കർണാടക: അറിയാതെ എടുത്ത പലഹാരത്തിന് സ്വന്തം ജീവൻ ബലി നൽകി ആ പത്തു വയസ്സുകാരൻ ഈ ലോകത്തോട് വിടപറഞ്ഞു. പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മർദിക്കുകയും മണിക്കൂറുകളോളം മുതുകിൽ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത ഹരീഷയ്യ എന്ന ബാലൻ ആശുപത്രിയിൽ മരിച്ചു. കടയുടമയുടെയും കുടുംബത്തിന്റെയും കൊടുംക്രൂരതയ്ക്ക് ഇരയായ കുട്ടി ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ഒടുവിലാണ് മരണം വരിച്ചത്.

വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിൽ 16നാണു സംഭവം. പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു ആരോപിച്ച് കടയുടമ കുട്ടിയെ ശിക്ഷിക്കുക ആയിരുന്നു. തലങ്ങും വിലങ്ങും തല്ലി കൊതി തീർത്ത ശേഷം കുട്ടിയുടെ മുതുകിൽ കല്ല് കെട്ടിവച്ചു. സമീപത്തു വീടു നിർമ്മാണത്തിനെടുത്ത കുഴിയിൽ ഇറക്കി ഇരുത്തിയ ശേഷം മുതുകിൽ ഭാരമുള്ള പാറക്കല്ല് കെട്ടിവക്കുക ആയിരുന്നു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.

ആശുപത്രിയിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു കൊടും ക്രൂരത പുറത്തറിഞ്ഞത്. നേരത്തേ പരാതി നൽകിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയെ അന്വേഷിച്ചെത്തിയ കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു. മകനെ തിരഞ്ഞ് അച്ഛൻ നാഗയ്യ എത്തിയപ്പോൾ 'അവൻ പാഠം പഠിക്കട്ടെ' എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോൾ അവരെ മർദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്.

തീരെ അവശനായ കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകൻ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്.