ലക്‌നൗ: യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്കു നേരെ അതിക്രമം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രോവിൻസിലെ നാലു പേർക്കെതിരെയാണ് കയ്യേറ്റമുണ്ടായത്. 19നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ഝാൻസിയിൽ വച്ചാണ് സംഭവം.

മതംമാറ്റ നിരോധന നിയമം ഉപയോഗിച്ചു കേസെടുക്കാനും ശ്രമമുണ്ടായതായും കന്യാസ്ത്രീകൾ പറയുന്നു. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ 2 പേരെ വീട്ടിലെത്തിക്കാനാണു മലയാളി ഉൾപ്പെടെയുള്ള 2 സന്യാസിനിമാർ കൂടെപ്പോയത്. രണ്ട് പേർ സന്യാസ വസ്ത്രത്തിലും പഠനം നടത്തുന്നവർ സാധാരണ വേഷത്തിലുമായിരുന്നു. ഝാൻസിയിലെത്തിയപ്പോൾ, തീർത്ഥാടനം കഴിഞ്ഞെത്തിയ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ പ്രവേശിച്ചു. മതംമാറ്റാൻ രണ്ട് പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.

എന്നാൽ തങ്ങൾജന്മം കൊണ്ടു ക്രൈസ്തവരാണെന്നും മതംമാറ്റാൻ കൊണ്ടുപോവുകയല്ലെന്നും വിശദീകരിച്ചിട്ടും പിന്മാറാൻ തയാറായില്ല. അക്രമിസംഘം പരാതിപ്പെട്ടതോടെ പൊലീസും റെയിൽവേ സ്റ്റേഷനിലെത്തി. പുറത്തിറങ്ങാൻ പൊലീസ് സംഘം ആവശ്യപ്പെട്ടെങ്കിലും വനിതാ പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് ഇവർ അറിയിച്ചു. എന്നാൽ തങ്ങളെ ബലം പ്രയോഗിച്ചു പൊലീസ് പുറത്തിറക്കിയെന്ന് ഇവർ പറയുന്നു. ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാട്ടിയിട്ടും ഫലമുണ്ടായില്ല.

ട്രെയിനിൽ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ നൂറിലേറെ വരുന്ന സംഘവും മുദ്രാവാക്യവും പരിഹാസവുമായി ഇവർക്കൊപ്പം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കെത്തി. കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞു ഡൽഹിയിലെ സഹപ്രവർത്തകർ ഇടപെടുകയും അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തതോടെയാണ് ഇവരെ മോചിപ്പിച്ചത്. രാത്രി എട്ടരയോടെ സ്റ്റേഷനിലെത്തിയ ഇവരെ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയതോടെ പതിനൊന്നരയോടെ വിട്ടയച്ചു.