കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചി നോളെജ് പാർക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവർത്തനങ്ങൾക്കും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കും ഉതകുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ള സിറ്റി ക്യാമ്പസ് നോളെജ് പാർക്കിന്റെ കൊച്ചിയിലെ രണ്ടാമത്തെ കേന്ദ്രമാണ്.

ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാനായുള്ള സംസ്ഥാന സർക്കാരിന്റെ യജ്ഞത്തിൽ നോളെജ് പാർക്ക് തനതായ പങ്ക് വഹിക്കുന്നുണ്ടെന്ന് നോളെജ് പാർക്ക് ചീഫ് എക്സിക്യുട്ടിവ് ടോം ജോസഫ് അഭിപ്രായപ്പെട്ടു. നോളെജ് പാർക്കിന്റെ മൂന്നാമത്തെ ക്യാമ്പസ് കോഴിക്കോട് താമസിയാതെ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.