തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാർത്ഥിയുടെ പര്യടന ജൈത്രയാത്രയ്ക്ക് പനങ്ങാട്, കുമ്പളം മേഖലകളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. കുട്ടികളും യുവതിയുവാക്കളുമടക്കം നിരവധി പേരാണ് യാത്രയെ സ്വീകരിക്കാൻ എല്ലായിടത്തും കാത്തു നിന്നത്.

മാടവന ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടന യാത്രക്ക് ഹരം പകർന്നത് യുവമോർച്ചയുടെ ബൈക്ക് റാലിയാണ്. ആവേശത്തോടെ അരവം മുഴക്കി ഗ്രാമീണ വീഥികളായ ഉദയത്തും വാതിൽ, ചേപ്പനം, പുതുംതോട്,കുമ്പളം എന്നിവിടങ്ങൾ ചുറ്റി പനങ്ങാട് എത്തിയപ്പോൾ ഡോ കെ.എസ്. രാധാകൃഷ്ണനെ ജനങ്ങൾ താമരപ്പൂവും ഹാരവും അണിയിച്ചു സ്വീകരിച്ചു.

രാവിലെ മുളന്തുരുത്തിയിലെത്തി മലങ്കര സിറിയൻ ഓർത്തഡോക്സ്തിയോളജിക്കൽ സെമിനാരിയിലെത്തി ഡോ.കുര്യാക്കോസ് തിയോഫിലോസ് മെത്രാപ്പൊലീത്തയെ നേരിൽ കണ്ട് പ്രാർത്ഥന അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അദ്ദേഹം തന്റെ മണ്ഡല പര്യടനം ആരംഭിച്ചത്.

ഉച്ചകഴിഞ്ഞ് തീരദേശമേഖലയായ കുമ്പളം യോഗപ്പറമ്പ്, പണ്ഡിറ്റ് ജംഗ്ഷൻ, കുമ്പളം നോർത്ത് ഫെറി, കുമ്പളം നോർത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, കുമ്പളം വെസ്റ്റ്, സ്‌കൂൾ പടി, കുമ്പളം സെന്റർ എന്നിവിടങ്ങളിൽ അദ്ദേഹം പര്യടനം നടത്തി. മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ടും അവ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയുമാണ് ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പ്രചാരണം അവസാനിച്ചത്.