ഫ്‌ളോറിഡ: പ്രശസ്ത നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടൻ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സ്പെഷൽ ജൂറി അവാർഡ് നേടി.

ഹെൽത്ത് ആൻഡ് ആർട്‌സ് യു.എസ്.എയുടെ ബാനറിൽ നിർമ്മിച്ച ഹ്രസ്വ ചിത്രമായ 'കറുത്ത കുർബാന'എന്ന ഹൊറർ ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. പ്രശാന്ത് ശശി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ നായക കഥാപാത്രത്തെ അനശ്വരമാക്കിയത് കുയിലാടൻ ആയിരുന്നു.

ഫോമ 2020 നാഷണൽ കമ്മിറ്റി മെമ്പറും, നാഷണൽ കൾച്ചറൽ കോർഡിനേറ്ററും, 2021- 22 കൾച്ചറൽ ചെയർപേഴ്സണുമാണ് പൗലോസ് കുയിലാടൻ. ഒർലാന്റ്റോ റീജിണൽ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്ഥാപകരിൽ ഒരാളാണ്. സ്‌കൂൾ കാലഘട്ടം മുതൽ നാടകരംഗത്തു സജീവ സാന്നിധ്യമായിരുന്ന പൗലോസ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത 'സാന്റ പറയാത്ത കഥ' എന്ന സീരിയൽ സംവിധാനം ചെയ്തിട്ടുണ്ട്.

കലാ സാംസ്‌കാരിക രംഗത്ത് തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള പൗലോസ് കുയിലാടൻ കേരളത്തിലെ കൊടകര ''ആരതി തീയേറ്റർ'' എന്ന നാടക ട്രൂപ്പ് ഉടമയും, സംവിധായകനും, നടനുമായിരുന്നു. അനവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ചിട്ടുള്ള പൗലോസ് കുയിലാടൻ, ബാലചന്ദ്ര മേനോന്റെ ''വരും വരുന്നു വന്നു'' എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ എത്തിയതിനു ശേഷവും തന്റെ കലാപരമായ കഴിവുകളിൽ ഉള്ള വിശ്വാസത്തിൽ നിന്ന് കൊണ്ട് ''സാന്റ പറയാത്ത കഥ'' എന്ന ടെലിഫിലിമും പുറത്തിറക്കി. ഫോമാ വില്ലേജ് പദ്ധതിയുമായി ബന്ധപ്പെട്ട ഫോമയുടെ പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് നിരവധി വേദികളിൽ അവതരിപ്പിച്ച ''പ്രളയം'' എന്ന സ്‌കിറ്റിന്റെ പിന്നാമ്പുറങ്ങളിലും പൗലോസ് കുയിലാടൻ എന്ന കലാസ്നേഹിയുടെ ആത്മസമർപ്പണം ഉണ്ടായിരുന്നു.

ഫ്‌ളോറിഡയിലെ മലയാളി സംഘടനകളുടെ ആഘോഷവേളകളിൽ പൗലോസ് കുയിലാടൻ ഒട്ടേറെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി അവതരിപ്പിച്ചുവരുന്നു.

കറുത്ത കുർബാന ടീസർ കാണുക: