തിരൂർ: കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസ്. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളിൽ കൂടുതലും ശ്രദ്ധചെലുത്തിയത് കുടുംബയോഗങ്ങളിലായിരുന്നു. രാവിലെ 9.30ന് മിച്ചഭൂമിയിൽ നിന്നും ആരംഭിച്ച പ്രചരണപരിപാടി പൂക്കയിൽ, പൊറൂർ, നടുവിലങ്ങാടി, ആനപ്പടി എന്നിവിടങ്ങൾ പിന്നിട്ട് ഉച്ചയോടെ താഴേപാലയം എം.ഇ.എസ് പരിസരത്ത് എത്തി. തിരൂർ പുഴ നവീകരണത്തോടൊപ്പം ശുദ്ധീകരിച്ച് കുടിവെള്ളപദ്ധതി ആരംഭിക്കാനുള്ള സധ്യത പൊറൂരിലെ പ്രദേശവാസികൾ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപെടുത്തി. മേഖലയിൽ കുടിവെള്ളക്ഷാമം വലിയപ്രശ്‌നമാണെന്നും ഇതിനുപരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ സ്ഥാനാർത്ഥിയോട് പറഞ്ഞു. തന്റെ പ്രഥമപരിഗണന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കുമെന്നും കുടിവെള്ളപ്രശ്‌നത്തിന് തീർച്ചയായും പരിഹാരമുണ്ടാകുമെന്നും ഗഫൂർ പി.ലില്ലീസ് ഉറപ്പു നൽകി. താഴേപ്പാലം പാലം തുറന്നുകൊടുക്കാൻ നടപടിയുണ്ടാകണമെന്നും പ്രദേശത്തു ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുകയാണെന്നും താഴേപ്പാലത്തെ നാട്ടുകാർ സ്ഥാനാർത്ഥിയോട് പറഞ്ഞു. സിറ്റിങ് എംഎ‍ൽഎയുടെ അനാസ്ഥമൂലം മുടങ്ങിയ തിരൂരിലെ മൂന്നുപാലങ്ങളും തുറന്നുകൊടുക്കാൻ ആവശ്യമായ ഇടപെടൽ വേഗത്തിലുണ്ടാകുമെന്നും ഇക്കാര്യം നേരത്തെ ശ്രദ്ധയിൽപെട്ടതാണെന്നും ഗഫൂർ പി.ലില്ലീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. കുടുംബയോഗങ്ങളിൽ പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മികച്ച സ്വീകരണമാണ് സ്ഥാനാർത്ഥിക്കു നൽകിയത്. സംസ്ഥാന സർക്കാറിന്റെ പെൻഷൻ വിതരണവും, കിറ്റ് വിതരണവും ഒരിക്കലും മറക്കാനാകില്ലെന്നും ഭരണം തുടരണമെന്നും ഇതിനായി പൂർപിന്തുണയുണ്ടാകുമെന്നും കുടുംബയോഗത്തിനെത്തിയ സ്ത്രീകൾ പറഞ്ഞു. ഉച്ചയ്ക്കു ശേം വടക്കനന്നാര, സെന്റഅന്നാര, ചട്ടിക്കൽ, വെസ്റ്റ് അന്നാര, കല്യേപാടം, തെക്കുംമുറി വെസ്റ്റ, ഇല്ലത്ത് പറമ്പ്, തെക്കുമുറി സൗത്ത്, അമ്പിളിയംകുന്ന്, പൊലീസ് ലെയ്ൻ, ഈസ്റ്റ് അന്നാര റേഷൻകട, പൂങ്ങോട്ടുകുളം, സിറ്റി, തൃക്കണ്ടിയൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 7.30ന് വിഷുപാലത്ത് പ്രചരണം അവസാനിച്ചു.

തിരൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻആസ്ഥാത്ത് എത്തിയ പ്രചരണ പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് ബി വേണുഗോപാലൻ നായർ. യൂണിയൻ സെക്രട്ടറി വി ഷാബു, യൂണിയൻ വൈസ് പ്രസിഡന്റ് പി വാണീക്കാന്തന്മാസ്റ്റർ, യൂണിയൻ കമ്മിറ്റി അംഗം പി വി മനോമോഹൻ, വനിതാ യൂണിയൻ പ്രസിഡന്റ് സതീദേവി, കെ.പി.ഹരീഷ്‌കുമാർ, ജയപ്രകാശ്, പ്രദീപ് കുമാർ, വിമലകുമാരി പങ്കെടുത്തു. അഡ്വ. എസ്.ഗിരീഷും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.