- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിതങ്ങൾക്കിടയിലും ആറുകോടിയുടെ പ്രലോഭനത്തിൽ വീഴാത്ത സ്മിജയെ അഭിനന്ദിക്കാൻ മറ്റൊരു ലോട്ടറിക്കഥയിലെ നായകൻ; കടം പറഞ്ഞ ടിക്കറ്റിന്റെ ഒരു കോടി നൽകിയ സത്യവാൻ സുരേഷ് സ്മിജയ കണ്ടുമുട്ടിയപ്പോൾ
ആലുവ: സ്വന്തം ജീവിത ദുരിതങ്ങൾക്കിടയിൽ കോടിയുടെ ഭാഗ്യം ഉള്ളം കയ്യിലെത്തിയിട്ടും സത്യസന്ധതയ്ക്കും കൊടുത്ത വാക്കിനും മൂല്യം കൽപ്പിച്ച സ്മിജയെ കേരളക്കര ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ഇതിനും മുന്നേ ഇത്ര സത്യസന്ധതയെ കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഇപ്പോൾ സ്മിജയെ അഭിനന്ദിക്കാൻ സമാനമായ മറ്റൊരു ലോട്ടറിക്കഥയിലെ നായകൻ സത്യവാൻ സുരേഷ് എത്തി. കടംപറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ സമ്മാനം അടിച്ചപ്പോൾ പണം കൈയിൽ കിട്ടാതിരുന്നിട്ടും ലോട്ടറി ടിക്കറ്റ് വീട്ടിലത്തിച്ചു നൽകിയ ആളാണ് കിഴക്കേ കടുങ്ങല്ലൂരിലെ ലോട്ടറി ഏജന്റായ സുരേഷ്.
സ്മിജയുടെ സത്യസന്ധതയുടെ വാർത്ത കേരളക്കര ചർച്ചയാക്കിയപ്പോൾ സത്യവാൻ സുരേഷ് സ്മിജയെ കാണാൻ വീട്ടിലേക്ക് എത്തുക ആയിരുന്നു. സ്മിജയുടേതിന് സമാനമാണ് സുരേഷിന്റെയും സത്യസന്ധതയുടെ കഥ. 2012 ജനുവരി 21നാണ് സുരേഷിന്റെ സത്യസന്ധത ലോകം തിരിച്ചറിഞ്ഞത്. കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി 40,000 രൂപ സുരേഷിന്റെ പക്കലുള്ള ടിക്കറ്റിനാണ് അടിച്ചത്. തലേ ദിവസം കണിയാൻകുന്ന് സ്വദേശി അയ്യപ്പൻ എന്ന മൈക്ക് സെറ്റുകാരൻ കടം വാങ്ങി മാറ്റിവച്ച അഞ്ച് ടിക്കറ്റുകളിൽ ഒന്നായിരുന്നു അത്. 50 രൂപയാണ് ടിക്കറ്റിന്റെ വില.
കടം പറഞ്ഞുവെച്ചെങ്കിലും ടിക്കറ്റ് വില അയ്യപ്പൻ നൽകിയില്ല. പിറ്റേന്നു നറുക്കെടുപ്പാണെന്നും ഉച്ചയ്ക്കു മുൻപ് 250 രൂപ തന്നില്ലെങ്കിൽ വേറെ വിൽക്കുമെന്നും സുരേഷ് പറഞ്ഞപ്പോൾ മറ്റുള്ളവരെല്ലാം പണം നൽകി ടിക്കറ്റ് കൈപ്പറ്റി. അയ്യപ്പൻ മാത്രം ചെന്നില്ല. പണവും കൊടുത്തില്ല. ടിക്കറ്റ് മാറ്റിവച്ച കാര്യം തന്നെ വയോധികനായ അദ്ദേഹം മറന്നുപോയി. ടിക്കറ്റുകളുടെ നമ്പറും അയ്യപ്പൻ കുറിച്ചെടുത്തിരുന്നില്ല. എന്നിട്ടും സമ്മാനം ലഭിച്ച ടിക്കറ്റ് സുരേഷ് അയ്യപ്പന്റെ വീട്ടിൽ എത്തിച്ചു കൊടുത്തു.
മാള കുണ്ടൂർ സ്വദേശിയായ സുരേഷിന് അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടു പോലും ഇല്ലാത്ത കാലത്തായിരുന്നു ഇത്. കാശു തരാത്ത സ്ഥിതിക്ക് അയ്യപ്പനു ടിക്കറ്റിന് അവകാശമില്ലെന്നു പലരും ഉപദേശിച്ചെങ്കിലും സുരേഷ് വഴങ്ങിയില്ല. ഈ സംഭവത്തോടെയാണു സത്യവാൻ സുരേഷ് എന്നു പേരു വന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 129 സ്വീകരണങ്ങളാണു അന്ന് സുരേഷിനു ലഭിച്ചത്.
പലരിൽ നിന്നായി 25 ലക്ഷം രൂപ പാരിതോഷികവും കമ്മിഷൻ ഇനത്തിൽ എട്ടര ലക്ഷം രൂപയും കിട്ടി. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് ആദ്യം അനുമോദിച്ചത്. അദ്ദേഹം 5 ലക്ഷം രൂപ നൽകി. തമിഴ് നടന്മാരായ വിവേകും പാർഥിപനും കാഷ് അവാർഡ് പ്രഖ്യാപിച്ചു. പാർഥിപൻ ആയിടെ വാങ്ങിയ ഒരു കോടി രൂപയുടെ കാറിൽ കന്നിയാത്ര നടത്തിയതു സുരേഷായിരുന്നു. സുരേഷ് കയറിയിട്ടേ താൻ കയറൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാഞ്ചി കാമകോടി മഠത്തിലെ സ്വാമി ജയേന്ദ്ര സരസ്വതി അവിടേക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ നൽകി. മുംബൈ ഷണ്മുഖാനന്ദ സംഗീത സഭ രണ്ടര ലക്ഷം രൂപയും സുരേഷിന്റെ പൊക്കവും തൂക്കവുമുള്ള നിലവിളക്കും കൊടുത്തു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമാണ് ഇവ സമ്മാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ