- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും തല കറങ്ങി താഴേയ്ക്ക്; താഴെ വൈദ്യുതി കമ്പി ഉൾപ്പെടെ വൻ അപകടം; കാലിൽ പിടിച്ചു വലിച്ച് അത്ഭുത രക്ഷകനായി തൊട്ടടുത്ത് നിന്നയാൾ: വീഡിയോ കാണാം
വടകര: കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്ക് വീണ ആളെ കാലിൽ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തി അത്ഭുത രക്ഷകനായി തൊട്ടടുത്ത് നിന്ന നിർമ്മാണ തൊഴിലാളി. ബാങ്കിന് പുറത്തെ അരമതിലിൽ ചാരി നിൽക്കവെ പൊടുന്നനെ തലകറങ്ങി താഴേയ്ക്ക് വീണ അരൂർ ഹരിത വയൽ ബിനു നിലയത്തിൽ ബിനു എന്ന ബാബു(38)വിനെയാണ് സമീപത്തു നിൽക്കുകയായിരുന്ന കീഴൽ യുപി സ്‌കൂളിനു സമീപം തയ്യിൽ മീത്തൽ ബാബുരാജ് (45) രക്ഷിച്ചത്. താഴേക്ക് വീണിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വൻ അപകടത്തിൽ നിന്നുമാണ് ബിനുവിനെ ബാബു രാജ് രക്ഷിച്ചത്.
കെട്ടിടത്തിനു താഴെ വൈദ്യുതകമ്പി ഉൾപ്പെടെയുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്തെ ബാബുവിന്റെ ആത്മസപീനത്തോടെയുള്ള ഇടപെടൽ ബിനുവിന്റെ ജീവൻ തിരികെ നൽകുക ആയിരുന്നു. തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കിൽ എത്തിയത്. ഊഴം കാത്ത് ബാങ്ക് വരാന്തയിൽ നിൽക്കുമ്പോൾ ബിനു പെട്ടെന്ന് തലകറങ്ങി കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു.
ഇതുകണ്ട ബാബു പെട്ടെന്ന് ബിനുവിന്റെ കാലിന്മേൽ പിടിത്തം ഇടുകയും കൈവരിയോട് കാൽ ചേർത്തു പിടിച്ച് ആത്മസാന്നിധ്യം കൈവിടാതെ നിന്നു മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തു. അപ്പോഴേക്കും ബാങ്കിൽ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച് ഉയർത്തി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിട്ടു.
നേരത്തെ യുഎൽസിസിഎസിലെ ജീവനക്കാരനായിരുന്നു ബിനു. നിർമ്മാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. തക്ക സമയത്ത് ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബാബുരാജ്. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. ബാബുരാജിനുള്ള അഭിനന്ദന പ്രവാഹമാണ് എങ്ങും. തയ്യിൽ മീത്തൽ പരേതനായ കണ്ണന്റെയും മാതുവിന്റെയും മകനാണ് ബാബുരാജ്. ഭാര്യ: നിഷ. മകൾ: അവന്തിക.