പത്തനംതിട്ട: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ അറസ്റ്റിൽ. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തൻവീട്ടിൽ ജെറിൻ (23) മരിച്ച സംഭവത്തിലാണ് സഹോദരൻ അറസ്റ്റിലായത്. ജെറിന്റെ സഹോദരൻ ജസ്റ്റിൻ സി.എബി (28) ആണ് അറസ്റ്റിലായത്. സഹോദരന്റെ കയ്യിൽ നിന്നും തലയ്ക്ക് വിറകിന് അടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മാസം 25ന് ആണ് കേസിനാസ്പദമായ സംഭവം. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ താൽപര്യപ്പെട്ടിരുന്ന ജെറിനെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് ജസ്റ്റിൻ വിറകിന് അടിക്കുക ആയിരുന്നു. ജെറിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചുള്ള വാക്കുതർക്കത്തെ തുടർന്നാണ് ജെസ്റ്റിൻ ജെറിനെ അടിച്ചത്. തലയ്ക്ക് അടിയേറ്റ ജെറിൻ ബോധരഹിതനായി താഴെ വീഴുക ആയിരുന്നു.

ബോധരഹിതനായ ജെറിനെ ജെസ്റ്റിൻ കുളിപ്പിച്ച് കിടത്തി. തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ കട നടത്തുന്ന മാതാപിതാക്കൾ വൈകിട്ട് എത്തിയപ്പോൾ ജെറിന് അപസ്മാരം വന്നതാകാമെന്നു കരുതി ആശുപത്രിയിൽ കൊണ്ടുപോയി. കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിനാണ്് മരണം സംഭവിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടതിനെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ജെറിന്റെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളിൽനിന്നു പൊലീസ് കണ്ടെടുത്തു.

കൊലപാതകത്തിന് അറസ്റ്റിലായ ജസ്റ്റിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ബിബിൻ പ്രകാശ്, എഎസ്‌ഐമാരായ ജോയി, അഭിലാഷ്, ദിലീപ് ഖാൻ, സിപിഒമാരായ അരുൺ, സന്തോഷ്, സുമേഷ്, ഡബ്ല്യുസിപിഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.