കോട്ടയം: പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് വിഭാഗത്തിന്റെ 10 സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നമായി ലഭിച്ചേക്കും. ചങ്ങനാശേരി മണ്ഡലത്തിൽ ട്രാക്ടർ ആവശ്യപ്പെട്ട ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ സ്ഥാനാർത്ഥി ബേബിച്ചൻ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിൽ പരിഗണിച്ചതോടെയാണിത്.

എല്ലാ സ്ഥാനാർത്ഥികളും ട്രാക്ടറാണ് ചിഹ്നം ചോദിച്ചത്. ചങ്ങനാശേരിയൊഴികെ മറ്റ് 9 സ്ഥലത്തും വേറെ രജിസ്റ്റേഡ് പാർട്ടികളൊന്നും ഈ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി സ്ഥാനാർത്ഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാൽ പാർട്ടി സ്ഥാനാർത്ഥിക്കാണ് മുൻതൂക്കം.ഇതോടെയാണ് ജോസഫ് വിഭാഗത്തിന് ഈ ചിഹ്നം ലഭിക്കാൻ വഴിയൊരുങ്ങിയത്. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി വി.ജെ ലാലിക്കു പുറമേ ബേബിച്ചൻ മുക്കാടനും ട്രാക്ടർ ആവശ്യപ്പെട്ടതോടെ ചിഹ്നം നറുക്കെടുപ്പിലേക്കു നീങ്ങിയിരുന്നു.

എന്നാൽ, ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി സ്ഥാനാർത്ഥി എന്ന പേരിൽ ബേബിച്ചൻ സമർപ്പിച്ച പത്രിക വരണാധികാരി തള്ളി. പാർട്ടിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റു രേഖകളും ഹാജരാക്കാൻ കഴിയാതെ വന്നതാണ് കാരണം. എന്നാൽ, ബേബിച്ചൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക വരണാധികാരി അംഗീകരിച്ചിട്ടുണ്ട്.