തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ ഓരോ മുക്കും മൂലയും എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതൽ നിയോജക മണ്ഡലത്തിലെ 55 കോളനികളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. അടിസ്ഥാന വിഭാഗക്കാർക്കിടയിലും വികസനം അനിവാര്യമായ ഗ്രാമങ്ങളിലൂടെയും അദ്ദേഹം നടത്തുന്ന യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മിക്കയിടങ്ങളിലും പരാതികളുമായിട്ടാണ് എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണനെ കാണാനായി ജനങ്ങൾ കാത്തു നിൽക്കുന്നത്. കുടിവെള്ള പ്രശ്നം, വീട്, അടിസ്ഥാന സൗകര്യമില്ലാത്തത്, റോഡുകളുടെ ശോച്യാവസ്ഥ, പാലം തുടങ്ങിയ ജനകീയ പ്രശ്നങ്ങളാണ് ഡോ. കെഎസ്.രാധാകൃഷ്ണനോട് പറയുവാനുള്ളത്.

ഞായറാഴ്ച കുമ്പളം ശ്രീ കുമാരലയം ക്ഷേത്രത്തിൽ എത്തി തൊഴുതുകൊണ്ടാണ് അദ്ദേഹത്തിന്റെ പര്യടനം ആരംഭിച്ചത്. ക്ഷേത്ര പരിസരത്തെ ലക്ഷംവീട് കോളനിയിലാണ് ആദ്യം പോയത്. പിന്നീട് കുമ്പളം നേവി കോളനി, വിശ്വകർമ്മ കോളനി, ഭൂദാന കോളനി എന്നീവടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം ആളുകളെ നേരിൽ കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. മാടവന വിശുദ്ധ സെബാസ്റ്റ്യൻ പള്ളിയിലെത്തിയ ഡോ. കെ.എസ്.രാധാകൃഷ്ണൻ വികാരി ഫാദർ ജോസ് തന്നിപ്പിള്ളിയെ കണ്ട് ഓശാന ഞായർ മംഗളങ്ങൾ നേർന്നു.

തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിൽ എത്തി കേരള ബ്രാഹ്മണ സഭയിൽ അദ്ദേഹം സംസാരിച്ചു. കിഴക്കേകോട്ട മഠപ്പിള്ളി സമൂഹ കാര്യാലയത്തിലെത്തിയ ഡോ. കെ.എസ്.രാധാകൃഷ്ണന് വൻവരവേൽപ്പാണ് ലഭിച്ചത്. .എരൂർ വിശ്വകർമ്മ സർവീസ് സോസൈറ്റി 79 ആം നമ്പർ ശാഖയിൽ എത്തി പ്രവർത്തകരോട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് ബാലഭദ്ര ക്ഷേത്ര പരിസരത്ത് വച്ച് നടന്ന ബൂത്ത് 44-ലെ കുടുംബ സംഗമത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ പങ്കെടുത്തു.

വിളക്ക് ഉണ്ടാക്കി അത് ഉണ്ടാക്കിയത് താനാണ് എന്ന് പറയുന്നതാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറയിലെ വികസനം, അതല്ല മറിച്ച് മഹാത്മാഗാന്ധി വിഭാവനം ചെയ്ത വികസനം ഇവിടെ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.