- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് സിനിമയെ വെല്ലുന്നവിധം ലക്ഷക്കണക്കിന് എലികൾ വീടുകളിലും റോഡുകളിലും കടകളിലും; ആസ്ട്രേലിയൻ ഗ്രാമങ്ങളിൽ മൂഷികരുടെ വിളയാട്ടം; ഒറ്റ സൂപ്പർമാർക്കറ്റിൽ നിന്നും ഒരു രാത്രിയിൽ പിടിച്ചത് 500 എലികളെ; പ്ലേഗ് ഭീതിയിൽ വിറച്ച് അനേകം ഗ്രാമങ്ങൾ
ഹാമെലിൻ നഗരത്തിലെ കുഴലൂത്തുകാരനായി കാതോർക്കുകയാണ് ഇന്ന് ആസ്ട്രേലിയൻ ഗ്രാമങ്ങൾ. ബ്യുഗിളിന്റെ മാന്ത്രികനാദത്താൽ എലികളെ ആകർഷിച്ച് കടലിലേക്കാനയിക്കാൻ ആ മാന്ത്രിക ഗായകൻ വന്നെത്തുമെന്ന പ്രതീക്ഷയിലാണവർ. അത്രമാത്രമാണ് ന്യു സൗത്ത് വെയിൽസിലേയും ക്യുൻസ്ലാൻഡിലേയുമൊക്കെ ഗ്രാമങ്ങളും ഉൾനാടൻ പട്ടണങ്ങളും എലികളെ കൊണ്ട് കഷ്ടപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയെ അവഗണിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൊയ്ത്ത്കാലം കഴിഞ്ഞയുടെനെയാണ് എലികൾ ക്രമാധീതമായി വർദ്ധിക്കുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസം ആസ്ട്രേലിയയിൽ ദൃശ്യമായിരിക്കുന്നത്.
വീടുകളിലും, കടകളിലും, പാടങ്ങളിലും, ധാന്യ സംഭരണശാലകളിലും മാത്രമല്ല, നാടിന്റെ സകല മുക്കും മൂലയും എലികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വർഷങ്ങളായി ഇല്ലാതിരുന്ന വേനൽ മഴ ഇത്തവണ ധാരാളമായി ലഭിച്ചതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മൂന്നു ആശുപത്രികളിൽ രോഗികളെ എലി കടിച്ചതായി റിപ്പോർട്ടുകൾ കൂടി വന്നതോടെ ഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാർ. ടോട്ടെൻഹാം, വാൽഗെറ്റ്, ഗുലാർഗംബോൺ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് രോഗികൾക്ക് എലിയുടെ കടിയേറ്റത് എന്നകാര്യം ന്യുസൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
മൈസ് പ്ലേഗ് എന്നത് പ്രകൃതിയിലെ സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇത് നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വീടുകളിൽ എലികളുടെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന, വളരെ വിരളമായ ലെപ്റ്റോസ്പൈറോസിസ് എന്ന രോഗം ഒരാളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തന തകരാറിലേക്കും മെനിഞ്ചൈറ്റിസിലേക്കും നയിക്കുന്നതാണ് ഈ രോഗം.
ആസ്ട്രേലിയൻ സമൂഹമാധ്യമങ്ങളേയും ഈ മൂഷികർ കീഴടക്കിയിരിക്കുകയാണ് ഫാം ഹൗസിലെ ഉപകരണങ്ങളിലും സ്വീകരണ മുറികളിലെ സോഫകൾക്ക് മീതെയുമൊക്കെ കളിച്ചു നടക്കുന്ന എലിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നത്. ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരനായ നാവ് സിങ് പറയുന്നത്, ദിവസേന ചത്ത എലികളെ നീക്കം ചെയ്ത് കട വൃത്തിയാക്കേണ്ടതിനാൽ സാധാരണയിലും അഞ്ചുമണിക്കൂർ മുൻപ് താൻ കടയിലെത്തുന്നുവെന്നാണ്. പ്രതിദിനം 400 മുതൽ 500 എലികളെ വരെ കൊല്ലാറുണ്ട് എന്നും അയാൾ അവകാശപ്പെടുന്നു.
മൈസ് പ്ലേഗ് എന്ന ഈ പ്രതിഭാസം പ്രദേശവാസികളുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ ജീവനോപാധികളേയും പ്രതികൂലമായി ബാധിക്കുകയാണ്. വിളകൾ നശിപ്പിക്കുകയും വീട്ടുപകരണങ്ങൾ പ്രവർത്തന രഹിതമാക്കുകയും മറ്റും ചെയ്ത് ഇവർ നഷ്ടത്തിന് ആക്കം കൂട്ടുന്നു. സർക്കാർ ഈ ശല്യം ഒഴിവാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം എല്ലാ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ശൈത്യകാലത്ത് വിത്തുവിതയ്ക്കുന്ന കർഷകർക്കാണ് ഏറ്റവും അധികം നഷ്ടം സഹിക്കേണ്ടി വരുന്നത്. അവരുടെ വിത്തുകളെല്ലാം ഈ മൂഷികക്കൂട്ടം തിന്നുനശിപ്പിക്കുകയാണ്.
വിത്തുകൾ സുരക്ഷിതമായി സംരക്ഷിക്കുവാൻ സിങ്ക് ഫോസ്ഫൈഡ് ഉപയോഗിക്കുവാനുള്ള അനുമതി നൽകണമെന്നാണ് കർഷകരുടെ ആവശ്യം. അതുവഴി, കർഷകർക്ക് അവർ തന്നെ ഉദ്പാദിപ്പിച്ച വിത്തുകൾ ഉപയോഗിക്കാൻ കഴിയുമെന്നും വിദേശ വിത്തുകൾ ഉയർത്തുന്ന ജൈവ സുരക്ഷാ വെല്ലുവിളികൾ ഒഴിവാക്കാൻ ആകുമെന്നും അവർ പറയുന്നു. മത്രമല്ല, വിലകൂടിയ സ്റ്റെറിലൈസ്ഡ് വിത്തുകൾ വാങ്ങുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാകുകയും ചെയ്യും. എലികളെ നിയന്ത്രിക്കുന്നത് വളരെയധികം സാമ്പത്തിക ചെലവുള്ള കാര്യമായതിനാൽ ഇതിലേക്ക് സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും അവർ അവകാശപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ