- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലും സിഡ്നിയിലും ശതകോടികൾ വിലമതിക്കുന്ന ആഡംബര കൊട്ടാരത്തിന്റെ ഉടമ; ഇപ്പോൾ പ്രതിസന്ധിയിലായ ലിബർട്ടി സ്റ്റീൽ ഉടമ സഞ്ചീവ് ഇന്ത്യൻ വംശജൻ
ലണ്ടനിലെ ആഡംബര സൗധം നവീകരിക്കുന്നതിൽ ഭാര്യ മുഴുകിയിരിക്കുമ്പോൾ ഭർത്താവ് തന്റെ വ്യവസായത്തെ രക്ഷിക്കുവാൻ സർക്കാരിൽ നിന്നും 170 മില്ല്യൺ അടിയന്തര സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ വംശജനും ലിബർട്ടി സ്റ്റീൽ ഉടമയുമായ സഞ്ചീവ് ഗുപ്തയാണ് തന്റെ ഉടമസ്ഥതയിലുള്ള ജി എഫ് സി അലയൻസിന്റെ കീഴിലുള്ള ലിബർട്ടി സ്റ്റീലിനെ രക്ഷിക്കുവാനായി സർക്കാർ ധനസഹായത്തിന് അപേക്ഷിച്ചിരിക്കുനത്. കമ്പനിക്ക് പ്രധാന ധനസഹായം നൽകികൊണ്ടിരിക്കുന്ന ഗ്രീൻസിൽ കാപിറ്റൽ ഈ മാസമാദ്യം തകർന്നതോടെയാണിത്.
ബ്രിട്ടനിലെ മൂന്നാം ലോക്ക്ഡൗൺ മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനും പ്രവർത്തനത്തിനുള്ള തുക കണ്ടെത്തുന്നതിനുമായാണ് സഹായത്തിന് അഭ്യർത്ഥിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വരുന്ന ലിബർട്ടി സ്റ്റീൽ ജീവനക്കാർ തൊഴിൽ നഷ്ടത്തിന്റെ ഭീതിയിൽ ജീവിക്കുമ്പോൾ സഞ്ചീവ് ഗുപതയുടെ ഭാര്യ നിക്കോള 42 മില്ല്യൺ പൗണ്ട് ചെലവഴിച്ച് തങ്ങളുടെ അഡംബര സൗധം നവീകരിക്കുന്ന ശ്രമത്തിലാണ്. ഭർത്താവിനൊപ്പം സിഡ്നിയിൽ 19 മില്ല്യൺ വിലയുള്ള മറ്റൊരുആഡംബര സൗധം കൂടിയുള്ള നിക്കോളയ്ക്ക് കഴിഞ്ഞയാഴ്‌ച്ചയാണ് ഇതുസംബന്ധിച്ച അനുമതി ലഭിച്ചത്.
ലുധിയാനയിലെ ഒരു വ്യാവസായിക കുടുംബത്തിൽജനിച്ച ഗുപ്ത, 2009-ൽ ആഫ്രിക്കയിൽ സ്റ്റീൽ പ്ലാന്റുകൾ വാങ്ങിക്കൊണ്ടാണ് ഉരുക്കുനിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരു വർഷത്തിനുശേഷം 2010-ൽ ഏഷ്യയിലേക്കും തന്റെ ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിച്ചു. സിംഗപൂർ ആസ്ഥാനമാക്കി, ഹോംഗ്കോങ്ങിൽ ഒരു ഹബ്ബ് നിർമ്മിച്ച് ചൈനീസ് വിപണിയിലായിരുന്നു സഞ്ചീവ് ഗുപ്ത പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2013-ൽ സ്റ്റീൽ യു കെയുടെ പ്ലാന്റുകൾ വാങ്ങിക്കൊണ്ടാണ് ഗുപ്ത ബ്രിട്ടീഷ് വിപണിയിൽ പ്രവേശിക്കുന്നത്.
പ്രധാനമായും കെട്ടിട നിർമ്മാണം, ഓട്ടോമൊബൈൽ, പൈപ്പ്സ് ആൻഡ് ട്യുബ്സ്, തുടങ്ങിയ വ്യവസായങ്ങൾക്ക് ആവശ്യമായ ഹോട്ട് റോൾഡ് കോയിലാണ് ലിബർട്ടി സ്റ്റീൽസ് നിർമ്മിക്കുന്നത്. 2016-ൽ വെസ്റ്റ് മിഡ്ലാൻഡ്സിൽ 1,000 ത്തോളം തൊഴിൽ നഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് കപാരോ ഇൻഡ്സ്ട്രീസ് ഗുപ്ത വാങ്ങിയിരുന്നു. അതേവർഷം തന്നെ നേരത്തേ എറ്റെടുത്തിരുന്ന ക്ലൈഡ്ബ്രിഡ്ജ്, ഡെയ്സൽ സ്റ്റീൽ മില്ലുകളുടെ നിയമപരമായ കാര്യങ്ങളെല്ലാം നേരെയാക്കി പ്രവർത്തനവും ആരംഭിച്ചു. സ്റ്റീൽ പ്ലേറ്റുകൾ നിർമ്മിക്കുന്ന ഡെയ്സെൽ സ്റ്റീൽ വീണ്ടും തുറന്നപ്പോൾ ഉദ്ഘാടനം നടത്തിയത് സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനായിരുന്നു.
ടാറ്റാ സ്റ്റീലിന്റെ പ്ലാന്റുകൾ ഉൾപ്പടെ ബ്രിട്ടനിലെ പ്രധാന പ്ലാന്റുകളെല്ലാം ഒന്നൊന്നായി പിന്നീറ്റ് ഗുപ്തയുടെ കൈവശം വന്നുചേരുകയായിരുന്നു. 2019-ൽ ഇതെല്ലാം ഏകോപിച്ചുകൊണ്ട് ലിബർട്ടി സ്റ്റീൽ ഗ്രൂപ്പിനു കീഴിൽ കൊണ്ടുവരികയായിരുന്നു. 2030 ആകുമ്പോഴേക്കും സീറോ കാർബൺ കമ്പനികളായി എല്ലാ കമ്പനികളേയും മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗുപ്ത അലുമിനിയം രംഗത്തേക്കും പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്താണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.
ആയിരക്കണക്കിന് തൊഴിൽനഷ്ടം ഒഴിവാക്കുവാൻ ലിബർട്ടി സ്റ്റീൽ ദേശസാത്ക്കരിക്കണമെന്ന നിർദ്ദേശവും ഉയർന്നു വന്നിട്ടുണ്ട്. ബ്രിട്ടീഷ് സാമ്പത്തികവ്യവസ്ഥയുടെ തന്നെ അടിസ്ഥാനമാണ് ഉരുക്കുവ്യവസായം എന്നും, ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾ ഒഴിവാക്കുവാനുള്ള ശ്രമം സർക്കാർ നടത്തണമെന്നും യുണൈറ്റ് സംഘടനയുടെ ജനറൽ സെക്രട്ടറി സ്റ്റീവ് ടേണർ ആവശ്യപ്പെട്ടു. അതിനിടയിലാണ് കഴിഞ്ഞ ഓഗസ്റ്റിൽ വാങ്ങിയ ആഡംബര സൗധം വൻ തുക ചെലവാക്കി മോടിപിടിപ്പിക്കാൻ ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ