- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർണിങ് വാക്കിനിടെ ഉടമ ബോധം കെട്ടുവീണു; ചുറ്റിനും ഓടി നടന്ന ശേഷം കാർ തടഞ്ഞ് ആളെ നിർത്തി രക്ഷിക്കാൻ മുൻകൈ എടുത്ത് വളർത്തു നായ; മനുഷ്യനേക്കാൾ സ്നേഹമുള്ള നായ്ക്കളുടെ കഥയിലെ ഏറ്റവും പുതിയ വീഡിയോ
ഒരു ശരാശരി മനുഷ്യനേക്കാൾ മനുഷ്യത്വം ഒരു ശരാശരി നായയ്ക്കുണ്ടാകുമെന്ന് പറഞ്ഞത് അമേരിക്കൻ ടി വി താരമായ ആൻഡി റൂണിയാണ്. പലപ്പോഴും മനുഷ്യത്വത്തെ കുറിച്ച് മനുഷ്യനെ ഓർമ്മിപ്പിക്കുവാൻ നായ്ക്കൾക്കായിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഒരു വീഡിയോ വൈറലാവുകയാണ്. കാനഡയിലെ ഓട്ടാവയിലുള്ള സ്റ്റിറ്റ്സ്വില്ലയിലാണ് സംഭവം നടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 16 ന് നടന്ന സംഭവം തൊട്ടടുത്ത ഒരു വീട്ടിലെ സി സി കാമറയിലാണ് പതിഞ്ഞത്.
ഹാലെ മൂർ എന്ന യുവതി തന്റെ വളർത്തുനായയുമായി പതിവുപോലെ പ്രഭാതസവാരിക്കിറങ്ങിയതാണ്. പെട്ടെന്നാണ് ബോധംകെട്ട് റോഡിൽ വീണത്. വഴിയരുകിൽ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ സ്വന്തം കാര്യം നോക്കിപോകുന്ന മനുഷ്യരിൽ നിന്നും ഒന്നരവയസ്സു മാത്രം പ്രായമുള്ള ക്ലോവർ എന്ന വളർത്തു നായ വ്യത്യസ്തമായത് ഇവിടെയാണ്. ബോധം കെട്ടുവീണ തന്റെ മനുഷ്യ സഹോദരിക്ക് കാവൽ നിന്നുകൊണ്ടു തന്നെ അതുവഴി പാഞ്ഞുപോകുന്ന വാഹനങ്ങൾ നിർത്തിക്കാനുള്ള ശ്രമം തുടങ്ങി ഈ വളർത്തുനായ.
സമയം കഴിഞ്ഞുപോയിട്ടും വാഹനങ്ങൾ ഒന്നും ലഭിക്കാതെയായപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല ഇവൾ. സ്വന്തം ജീവൻ തന്നെ പണയത്തിലാക്കിക്കൊണ്ട് വാഹനങ്ങൾ പാഞ്ഞ്പോകുന്ന നിരത്തിന്റെ മദ്ധ്യത്തിലേക്കിറങ്ങിച്ചെന്ന് ഒരു ട്രക്കിന്റെ വഴി തടയാൻ ശ്രമിച്ചു. നായയെക്കണ്ട ട്രക്ക് ഡ്രൈവർ വാഹനം നിർത്തി അതിന്റെ അടുത്തെത്തി. ഈ സമയത്തെല്ലാം ഈ നായ് വഴിയരുകിൽ ബോധമറ്റുകിടക്കുന്ന തന്റെ ഉടമയെ കൂടെക്കൂടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു.
കാഴ്‌ച്ചകണ്ട ട്രക്ക് ഡ്രൈവർ തൊട്ടടുത്ത ഒരു വീടിന്റെ ഡോർബെൽ അടിച്ച് വീട്ടുടമയെ കാര്യം ധരിപ്പിച്ചു. അപ്പോഴേക്കും തൊട്ടടുത്തുതന്നെയുണ്ടായിരുന്ന മറ്റൊരു വീട്ടിലെ ആളുടെ ശ്രദ്ധയാകർഷിക്കാനും ഈ നയയ്ക്ക് കഴിഞ്ഞു. ഇവരെല്ലാം എത്തിയിട്ടും നായ തന്റെ ഉടമയെ വിട്ടുപോകാൻ ആദ്യം മടിച്ചു. പിന്നീട് ആംബുലൻസ് എത്തി അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ ആരംഭിച്ചപ്പോഴാണ്, അവിടെയുണ്ടായിരുന്ന മറ്റൊരു യുവതിയേയും കൂട്ടി ഈ നായ ഹാലിയുടെ വീട്ടിലെത്തിയത്.
സംസാരിക്കാൻ തനിക്കാവില്ലെന്നറിയാവുന്ന നായ അത് അറിയാവുന്ന ഒരാളേയും കൂട്ടി വീട്ടിലെത്തുകയായിരുന്നു, ഹാലിയുടെ മാതാപിതാക്കളോട് സംഭവിച്ചതെല്ലാം പറയുവാൻ. വിവരമറിഞ്ഞ് മാതാപിതാക്കൾ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഹാലിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നു. പൂർണ്ണ സുഖം പ്രാപിച്ച ഹാലി രണ്ടു ദിവസത്തിനകംവീട്ടിൽ തിരിച്ചെത്തി.
ഹാലിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും അവരുടെ മാതാപിതാക്കൾക്ക് അറിയില്ല. പക്ഷെ തങ്ങളുടെ മകളെ നോക്കാൻ ചങ്കുപോലെ ക്ലോവർ കൂടെയുണ്ടെന്നുള്ള തിരിച്ചറിവ് അവരെ ഏറെ സന്തോഷിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ