കോവിഡ് വാക്സിനിൽ രാഷ്ട്രീയക്കളി തുടരുമ്പോഴും യൂറോപ്പിലാകെ കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുകയാണ്. ലോക്ക്ഡൗൺ ഏപ്രിൽ വരെ നീട്ടിയ ജർമ്മനി നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തന്ന കാര്യം ആലോചിക്കുവാൻ വിവിധ സംസ്ഥാന നേതാക്കളുമായി നടത്തിയ ഉന്നതതല സമ്മേളനത്തിനു ശേഷമാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവരുന്നത്. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും ചോർന്നുകിട്ടിയ സമ്മേളന രേഖകൾ വ്യക്തമാക്കുന്നു. ബെൽജിയവും നെതർലാൻഡ്സും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

അതേസമയം ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ഫ്രാൻസിലെ മാഴ്സെല്ലെസിൽ ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്‌ച്ച തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ജർമ്മനി, ഹോളണ്ട്, ആസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, സെർബിയ, പോളണ്ട് എന്നിവിടങ്ങളിലും പ്രതിഷേധം കനക്കുകയാണെന്നാണ് അവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാരിസിൽ കഴിഞ്ഞയാഴ്‌ച്ച മുതൽ തന്നെ ലോക്ക്ഡൗൺ പ്രാബല്യത്തിലുണ്ടെങ്കിലും വസന്തകാല വെയിലേൽക്കാൻ ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്.

യൂറോപ്പിലെ വാക്സിൻ പദ്ധതി പരിതാപകരമായ സ്ഥിതിയിൽ തന്നെ തുടരുകയാണ്. കഷ്ടിച്ച് 8 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകാൻ സാധിച്ചിട്ടുള്ളത്. എന്നാൽ, രോഗവ്യാപനമാകട്ടെ റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുകയുമാണ്. തൊട്ടയൽപക്കത്തെ ബ്രിട്ടനിൽ ജനസംഖ്യയുടെ 40 ശതമാനം പേർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും നൽകിക്കഴിഞ്ഞു. മാത്രമല്ല, രോഗവ്യാപനവും കോവിഡ് മരണങ്ങളും ബ്രിട്ടനിൽ കുറഞ്ഞുവരികയുമാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടനിലേക്കുള്ള വാക്സിൻ കയറ്റുമതി തടയുമെന്ന ഭീഷണിയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയത്. വാക്സിൻ ശേഖരിക്കുന്നതിലും വിതരണം നടത്തുന്നതിലും സംഭവിച്ച തെറ്റുമൂടിവയ്ക്കാനാണ് രാഷ്ട്രീയ നേതൃത്വം വാക്സിൻ രാഷ്ട്രീയം കളിക്കുന്നത് എന്ന ആരോപണവും ഉയരുന്നു.

ജർമ്മനിയിൽ രോഗവ്യാപനം വളരെ കൂടുതലുള്ളയിടങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നവയൊഴിച്ചുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതുപോലെ കലാ-സാംസ്‌കാരിക-വിനോദ പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാര്യമായ നിയന്ത്രണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ രോഗവ്യാപനം ഇന്നത്തെ രീതിയിൽ വർദ്ധിക്കുവാനും തന്മൂലം ഏപ്രിൽ ആകുമ്പോഴേക്കും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ അതീവ സമ്മർദ്ദം ഉണ്ടാകുമെന്നും നേരത്തേ ഒരു റിപ്പോർട്ട് വന്നിരുന്നു. 1 ലക്ഷം പേരിൽ 104 രോഗികൾ എന്ന നിലയിലേക്ക് രോഗവ്യാപനം വർദ്ധിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.

കഴിയുന്നത്ര ഇടങ്ങളിൽ ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്ന നിർദ്ദേശം ഏപ്രിൽ 18 വരെ നീട്ടിയിട്ടുണ്ട്. അതുപോലെ തൊഴിലിടങ്ങളിൽ രോഗബാധ ഉണ്ടാകാതിരിക്കാൻ സ്ഥാപനങ്ങൾ ആഴ്‌ച്ചയിൽ കുറഞ്ഞത് രണ്ട് റാപിഡ് ടെസ്റ്റുകളെങ്കിലും നടത്തണമെന്നും നിർദ്ദേശമുണ്ട്. വീടുകളിൽ ഇരുന്ന് തൊഴിൽ ചെയ്യാൻ സാധിക്കാത്ത ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കേണ്ടത്. അതുപോലെ വിദേശയാത്ര നടത്തുന്നവരും ഇനിമുതൽ കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. മാത്രമല്ല, തിരികെയെത്തുമ്പോൾ ക്വാറന്റൈന് വിധേയരാകുകയും വേണം.

ഇതേ സാഹചര്യം തന്നെയാണ് ഇപ്പോൾ നെതർലാൻഡ്സിലും ബെൽജിയത്തിലും ഇതുതന്നെയാണ് സാഹചര്യം. രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ്. നേരത്തേ പ്രഖ്യാപിച്ചിരുന്നതുപോലെ, ബെൽജിയത്തിൽ ഈസ്റ്ററിനുശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും എന്നത് സംശയമായിരിക്കുകയാണ്. അതേസമയം, ഏപ്രിലിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകുകയാണെങ്കിൽ അത് നിരവധി പുതിയ നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന് അറിയുന്നു. ഉടനെയൊന്നും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനാകില്ലെന്ന് ബെൽജിയം ആരോഗ്യകാര്യ മന്ത്രി വാൻഡർബ്രോക്ക് അറിയിച്ചു.

നെതർലാൻഡ്സിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ മന്ത്രിമാരുടെ യോഗം ഞായറാഴ്‌ച്ച ചേർന്നിരുന്നെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ അത് വേണ്ട എന്ന നിലപാടിലെത്തുകയായിരുന്നു. മാർച്ച് 31 ന് യൂണിവേഴ്സിറ്റികൾ തുറക്കുന്നതും, റെസ്റ്റോറന്റുകൾ തുറക്കുന്നതും നടക്കുവാൻ ഇടയില്ല. ഏതായാലും ഇക്കാര്യത്തിൽ ഒരു അവസാന തീരുമാനം ഇന്ന് പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, പല യൂറോപ്യൻ രാജ്യങ്ങളിലും നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളും ശക്തിപ്രാപിച്ചു വരികയാണ്.

അതേസമയം വാക്സിൻ പ്രതിസന്ധി പരിഹരിക്കാൻ ബോറിസ് ജോൺസൺ മുന്നിട്ടിറങ്ങും എന്നറിയുന്നു. നെതർലാൻഡ്സിലെ ഉദ്പാദനയൂണിറ്റിൽ ഉദ്പാദിപ്പിക്കുന്ന അസ്ട്രസെനെക്കയുടെ വാക്സിനിൽ ബ്രിട്ടന്റെ വിഹിതത്തിൽ നിന്നും ഒരു ഓഹർ യൂറോപ്യൻ യൂണിയന് നൽകിയേക്കും എന്നറിയുന്നു. ഫൈസറിന്റെയും അസ്ട്രാസെനെകയുടെ വാക്സിനുകളുടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതി നിരോധിക്കുവാൻ യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുന്നതിനിടയിലാണിത്.