മിനിയാപോളിസ്: വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ട് കഴുത്തിൽ എട്ടു മിനിട്ടോളം അമർത്തിപിടിച്ചതിനെ തുടർന്നു മരണമടഞ്ഞ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയ്ഡിന്റെ കുടുബത്തിന് 27 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുന്നതിന് മാർച്ച് 12 വെള്ളിയാഴ്ച ചേർന്ന മിനിയാപോളിസ് സിറ്റി കൗൺസിൽ തീരുമാനിച്ചു. തീരുമാനം ഐക്യകണ്‌ഠ്യേനയായിരുന്നു.

എനിക്ക് എന്റെ സഹോദരനെ വീണ്ടും കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈ ഒത്തുതീർപ്പ് സംഖ്യ ഞാൻ തിരിച്ചു നൽകിയേനെ. ജോർജ് ഫ്ളോയ്ഡിന്റെ സഹോദരൻ ഫിലോനിയസ് ഫ്ളോയ്ഡ് പ്രതികരിച്ചു. മിനിസോട്ട സംസ്ഥാനത്തിനു ഞാൻ നന്ദി പറയുന്നു എന്റെ സഹോദരൻ എന്റെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു.

ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിലെ കുറഞ്ഞ വരുമാനമുള്ളവർക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത് അദ്ദേഹം പറഞ്ഞു. മിനിയാപോളിസ് സിറ്റി മേയർ ജേക്കബ് ഫ്രി ഫ്ളോയ്ഡിനു വേണ്ടി വാദിച്ചവർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു. പാൻഡമിക്കിന്റെ മധ്യത്തിലും പ്രതിഷേധപ്രകടനം നടത്തിയവർ ആത്മസംയമനം പാലിക്കണമെന്ന എന്റെ അഭ്യർത്ഥന സ്വീകരിച്ചതിലും എനിക്കു കൃതാർഥതയുണ്ടെന്നും മേയർ പറഞ്ഞു.

ജോർജ് ഫ്ളോയ്ഡിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കുമെന്നു സഹോദരി ബ്രിജിത്ത് പറഞ്ഞു. ജോർജ് ഫ്ളോയ്ഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിലുടനീളം പ്രതിഷേധം അലയടിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ അക്രമപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനു പൊലീസിനു പലയിടത്തും ബലപ്രയോഗം വരെ നടത്തേണ്ടി വന്നിരുന്നു.