ചാലക്കുടി: ചാലക്കുടിയിൽ സിപിഎം പ്രവർത്തകൻ ഭാര്യയുടെ കൺമുൻപിൽ വെട്ടേറ്റു മരിച്ചു. ഭാര്യയ്‌ക്കൊപ്പം പുല്ല് അരിയാൻ പോയ പരിയാരം മുനിപ്പാറയിൽ സിപിഎം പ്രവർത്തകൻ കളത്തിൽ ഡേവിസ് (58) നെയാണ് അതിദാരുണമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ 4 സിപിഐ പ്രവർത്തകരാണെന്നു പൊലീസ് അറിയിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഏഴോടെ വീടിനോടു ചേർന്നുള്ള പറമ്പിലാണ് സംഭവം. ഭാര്യ മേരിയോടൊപ്പം പശുവിനു പുല്ല് അരിയുക ആയിരുന്ന ഡേവിസിനെ പ്രതികൾ വടിവാൾ കൊണ്ട് വെട്ടുകയും ചുറ്റിക കൊണ്ട് അടിക്കുകയും ചവിട്ടി വീഴ്‌ത്തുകയും ചെയ്തു. ശേഷം സംഭവ സ്ഥലത്ത് നിന്നും പ്രതികൾ ഓടി രക്ഷപ്പെട്ടു. മേരി നിലവിളിച്ചതോടെ അയൽവാസികൾ എത്തി ഡേവിസിനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലും തുടർന്നു രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറ്റിലേറ്റ ചവിട്ടിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതും മരണകാരണമായി.

കൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നാണു പൊലീസിന്റെ വിശദീകരണം. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ മേരിയുടെ മൊഴിയെടുത്ത പൊലീസ് സിപിഐ പ്രവർത്തകരായ മുനിപ്പാറ പാത്രക്കട ഷിജിത്, പാത്രക്കട സുജിത് സുരേഷ് (34), പാത്രക്കട ബാബു, റഷീദ് എന്നിവർക്കെതിരെ കേസെടുത്തു. സുജിത് സംഭവ സ്ഥലത്തിനു സമീപത്തു നിന്നും മറ്റു രണ്ട് പേർ മുനമ്പത്തു നിന്നും കസ്റ്റഡിയിലായെന്നു സൂചനയുണ്ട്.

ആറ് മാസം മുൻപു ഡേവിസിന്റെ വീടിനു മുൻപിലുള്ള വഴിയിൽ മുഖ്യപ്രതി ഷിജിത് വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടാകുകയും ഷിജിത്തിന്റെ കാൽ തല്ലിയൊടിച്ചതിനു ഡേവിസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഡേവിസ് 2 മാസം മുൻപാണു സിപിഎമ്മിൽ ചേർന്നത്.

ഡേവിസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്നു നടത്തും. സംസ്‌കാരം ഇന്നു 4ന് മുനിപ്പാറ സെന്റ് ജൂഡ് പള്ളിയിൽ. മക്കൾ: ശ്രീജിത്, രഞ്ജിത് (ഇരുവരും ദുബായ്). മരുമക്കൾ: വർഷ (ദുബായ്), അശ്വതി.