ശിവദാസൻ നായർക്കായി സമ്മർദമുണ്ട്. അവിടെ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിനായും അണിയറ നീക്കങ്ങൾ സജീവം.