തേനീച്ച കൂട്ടിലെറിഞ്ഞ കല്ലുതന്നെയായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തെ സംബ്നധിച്ച് ഓപ്ര വിൻഫ്രിയുടെ അഭിമുഖം. ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ രാജകുടുംബത്തിനെതിരെ എതിർപ്പ് ശക്തമാകാൻ കാരണമായി.

ആസ്ട്രേലിയയും കാനഡയും ഉൾപ്പടെ, ഇപ്പോഴും ബ്രിട്ടീഷ് സിംഹാസനത്തിന്റെ രാജ്യത്തിന്റെ തലവനായി കണക്കാക്കുന്ന പല രാജ്യങ്ങളിലും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം വിഛേദിക്കണം എന്നുവരെ അഭിപ്രായമുയർന്നു. കൊട്ടാരത്തിനകത്തും പുറത്തും ഏറെ ചർച്ചാവിഷയമായിരിക്കുന്നു ഈ അഭിമുഖം.

ഹാരിയുമായി സംസാരിക്കാൻ ഒരുങ്ങി ചാൾസ് രാജകുമാരൻ

ഹാരിയുടെയും മേഗന്റേയും വിവാദ അഭിമുഖം ഏറെ വേദനിപ്പിച്ചത് ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനെ തന്നെയാണ്. പിതാവുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ ഹാരി, വംശീയ വിദ്വേഷത്തോടെ സംസാരിച്ച് രാജകുടുംബാംഗത്തിന്റെ പേര് വെളിപ്പെടുത്താതെ ചാൾസിനെ സംശയത്തിന്റെമുൾമുനയിൽ നിർത്തുകയും ചെയ്തു. എന്നിട്ടും അടുത്താഴ്‌ച്ച ഹാരിയുമായി ചാൾസ് സംസാരിക്കുമെന്ന് ചാൾസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇപ്പോൾ ഒരു ഭരണാധികാരിയുടെ മനോനിലയല്ല അദ്ദേഹത്തിനുള്ളതെന്നും, ഒരു പിതാവിന്റേതാണെന്നും അവർ പറയുന്നു.

കുടുംബ ബന്ധങ്ങൾ, അവ ഒരിക്കലും പുനഃസ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് പോകുന്നതിനു മുൻപായി പ്രശ്നങ്ങളെല്ലാം പറഞ്ഞൊതുക്കുന്നതാണ് നല്ലതെന്ന് ചാൾസ് രാജകുമാരൻ ചിന്തിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞത്. ഈ കുടുംബവഴക്ക് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. മുറിവുകൾ ഉണക്കുവാൻ സമയമായെന്നും അദ്ദേഹത്തിന് തോന്നിത്തുടങ്ങി എന്നും ആ സുഹൃത്ത് പറഞ്ഞു. പണ്ടത്തെപ്പോലെ ഹാരിയുമായി ഉറ്റബന്ധം പുലർത്താൻ ഇപ്പോൾ ചാൾസ് ആഗ്രഹിക്കുന്നു.

ഹാരിയുമായും വില്യമുമായും അടുത്തയാഴ്‌ച്ച ചാൾസ് സംസാരിക്കും. പ്രശ്നങ്ങൾ എല്ലാം പറഞ്ഞൊതുക്കി മുന്നോട്ടുപോകാനാണ് ചാൾസ് ശ്രമിക്കുന്നത്. മാത്രമല്ല, കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. തന്റെ ഫോണുകൾ അച്ഛൻ എടുക്കാറില്ലെന്നും അച്ഛൻ തന്നെ ചതിച്ചു എന്നുമൊക്കെയുള്ള ഹാരിയുടെ ആരോപണങ്ങൾ ചാൾസിനെ ഏറെ വേദനിപ്പിച്ചതായി അറിയുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങളുടെ രേഖകൾ ആവശ്യപ്പെട്ട് മേഗൻ മെർക്കൽ

വിവാദ അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതിന് മുൻപായി പുറത്തുവന്ന ഒന്നാണ്, മേഗൻ തങ്ങളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതായി ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ രണ്ടു ജീവനക്കാർ കൊട്ടാരം അധികൃതർക്ക് നൽകിയ പരാതിയെ സംബന്ധിച്ച വിവരം. അപമാനമേൽക്കേണ്ടി വന്നതിനാൽ ജോലി രാജിവയ്ക്കുകയാണെന്നും അവർ കത്തിൽ പറഞ്ഞിരുന്നു. അഭിമുഖം പുറത്തുവരുന്നതിനു മുൻപേ മേഗനെ തടയുവാനുള്ള ഒരു ഉപാധിയായാണ് ഇപ്പോൾ ഈ കേസ് കുത്തിപ്പൊക്കുന്നതും വിവരം പുറത്തുവിട്ടതെന്നും അന്നൊരു ആരോപണമുയർന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് മേഗൻ മെർക്കൽ ബക്കിങ്ഹാം പാലസിന് കത്തെഴുതിയിരിക്കുന്നു. ഈ സംഭവത്തെ കുറിച്ച് കൊട്ടാരം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടുകൊണ്ട് മേഗൻ കൊട്ടാരത്തിന് കത്തയച്ചത്. നേരത്തേ, തന്നെ സമൂഹ മദ്ധ്യത്തിൽ അപമാനിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഈ കേസും അന്വെഷണവുമെല്ലാം എന്ന് മേഗൻ പ്രതികരിച്ചിരുന്നു. ഏതായാലും കൊട്ടാരവുമായി ഒരു ഏറ്റുമുട്ടലിനു തന്നെയാണ് മേഗന്റെ പുറപ്പാട് എന്നാണ് മേഗനെഴുതിയ കത്ത് സൂചിപ്പിക്കുന്നത്.

മേഗന്റെ എഴുത്ത് രാജ്ഞി ചാൾസ് രാജകുമാരന് കൈമാറി. അദ്ദേഹത്തിന്റെ ഓഫീസ് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ, ഈ സംഭവത്തിൽ ഉൾപ്പെട്ട കൊട്ടാരം ജീവനക്കാരിൽ ഒരാളെ ചില നടപടിക്രമങ്ങളുടെ പേരിൽ പിരിച്ചുവിട്ടതാണെന്നും, രാജിവച്ചതല്ലെന്നും മേഗന്റെ സുഹൃത്തായ ജാനിന ഗവാനകാർ പ്രസ്താവിച്ചു. ഏതായാലും, ഇപ്പോൾ ലഭിച്ചിരിക്കുന്ന രക്തസാക്ഷി പരിവേഷം ഉപയോഗിച്ച് അമേരിക്കൻ രാഷ്ട്രീയത്തിൽ ഒന്ന് പയറ്റാനും മേഗൻ തയ്യാറെടുക്കുകയാണ്.

അടിച്ചമർത്തപ്പെടുന്ന കറുപ്പിന്റെ പ്രതീകമായി മേഗൻ

നിരവധിവിവാദ കർട്ടൂണുകളുമായി ലോക ശ്രദ്ധ നേടിയഫ്രഞ്ച് ആപേക്ഷപ ഹാസ്യ മാസിക ചാർലി ഹെബ്ഡോ,മറ്റൊരു വിവാദ കാർട്ടൂണുമായി രംഗത്തെത്തിയിരിക്കുന്നു. തറയിൽ വീണുകിടക്കുന്ന മേഗന്റെ കഴുത്തിൽ കാലുകൾ കൊണ്ട് ഞെരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രമാണ് ഇതിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്. അമേരിക്കയിൽ, വംശവെറിയനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാൽക്കീഴിൽ ശ്വാസം മുട്ടിപിടഞ്ഞ ജോർജ്ജ് ഫ്ളോയ്ഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജന്റെ ഓർമ്മപ്പെടുത്തുന്നതായിരുന്നു ആ കാർട്ടൂൺ.

മാസികയുടെ മുഖചിത്രമായി തന്നെയാണ് ഈ കാർട്ടൂൺ അച്ചടിച്ചു വന്നിരിക്കുന്നത്. മേഗൻ എന്തിന് ബക്കിങ്ഹാം വിട്ടു എന്നൊരു ചോദ്യവും ഈ കാർട്ടൂണിനൊപ്പം കൊടുത്തിട്ടുണ്ട്. കാലുകൾ കൊണ്ട് അമർത്തുന്ന രാജ്ഞിയുടെ കീഴിൽ നിസ്സഹായയാ മേഗൻ ആ ചോദ്യത്തിന് ഉത്തരവും നൽകുന്നുണ്ട്. ''എനിക്ക് ശ്വാസം മുട്ടുന്നതുകൊണ്ട്'' എന്നാണത്. പൊലീസുകാരന്റെ ബൂട്ടിനടിയിൽ കിടന്ന് ജോർജ്ജ് പറഞ്ഞ അവസാന വാക്കുകളായിരുന്നു എനിക്ക് ശ്വാസം മുട്ടുന്നു എന്നത്. അമേരിക്കയിലും യൂറോപ്പിലും വ്യാപിച്ച ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന്റെ മുഖ മുദ്രയുമായിരുന്നു ആ വാക്യം.

ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ''എനിക്ക് ശ്വാസംമുട്ടുന്നു'' എന്ന ഹാഷ്ടാഗ് ഇപ്പോൾ മേഗന് വേണ്ടി പൊടിതട്ടിയെടുക്കുകയാണ്. എന്നാൽ, ബ്രിട്ടൻ ഉൾപ്പടെ പല രാജ്യങ്ങളിൽ നിന്നും ഈ കാർട്ടൂണിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. ജോർജ്ജ് ഫ്ളോയിഡിന്റെ കൊലപാതകിയുമായി രാജ്ഞിയെ താരതമ്യം ചെയ്തതാണ് പരക്കെ വിമർശനം ഏറ്റുവാങ്ങുന്നത്. ജോർജ്ജ് ഫ്ളോയ്ഡിന്റെ ഓർമ്മകൾ ദുരുപയോഗം ചെയ്ത് മാസികയുടെ പ്രചാരം കൂട്ടാൻ ശ്രമിക്കുകയാണെന്ന് കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനകളും ആരോപിച്ചു.