ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന ആദ്യ അംഗരാജ്യമാവുകയാണ് വെയിൽസ്. സ്റ്റേ ലോക്കൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ശനിയാഴ്‌ച്ചയോടെ തന്നെ എടുത്തുകളഞ്ഞിരുന്നു. ഇന്ന് ഇംഗ്ലണ്ടിലും ഏറെ ഇളവുകൾ നിലവിൽ വരാനിരിക്കെ വെയിൽസ് സ്വാതന്ത്ര്യത്തോട് കൂടുതൽ അടുക്കുകയാണ്.വെയിൽസിനകത്തുള്ള യാത്രാ നിരോധനം പൂർണ്ണമായും നീക്കികഴിഞ്ഞിരിക്കുന്നു. അതുപോലെ നിരവധി ഹോട്ടലുകൾ, കോട്ടേജുകൾ തുടങ്ങിയ ഒഴിവുകാല കേന്ദ്രങ്ങൾക്കും പ്രവർത്തനം ആരംഭിക്കാം. രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ നിന്നായി പരമാവധി ആറുപേർക്ക് വീതം വാതിൽപ്പുറയിടങ്ങളിൽ ഒത്തുചേരാവുന്നതാണ്.

അതേസമയം, ഇംഗ്ലണ്ട്, സ്‌കോട്ട്ലാൻഡ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ ഇടങ്ങളിൽ നിന്നും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വെയിൽസിൽ എത്തുന്നവർക്കുള്ള യാത്രാ നിരോധനം തുടരും. ഏപ്രിൽ 12 വരെയെങ്കിലും ഈ നിയന്ത്രണം തുടരും എന്നാണ് അറിയുന്നത്. അതേസമയം ഇന്നു മുതൽ ഇംഗ്ലണ്ടിൽ ആറുപേർ അടങ്ങുന്ന സംഘങ്ങൾക്കും അല്ലെങ്കിൽ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പാർക്കുകളിലും ബാക്ക് ഗാർഡനുകളിലും ഒത്തുചേരാനുള്ള അനുമതിയുണ്ട്.അതുപോലെ ഗോൾഫ്, ടെന്നീസ് തുടങ്ങിയ കളികൾക്കും അനുമതിയുണ്ടാകും.

ഇംഗ്ലണ്ടിലെ മൂന്നാം ലോക്ക്ഡൗണിനുശേഷമുള്ള ഏറ്റവും സുപ്രധാന ഇളവുകളാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വരിക. ഇതിനു മുൻപുള്ള ഘട്ടത്തിൽ സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായിരുന്നു പ്രധാന ഇളവ്. ബ്രിട്ടനിൽ രോഗവ്യാപനം കാര്യമായ രീതിയിൽ കുറഞ്ഞുവരുന്നതും അതുപോലെ വാക്സിനേഷൻ പദ്ധതിയിൽ 30 ദശലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസെങ്കിലും നൽകാൻ കഴിഞ്ഞതും ചൂണ്ടിക്കാണിച്ച്, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയുടെ വേഗത കൂട്ടണമെന്ന ആവശ്യം വർദ്ധിച്ചുവരുന്നുണ്ട്.

ശനിയാഴ്‌ച്ച നിയന്ത്രണങ്ങൾ നീക്കിയതോടെ വെയിൽസ് ജനത സ്വാതന്ത്ര്യം ആഘോഷിക്കുവാനായി തങ്ങളുടെ പ്രിയപ്പെട്ട വാതിൽപ്പുറയിടങ്ങളിൽ ഓടിയെത്തി. ബാരി ദ്വീപിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കടൽത്തീര റിസോർട്ടിൽ കടുത്ത തിരക്കായിരുന്നു വാരാന്ത്യത്തിൽ അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, പൊലീസുകാർ കടൽത്തീരത്ത് കുതിരപ്പുറത്ത് റോന്തുചുറ്റുന്നുണ്ടായിരുന്നു.

അതേസമയം ഹാപ്പി മൺഡേ എന്ന ഓമനപ്പേരിട്ടിരിക്കുന്ന മാർച്ച് 29 മുതൽക്കാണ് ഇംഗ്ലണ്ടിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുനന്തെങ്കിലും അതിനു കാത്തുനിൽക്കാതെ തന്നെ പലരും ഈ വാരാന്ത്യം ചെലവഴിക്കാൻ വീടിനു പുറത്തിറങ്ങിയിരുന്നു. ഇളംചൂടാസ്വദിക്കുവാൻ കുടുബത്തോടൊപ്പമായിരുന്നു പലരും പൊതുയിടങ്ങളിൽ ഒത്തുകൂടിയത്. അതുപോലെ, വിദേശയാത്രാ നിരോധനവും ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് 5000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിച്ചേക്കാം.

നേരത്തേ ബോറിസ് ജോൺസൺ പ്രഖ്യാപിച്ച മാർഗ്ഗ നിർദ്ദേശരേഖപ്രകാരം എല്ലാം നടന്നാൽ ജൂൺ 21 ഓടെ മാത്രമായിരിക്കും ബ്രിട്ടനിൽ സാധാരണജീവിതം പുനരാരംഭിക്കാൻ കഴിയുക. എന്നാൽ അപ്പോഴും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുനതുമൊക്കെ പിന്നെയും കുറച്ചുനാൾ കൂടി തുടർന്നേക്കും.