കൊച്ചി: ക്വാർട്ടേഴ്‌സിൽ താമസിച്ചു വീട്ടുവാടക കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. സിറ്റി പൊലീസിലെ 21 ഉദ്യോഗസ്ഥരാണ് പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുകയും അതേസമയം വീട്ടുവാടക അലവൻസ് (എച്ച്ആർഎ) ആയി കൈപ്പറ്റുകയും ചെയ്തതത്. ഇവരിൽ നിന്നും ഈ തുക തിരിച്ചു പിടിക്കാൻ സിറ്റി പൊലീസ് അഡ്‌മിനിസ്‌ട്രേഷൻ ഡിസിപി ഉത്തരവിട്ടു.

ഇവരുടെ ശമ്പളത്തിൽ നിന്ന് 25 തവണകളായാവും തുക തിരിച്ചു പിടിക്കുക. 21 ഉദ്യോഗസ്ഥർ ചേർന്നു 31, 28, 615 രൂപയാണു വീട്ടുവാടക അലവൻസായി കൈപ്പറ്റിയത്. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയാണ് ഏറ്റവുമുയർന്ന തുക കൈപ്പറ്റിയത് 1, 68, 362 രൂപ. 1.5 ലക്ഷത്തിനു മുകളിൽ കൈപ്പറ്റിയവർ 5 പേരുണ്ട്. ഒരു ലക്ഷത്തിനു മേൽ പറ്റിയവർ 13 പേർ വരും. തൃപ്പൂണിത്തുറ ഡിഎച്ച്ക്യു, ഹിൽപാലസ്, എറണാകുളം സെൻട്രൽ, മട്ടാഞ്ചേരി എസ്റ്റേറ്റ് ഓഫിസർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടികൾ.