നന്ദിഗ്രാം: തിരഞ്ഞെടുപ്പ് ആവേശം കൊടുംപിരികൊണ്ടിരിക്കവെ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി വീൽചെയറിൽ എത്തി റോഡ് ഷോ നടത്തി . ഈ മാസം ആദ്യം കാലിനും മറ്റും പരുക്കേറ്റതിനെ തുടർന്ന് നന്നായി നടക്കാൻ ആകാത്ത അവസ്ഥയിലാണ് തൃണമൂൽ നേതാവ്. എന്നിരുന്നാലും താൻ മത്സരിക്കുന്ന നന്ദിഗ്രാമിലെത്തിയ മമത എട്ട് കിലോമീറ്റർ ദൂരം 'പദയാത്ര' നടത്തുകയായിരുന്നു.

വ്യാഴാഴ്ച വോട്ടെടുപ്പു നടക്കുന്ന നന്ദിഗ്രാമിൽ മമതയും മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയും (ബിജെപി) തമ്മിലാണു ഹൈവോൾട്ടേജ് പോരാട്ടം. വീൽചെയറിൽ യാത്ര ചെയ്യുന്ന മമത പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന വിഡിയോ തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. രാജ്യം ഹോളി ആഘോഷിക്കുമ്പോഴായിരുന്നു മമതയുടെ പദയാത്രയെന്നതും ശ്രദ്ധേയം.

മമതയ്ക്കു പരുക്കേറ്റതു ഗൂഢാലോചനയാണെന്നാണു ഭരണകക്ഷിയായ തൃണമൂൽ ആരോപിച്ചത്. നാടകമാണെന്നു ബിജെപി തിരിച്ചടിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്തു. എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ആദ്യ ഘട്ടം ശനിയാഴ്ചയായിരുന്നു.