വെർജിന: വെർജിനിയ സംസ്ഥാനത്തു നിലവിലിരുന്ന വധശിക്ഷ അവസാനിപ്പിക്കുന്ന ഉത്തരവിൽ ഗവർണ്ണർ റാൾഫ് നോർത്തൺ മാർച്ച് 24 ബുധനാഴ്ച ഒപ്പുവെച്ചു.ഡമോക്രാറ്റിക്ക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള നിയമസഭ കഴിഞ്ഞ മാസം ഇതു സംബന്ധിച്ചുള്ള ബിൽ പാസ്സാക്കിയിരുന്നു.

സംസ്ഥാന വധശിക്ഷ നടപ്പാക്കുന്ന ഗ്രീൻസ് വില്ല കറക്ഷ്ണൽ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഗവർണ്ണർ ബില്ലിൽ ഒപ്പുവെച്ചത്.1608 ൽ വധശിക്ഷ നിലവിൽ വന്നതിനുശേഷം ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയത് കോമൺ വെൽത്ത് ഓഫ് വെർജീനിയയായിരുന്നുവെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി.

മരണശിക്ഷയെ എതിർക്കുന്നവർ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം, വംശീയതയുടെ പേരിൽ നിരവധി പേർ വധശിക്ഷക്ക് വിധേയരാകുന്നുവെന്നാണ്. വെളുത്ത വർഗക്കാരേക്കാൾ കൂടുതൽ കറുത്തവർഗ്ഗക്കാരാണ് വധശിക്ഷക്ക് വിധേയരാകുന്നത്. 'സ്റ്റേറ്റ് സ്പോൺസേർഡ് റേസിസം' അവസാനിപ്പിക്കുന്ന നല്ലൊരു ദിവസമാണിത്. ഡെമോക്രാറ്റിക് പ്രതിനിധി ജെയ് ജോൺസ് പറഞ്ഞു.

വെർജിനിയ ഹൗസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ എതിർത്തപ്പോൾ രണ്ട് അംഗങ്ങൾ ഡമോക്രാറ്റിക് അംഗങ്ങളോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്തു.ബിൽ പാസ്സാക്കുന്നതിന് സഹകരിച്ച എല്ലാ അംഗങ്ങൾക്കും ഗവർണ്ണർ നന്ദി പറഞ്ഞു. അമേരിക്കയിൽ വധശിക്ഷ നിർത്തലാക്കിയ 22 സംസ്ഥാനങ്ങളുടെ കൂടെ വെർജിനിയായും ഉൾപ്പെട്ടു.