ന്ത്യയിലെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനായി വാഹന നിർമ്മതാക്കളും എത്തുന്നു. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയവർ സ്‌ക്രാപ്പിങ് സെന്ററുകൾ തുടങ്ങാൻ ഒരുങ്ങുകയണ്. കേന്ദ്രസർക്കാരിന്റെ പൊളിക്കൽ നയത്തിന്റെ ചുവടു പിടിച്ച് രാജ്യത്തുട നീളം സ്‌ക്രാപ്പിങ് സെന്ററുകൾ സ്ഥാപിക്കാൻ ഈ കമ്പനികളും ലക്ഷ്യമിടുന്നു.

പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തതോടെ സ്‌ക്രാപ്പിങ്ങ് സെന്ററുകൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ച് മാസത്തോടെ രാജ്യത്ത് 50 വാഹന പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിന് പിന്തുണ നൽകുന്നതിനായാണ് മാരുതിയും ടാറ്റയും മഹീന്ദ്രയും പൊളിക്കൽ സെന്ററുകൾ ആരംഭിക്കാനൊരുങ്ങുന്നത്.

ടാറ്റ, മാരുതി, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ സ്‌ക്രാപ്പിങ്ങ് സെന്ററുകൾ ആരംഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും മൂന്ന് കമ്പനികളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഈ മൂന്ന് കമ്പനികളും സംയുക്തമായാണോ സ്‌ക്രാപ്പിങ്ങ് സെന്ററുകൾ ആരംഭിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആരംഭിക്കുകയാണെങ്കിൽ സ്ഥലം മാത്രം സ്വകാര്യ വ്യക്തികളിൽ നിന്ന് സ്വീകരിക്കുകയും മറ്റ് സംവിധാനങ്ങൾ പൊതുമേഖല സ്ഥാപനം ഒരുക്കുകയും ചെയ്യുമെന്നാണ് സൂചന.

സ്ഥലം പാട്ടത്തിനെടുത്ത് ഒരു സ്‌ക്രാപ്പിങ്ങ് സെന്റർ ആരംഭിക്കുന്നതിന് ഏകദേശം 18 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട്. സ്ഥലം വാങ്ങുകയാണെങ്കിൽ ഇത് കുറഞ്ഞത് 33 കോടി രൂപയായി ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനമാണ് പൊളിക്കുക. പഴയ വാഹനങ്ങൾ 10-12 വരെ ശതമാനം കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പൊളിക്കലിന് സർക്കാർ പ്രോത്സാഹനം നൽകുന്നത്.