- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്കോപ്പ; ന്യൂയോർക്കിലെ തിയളോജിക്കൽ സെമിനാരി എക്യുമെനിക്കൽ ബഹുമതി നൽകി ആദരിച്ച വ്യക്തിത്വം; അന്തരിച്ച യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പയുടെ സംസ്‌ക്കാരം പിന്നീട്
ന്യൂയോർക്ക്: അമേരിക്കയിൽ അന്തരിച്ച മലങ്കര ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികൻ യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പയുടെ സംസ്‌ക്കാരം പിന്നീട് നടത്തും. 85 വയസ്സായിരുന്ന അദ്ദേഹത്തിന്റെ സംസ്‌ക്കാരം ന്യൂയോർക്കിൽ നടക്കും. അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്‌കോപ്പയായിരുന്നു അദ്ദേഹം.
ലോങ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി വികാരിയാണ്. ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രാരംഭ സംസ്‌കാര ശുശ്രൂഷകൾ ന്യൂയോർക്ക് ലോങ് ഐലൻഡ് ലെവിറ്റ് ടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കോളാവോസിന്റെ പ്രധാന കാർമികത്വത്തിൽ നടക്കും
1970ൽ യുഎസിൽ എത്തിയ അദ്ദേഹം വിവിധ ഓർത്തഡോക്‌സ് ഇടവകകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. ഡോ. തോമസ് മാർ മക്കാറിയോസിനോടൊപ്പം അമേരിക്കൻ ഭദ്രാസന രൂപീകരണത്തിനു മുന്നിട്ടിറങ്ങി. 1980ൽ കോറെപ്പിസ്‌കോപ്പയായി. പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ, പരിശുദ്ധ ഔഗേൻ പ്രഥമൻ എന്നീ കാതോലിക്കാ ബാവാമാരുടെ സെക്രട്ടറിയും മലങ്കര സഭ മാസികയുടെ എഡിറ്ററുമായിരുന്നു.
കുമ്പഴ ശങ്കരത്തിൽ കുടുബാംഗമാണ്. ശങ്കരത്തിൽ മഹാകുടുംബയോഗം രക്ഷാധികാരിയും കുടുംബയോഗം അമേരിക്കൻ ചാപ്റ്റർ പ്രസിഡന്റുമായിരുന്നു. ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു. അമേരിക്കൻ ഭദ്രാസന മുൻ സെക്രട്ടറിയാണ്. മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ന്യൂയോർക്കിലെ തിയളോജിക്കൽ സെമിനാരി എക്യുമെനിക്കൽ ബഹുമതി നൽകി ആദരിച്ചു. അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായിരുന്നു.
ഭാര്യ: കവിയും എഴുത്തുകാരിയുമായ അടൂർ മുണ്ടപ്പള്ളി താഴത്തേതിൽ എൽസി യോഹന്നാൻ ശങ്കരത്തിൽ (റിട്ട. എൻജിനീയർ, നാസോ കൗണ്ടി, ഡിപിഡബ്ല്യു). മക്കൾ: മാത്യു യോഹന്നാൻ (ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ), തോമസ് യോഹന്നാൻ (കോർപറേറ്റ് അറ്റോർണി).