വാഷിങ്ടൺ: യുഎസ് ഡിഫൻസ് സെക്രട്ടറി മാർച്ച് 19നു മൂന്നുദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ പര്യടനത്തിനായി എത്തുന്നു. ബൈഡൻ ഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ കാബിനറ്റ് അംഗമാണു ഡിഫൻസ് സെക്രട്ടറി ജനറൽ ലോയ്ഡ് ജെ. ഓസ്റ്റിൻ. അമേരിക്കയും ഇന്ത്യയും തമ്മിൽ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനോദേശ്യമെന്ന് ഡിഫൻസ് വക്താവ് അറിയിച്ചു.

ഇന്ത്യാ സന്ദർശനത്തിനിടയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഇന്ത്യൻ ഗവൺമെന്റിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ജനറൽ ലോയ്ഡ് ചർച്ച നടത്തും. മാർച്ച് 12 ന് വെർച്വലായി നടക്കുന്ന യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നിവർ ഉൾപ്പെടുന്ന ഇന്തോ- പസഫിക്ക് സമ്മിറ്റിനു ശേഷം നടക്കുന്ന സന്ദർശനമായതിനാൽ വളരെയധികം പ്രാധാന്യമാണ് ഇതിനു ലഭിക്കുക. ഇന്ത്യ സന്ദർശനത്തിനു പുറമെ ജപ്പാൻ സൗത്ത്, കൊറിയ രാജ്യങ്ങളിലും ജനറൽ ലോയ്ഡ് സന്ദർശനം നടത്തും.

2007 നുശേഷം യുഎസുമായി 18 ബില്യൺ ഡോളറിന്റെ ഡിഫൻസ് ഇടപാടുകളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഭാവിയിൽ 3 ബില്യൺ ഡോളറിന്റെ ആംസ് ഡ്രോൺസ് വാങ്ങുന്നതിനുള്ള കരാറിൽ ഇതിനകം തന്നെ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

ബഹിരാകാശ ഭീഷണി നേരിടുന്നതിന് ഇന്ത്യയും യുഎസും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നു കഴിഞ്ഞ മാസം ബാംഗ്ലൂരിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ യുഎസ് ഡിഫൻസ് റിയർ അഡ്‌മിറൽ ഇലിൻ ലോബച്ചർ ആവശ്യപ്പെട്ടു. ഇൻഡോ ഫസഫിക്ക് മേഖലയിൽ വർധിച്ചുവരുന്ന ചൈനയുടെ സ്വാധീനം ലോക രാഷ്ട്രങ്ങൾക്കു ഭീഷണിയാണെന്നും ഇലിൻ ചൂണ്ടിക്കാട്ടിയിരുന്നു.