ഇംഗ്ലീഷ് ചാനൽ വഴിയും റോഡുമാർഗ്ഗവുമൊക്കെ യൂറോപ്പിന്റെ മറ്റു ഭഗങ്ങളിൽ നിന്നും അഭയം തേടി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതോടെ കുടിയേറ്റ നിയമത്തിൽ പുതിയ പരിഷ്‌കാരങ്ങളുമായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തുന്നു. ഇനി മുതൽ അനധികൃതമായി ബ്രിട്ടനിൽ എത്തുന്നവർക്ക് അഭയാർത്ഥികൾക്ക് ലഭിക്കുന്ന പരിഗണനകൾ പൂർണ്ണമായും ലഭിക്കുകയില്ല. അഭയം തേടി എത്തുന്നവരെ രണ്ടു വിഭാഗമായി തിരിക്കുകയാണ് പുതിയ നിയമത്തിലൂടെ.

അഭയാർത്ഥി പദവിക്ക് അപേക്ഷിക്കാൻ നിയമപരമായി അർഹതയുണ്ടെങ്കിൽ കൂടി, അനധികൃതമായി എത്തുന്നവർക്ക് താത്ക്കാലികമായി മാത്രമേ രാജ്യം ഇനി മുതൽ അഭയമൊരുക്കുകയുള്ളു. അതിനുപുറമേ, സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾക്ക് ഇവർക്ക് അർഹതയുണ്ടാവുകയുമില്ല. കുടുംബവുമായി ഒത്തുചേരാനുള്ള അവകാശം എന്ന മൗലികാവകാശത്തിനു കീഴിൽ ബന്ധുക്കളെ ബ്രിട്ടനിൽ കൊണ്ടുവരാനും ഇവർക്ക് അവകാശമുണ്ടാവുകയില്ല.

അതിനൊപ്പം തന്നെ, മറ്റു രാജ്യങ്ങളിൽ അഭ്യയാർത്ഥി സ്റ്റാറ്റസിന് അപേക്ഷിച്ചിരിക്കുന്ന, അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ത്വരിതഗതിയിലാക്കും. അതുപോലെ, ബ്രിട്ടനിലെത്തുന്നതിനു മുൻപ് തന്നെ അഭയാർത്ഥി സ്റ്റാറ്റസിന് അപേക്ഷ നൽകി ഐക്യരാഷ്ട്ര സഭയുടെ റെഫ്യുജീ ഏജൻസി പോലുള്ള സംവിധാനങ്ങൾ വഴി നിയമപരമായി എത്തുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് നൽകുകയില്ല. ഇത്തരക്കാർക്ക് ഉടനടി ബ്രിട്ടനിലേക്ക് വരാനുള്ള അനുവാദം നൽകുകയും അനിശ്ചിത കാലത്തേക്ക് ഇവിടെ തുടരാനുള്ള അനുമതി നൽകുകയും ചെയ്യും.

ഈ പുതിയ അഭയാർത്ഥി നിയമം ഒരു വിവാദമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. അഭയാർത്ഥികളെ രണ്ടായി വിഭജിക്കുന്നത് തന്നെ വിവാദമുയർത്തും. എന്നാൽ, ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നതിൽ തീരെ പശ്ചാത്താപമില്ലെന്ന് പറഞ്ഞ പ്രീതി പട്ടേൽ ഇത് രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുവാനാണെന്നും പറഞ്ഞു. ഇതിനൊപ്പം അഭയാർത്ഥി സ്റ്റാറ്റസിനുള്ള അപേക്ഷകൾ പെട്ടെന്ന് പരിഗണിക്കാനുതകുന്ന സംവിധാനങ്ങൾ ചെയ്യുമെന്നും അവർ പറഞ്ഞു. നിയമപരമായി എത്തുന്നവർക്കായി റിസപ്ഷൻ സെന്ററുകൾ തുറക്കുമെന്നും ഇവർ അറിയിച്ചു.

തങ്ങളെ വേട്ടയാടുന്നു എന്നതുപോലുള്ള ആരോപണങ്ങൾ വ്യക്തമായ തെളിവുകളില്ലാതെ ഇനി ഉന്നയിക്കുവാൻ അഭയാർത്ഥികൾക്ക് കഴിഞ്ഞേക്കില്ല. മാത്രമല്ല, കുട്ടികൾ എന്ന് അവകാശപ്പെട്ടു കൂടെകൊണ്ടുവരുന്നവരുടെ യഥാർത്ഥ പ്രായം അറിയുവാൻ ഒരു സ്വതന്ത്ര ഏജൻസിയെ നിയമിക്കും. അതുപോലെ, വിദേശത്തുനിന്നെത്തുന്ന കള്ളക്കടത്തുകാർക്കും കുറ്റവാളികൾക്കും കൂടുതൽ കടുത്ത ശിക്ഷ ഉറപ്പാക്കും. പാക്കിസ്ഥാനിൽ മതനിന്ദ കുറ്റത്തിന് ശിക്ഷയനുഭവിച്ച ആസിയ ബീബിയെ പോലെ സ്വന്തം നാട്ടിൽ ജീവനു ഭീഷണിനേരിടുന്നവരെ ബ്രിട്ടനിലെത്തിക്കാൻ പുതിയൊരു ഹ്യുമാനിറ്റേറിയൻ റൂട്ട് രൂപീകരിക്കും.

നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ ബ്രിട്ടനിലെത്തുന്നവർക്ക് അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കുവാൻ പൂർണ്ണ യോഗ്യത ഉണ്ടെങ്കിൽ കൂടി അവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നൽകില്ല. മറിച്ച് 30 മാസത്തേക്കുള്ള താത്ക്കാലികപെർമിറ്റ് മാത്രമായിരിക്കും നൽകുക. ഇത് പിന്നീട് പുനർവിശകലനം നടത്തി, അർഹതയുണ്ടെങ്കിൽ പുതുക്കി നൽകും. ഉദാഹരണത്തിന്, ഈ കാലയളവിൽ അവരുടെ രാജ്യത്തെ സ്ഥിതി മെച്ചപ്പെടുകയും, അവർക്ക് അപകട ഭീഷണി ഇല്ലെന്ന് ബോദ്ധ്യപ്പെടുകയും ചെയ്താൽ ഉടനെ അവരെ തിരിച്ചയയ്ക്കും.