മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരു പോലെ പരിചതമായ മുഖമാണ് നടി ശരണ്യയുടേത്. നിറഞ്ഞ പുഞ്ചിരിയുമായി സ്‌ക്രീനിൽ തിളങ്ങി നിന്ന താരം ഒരു സുപ്രഭാതത്തിൽ അഭിനയത്തോട് വിടപറയുകയായിരുന്നു. അപ്രതീക്ഷിതമായി ജീവിതത്തിൽ വില്ലനായി എത്തിയ കാൻസറാണ് ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. ബ്രെയിൻ ട്യൂമർ പിടിമുറുക്കിയതോടെ ശരണ്യയുടെ ആരോഗ്യ നില മോശമാവുകയും ചെയ്തു. അടുത്തിടെ ജീവിതത്തിലേക്ക് തിരികെ കയറുകയും ചെയ്തു.

ജീവിതത്തിന്റെ എല്ലാ പരീക്ഷണങ്ങളേയും മറികടന്ന് പഴയ സുന്ദരിക്കുട്ടിയായി വീണ്ടുമെത്തിയ ശരണ്യ സോഷ്യൽ മീഡിയകളിൽ സജീവമായി. പക്ഷേ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിറ്റി ലൈറ്റ്‌സ് എന്ന യൂ ട്യൂബ് ചാനലിൽ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്. ശരണ്യയെ തിരക്കിയെത്തുന്ന ഫോൺ കോളുകൾക്കു മറുപടിയുമായാണ് ശരണ്യയുടെ അമ്മ എത്തിയത്. മകൾക്ക് വീണ്ടും വയ്യാതായെന്നും കിടപ്പിലാണെന്നുമാണ് നിറ കണ്ണുകളോടെ ആ അമ്മ അറിയിച്ചത്.

'വിഡിയോയിൽ ശരണ്യയില്ല... അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്‌നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്‌കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.' വേദനയോടെ അമ്മ പറയുന്നു.

'സർജറിക്കു മുമ്പ് ഞങ്ങളുടെ രണ്ടുപേരുടെയും കോവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ഫലം നാളെ അറിയാം. ഈ ആഴ്ച തന്നെ സർജറി ഉണ്ടാകും. നവംബർ 28ന് നടത്തിയ സ്‌കാനിങിൽ ട്യൂമർ വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. കുറച്ച് കൂടി വെയ്റ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നുപോകുന്ന അസുഖമാണ്. അടുത്തത് വളരാനുള്ള സമയം കുറച്ച് കൂടി നീട്ടിക്കിട്ടും എന്ന ആശ്വാസത്തിലാണ് സർജറി താമസിപ്പിച്ചത്. അവൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പരമാവധി നീട്ടിക്കൊണ്ടുപോകാം എന്നായിരുന്നു അവരെല്ലാം പറഞ്ഞത്.'

'ജനുവരി 28നുള്ള സ്‌കാനിങിൽ അത് കുറച്ചുകൂടി വളർന്നു. അന്ന് തന്നെ മാർച്ചിൽ സർജറി ചെയ്യാമെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. ഇതിനിടയിൽ ബുദ്ധിമുട്ട് വന്നാൽ പെട്ടന്നു തന്നെ സർജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയിൽ അവൾ ഒരേ കിടപ്പായിരുന്നു. പക്ഷേ ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി.' ശരണ്യയുടെ അമ്മ പറയുന്നു.

'ഒട്ടും പ്രതീക്ഷിക്കാതെയാണ് അസുഖം വീണ്ടും വന്നിരിക്കുന്നത്. ആരെയും അറിയിക്കാതെ സർജറി ചെയ്തുപോയി വരാം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ സോഷ്യൽമീഡിയയുടെ മകളെ അന്വേഷിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്കു വേണ്ടിയാണ് ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞത്. എല്ലാവരും അവൾക്കു വേണ്ടി പ്രാർത്ഥിക്കണം. അവൾക്കൊട്ടും വയ്യ, മരുന്നിന്റെ ക്ഷീണമുണ്ട്. ഇപ്പോൾ കിടന്ന് ഉറങ്ങുകയാണ്. ഈ രണ്ടരമാസം ചിരിച്ചും കളിച്ചും സന്തോഷിച്ചും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്നു. അറിയുന്നതിനേക്കാൾ അറിയാത്തവരാണ് ഞങ്ങളെ കൂടുതൽ സഹായിച്ചത്.'അമ്മ പറയുന്നു.