കട്ടപ്പന: തെരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്പോൾ പ്രചരണം ശക്തമാക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ എങ്ങനെ വൈറലാകാമെന്നുമാണ് ഇപ്പോഴൊക്കെ സ്ഥാനാർത്ഥികൾ ചിന്തിക്കുന്നത്. ഇതിനായി പലരും വ്യത്യസ്ത മുറകൾ പുറത്തെടുക്കാറുമുണ്ട്. തെരഞ്ഞെടുപ്പിന് ചൂടുപിടിച്ചപ്പോൾ തന്നെ തന്റെ പ്രവർത്തകർക്ക് വേണ്ടി പൊറോട്ട അടിച്ച് വൈറലായിരിക്കുകയാണ് റോഷി അഗസ്റ്റിൻ എംഎൽഎ.

സ്ഥാനാർത്ഥി നേരിട്ടിറങ്ങി പൊറോട്ടയടിച്ചപ്പോൾ അത് ആരാധകരിലും ആവേശം ഇരട്ടിയാക്കി. ശനിയാഴ്ച രാത്രി എംഎ‍ൽഎ. കട്ടപ്പനയിൽനിന്ന് കാഞ്ചിയാറിലേക്ക് പോകുമ്പോഴാണ് വഴിയിൽ തനിക്കുവേണ്ടി പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തകരെ കണ്ടത്. ഉടൻ വണ്ടി നിർത്തി അവർക്കൊപ്പം ഇറങ്ങി. ഭക്ഷണം കഴിക്കാനായി അടുത്തുള്ള ഹോട്ടലിൽ കയറിയപ്പോൾ അവിടെ മാവ് കുഴച്ചുവച്ചിരിക്കുന്നു. അടുക്കളയിലേക്ക് കയറിയ എംഎ‍ൽഎ. മാവ് എടുത്ത് പൊറോട്ട അടിച്ചുതുടങ്ങി.

കൈയടക്കത്തോടെ പൊറോട്ട അടിക്കുന്ന എംഎ‍ൽഎ.യെ കണ്ട് 'കുക്ക്' മാറി നിൽക്കുമല്ലൊ എന്ന പ്രവർത്തകരുടെ കമന്റും വന്നു. പ്രവർത്തകരിലാരോ പകർത്തിയ പൊറോട്ട അടിയുടെ വീഡിയൊ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലയിരിക്കുകയാണ്.