മൂന്നാർ: ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന കോളജ് അദ്ധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് കോടതി. മൂന്നാർ ഗവ.ആർട്‌സ് കോളജ് അദ്ധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെയാണ് ദേവികുളം കോടതി ശിക്ഷിച്ചത്. അദ്ധ്യാപകന് പീഡിപ്പിക്കാൻ ശ്രമിച്ചതായി നാലു വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.

2014ൽ വിദ്യാർത്ഥിനികളുടെ പരീക്ഷാസമയത്താണ് കേസിന് ആസ്പദമായ സംഭവം. എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയിൽ ഈ അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. 2014 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 വരെ അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി സെപ്റ്റംബർ 16നാണ് പെൺകുട്ടികൾ പരാതി നൽകിയത്. .

എന്നാൽ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബർ 5ന് ഈ 4 വിദ്യാർത്ഥിനികൾ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ച കമ്മിഷൻ ഇതിൽ 2 പെൺകുട്ടികൾക്കും പ്രിൻസിപ്പലിനും ഇൻവിജിലേറ്റർക്കും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് രണ്ട് പെൺകുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

ഈ സംഭവത്തിന് തൊട്ടുപിന്നാലെ സെപ്റ്റംബർ 16 നാണ് പെൺകുട്ടികൾ ഈ അദ്ധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നൽകിയത്. വനിതാ കമ്മിഷന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളിൽ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളിൽ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.