- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; വിദേശത്തേക്ക് കടന്ന പ്രതികളെ ഒരു മാസത്തിനുള്ളിൽ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് പൊലീസ്; ദുബായ് മലയാളികളുമായും സംഘടനകളുമായി സംവദിച്ച് പ്രതികളെ കൃത്യമായി കുരുക്കി പൊലീസ്: പ്രതികൾ വിമാനം കയറുന്നത് വരെയുള്ള സകലവിവരങ്ങളും പൊലീസന് കൈമാറി പ്രവാസി മലയാളികളും
കൽപകഞ്ചേരി: പതിനാലുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ വിദേശത്തേക്കു കടന്ന പ്രധാന പ്രതികളെ പ്രവാസി മലയാളികളുടെ സഹായത്തോടെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് പൊലീസ്. കൽപകഞ്ചേരി പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇക്‌ബാൽ(27), പരാലിൽ മുഹമ്മദ് ആഷിഖ്(27) എന്നിവരെയാണ് താനൂർ ഡിവൈഎസ്‌പി എം.ഐ.ഷാജിയുടെ മേൽനോട്ടത്തിൽ സിഐ റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ടതും പെൺകുട്ടിക്ക് ആദ്യം ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതും ഇക്‌ബാലാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തായ ആഷിഖും പീഡിപ്പിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ ഇരുവരും എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. കുട്ടിയുടെ വീട്ടുകാരുമായി ഇക്‌ബാലിന് നല്ല സൗഹൃദമായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൊലീസ് പിടികൂടുമെന്നായപ്പോഴാണ് ഇരുവരും കഴിഞ്ഞ 19ന് ചെന്നൈ വഴി ദുബായിലേക്കു കടന്നത്. തുടർന്ന് ഇരുവർക്കുമായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനും ശ്രമം തുടങ്ങി. അതിനിടെ ദുബായിലെ മലയാളികളുമായും വിവിധ പ്രവാസി സംഘടനകളുമായും പൊലീസ് നിരന്തരം ബന്ധപ്പെട്ടു പൊലീസ് പ്രതികളെ ലൊക്കേറ്റ് ചെയ്യുക ആയിരുന്നു.
താമരശ്ശേരി സ്വദേശിയുടെ കമ്പനിയിൽ ഇരുവരും വേഷംമാറി ജോലിക്കു ശ്രമിക്കവെയാണ് ഇരുവരേയും മലയാളികൾ തിരിച്ചറിയുന്നതും പൊലീസിന് വിവരം കൈമാറുന്നത്. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതോടെ ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികൾ വേഷം മാറി നടന്നിട്ടും അവരുടെ ഫോട്ടോയും മറ്റും മലയാളികൾ നിരീക്ഷിച്ച് അതതു സമയം പൊലീസിനെ വിവരമറിയിക്കുകയും നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്തു കൊടുക്കുകയും ആയിരുന്നു.
ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ ഇരുവരും എത്തി. എമിഗ്രേഷൻ ക്ലിയറൻസ് നടത്തിയശേഷം പുറത്തിറങ്ങിയപ്പോൾ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഇന്നേക്ക് ഒരു മാസം തികയുുമ്പോഴാണ് അറസ്റ്റ്. പൊലീസിന്റെ തന്ത്രപൂർവ്വമായ ഇടപെടലാണ് വിദേശത്തേക്ക് കടന്ന പ്രതികളെ വളരെ വേഗം പിടികൂടാൻ പൊലീസിന് സഹായകരമായത്.
ദുബായിലേക്കു കടന്ന ഒന്നും രണ്ടും പ്രതികളെക്കുറിച്ച് വിശദമായ വിവരം പ്രവാസി മലയാളികൾക്കും സംഘടനകൾക്കും നൽകിയാണ് പിടികൂടിയത്. പ്രതികൾ വേഷം മാറി നടന്നിട്ടും അവരുടെ ഫോട്ടോയും മറ്റും മലയാളികൾ നിരീക്ഷിച്ച് അതതു സമയം പൊലീസിനെ വിവരമറിയിച്ചു. വാട്‌സാപ് ചാറ്റ് നടത്തിയാണ് പൊലീസ് പ്രവാസി മലയാളികൾക്ക് വിവരം നൽകിയത്. പ്രതികൾ ദുബായിലെ റോഡിലൂടെ നടന്നുപോകുന്ന ഫോട്ടോ വരെ മലയാളികൾ പൊലീസിന് അയച്ചു കൊടുത്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സേവനവും ഉപയോഗപ്പെടുത്തി.
പ്രവാസി മലയാളികളുടെ സഹായത്തോടെ രണ്ടുപേർക്കും നാട്ടിലെത്താനുള്ള ടിക്കറ്റ് എടുത്തു നൽകുകയും വിമാനം കയറുന്നതിനു മുൻപ് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തതായുള്ള ചിത്രങ്ങൾവരെ വാട്‌സാപ് വഴി പൊലീസിന് അയച്ചു കൊടുത്തിരുന്നു. ഇവരെ നിരീക്ഷിക്കാൻ നാട്ടിലേക്ക് വരുന്ന മറ്റൊരു മലയാളിയെയും ചുമതലപ്പെടുത്തി. ഓരോ മണിക്കൂർ ഇടവിട്ട് സന്ദേശം പൊലീസിന് ഇയാൾ കൈമാറി. അങ്ങനെ വിമാനമിറങ്ങിയ ഉടനെ ഇരുവരും പൊലീസിന്റെ വലയിലാകുകയായിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവരെന്ന് സിഐ പറഞ്ഞു. ഒരാളെകൂടി പിടികൂടാനുണ്ട്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌ഐ പി.എസ് മണികണ്ഠൻ, എഎസ്‌ഐ സി.രവി, പൊലീസുകാരായ പി.സജുകുമാർ, കെ.പി.ശൈലേഷ്, സോണി ജോൺസൺ, ഷാജു, എം.എ.രജിത, നിന എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ