കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ ഫ്രാൻസിൽ മൂന്നാം തവണയും ലോക്ക്ഡൗൺ ഏർപ്പെടുത്തി സർക്കാർ. നാലാഴ്‌ച്ചയിലേക്കാണ് ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച്ച മുതൽ രാത്രി 7 മണിക്ക് ശേഷം ഫ്രാൻസിലാകെ കർഫ്യൂ ആയിരിക്കും. സാധ്യമായവരെല്ലാവരും വീടുകളിൽ ഇരുന്ന് ജോലിചെയ്യണമെന്ന ഉത്തരവും ഇറക്കിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചിടും. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും അതുപോലെ യാത്രാ നിയന്ത്രണങ്ങളും ഉണ്ടാകും.

രാജ്യത്തെ 19 വൈറസ് ഹോട്ട്-സ്പോട്ടുകൾ ഉൾപ്പടെ എല്ലാ ഭാഗത്തും ഈ ലോക്ക്ഡൗൺ ബാധകമായിരിക്കും. പാരിസ് പോലുള്ള ചില നഗരങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി പരിമിതമായ രീതിയിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നു. ഇതുകൂടാതെ നഴ്സറികൾ, സ്‌കൂളുകൾ, കോളേജുകൾ, ഹൈസ്‌കൂളുകൾ എന്നിവയ്ക്ക് മൂന്നാഴ്‌ച്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇവ ഏപ്രിൽ 26 ന് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കും. ബ്രിട്ടീഷ് വകഭേദമാണ് മൂന്നാം തരംഗത്തിന് ശക്തിയേകുന്നത് എന്നാണ് വിലയിരുത്തൽ.

അതിവ്യാപന ശേഷിയുള്ള, കെന്റിൽ കണ്ടെത്തിയ ഇനം കൊറോണ വൈറാസാണ്മൂന്നാം തരംഗം ശക്തമാകാൻ കാരണമെന്ന് പറയുമ്പോഴും, വാക്സിനേഷൻ പദ്ധതി വളരെ മന്ദഗതിയിലാണെന്ന വാസ്തവം മറുപുറത്തുണ്ട്. എങ്കിലും, കർശന നിയന്ത്രണങ്ങൾ വഴി രോഗവ്യാപനത്തെ നിയന്ത്രണാധീനമാക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് ഭരണാധികാരികൾ. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ആളുകൾക്ക് വിനോദത്തിനായി പുറത്തേക്ക് പോകാം എന്നാൽ അവരവരുടെ വീടിന് 6 മൈൽ ചുറ്റളവിന് പുറത്തേക്ക് പോകരുത്. മാത്രമല്ല, കൂട്ടംകൂട്ടമായി പോകുവാനും അനുവാദമില്ല.

ഏകദേശം 1.5 ലക്ഷം ബിസിനസ്സ് സ്ഥാപനങ്ങൾ ഈ ലോക്ക്ഡൗൺ മൂലം അടച്ചിടേണ്ടി വരും എന്നാണ് ഫ്രാൻസ് ധനമന്ത്രാലയം പറയുന്നത്. പ്രതിമാസം 9 ബില്ല്യൺ പൗണ്ടിന്റെ നഷ്ടം ഉണ്ടാവുകയും ചെയ്യും. അതിനിടയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ 16 മുതൽ വാക്സിൻ നൽകിത്തുടങ്ങും. മെയ്‌ 15 മുതൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും. നേരത്തേ ശാസ്ത്രോപദേശകരുടെ നിർദ്ദേശങ്ങൾ തള്ളി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇപ്പോൾ ഇത് പ്രഖ്യാപിക്കുവാൻ നിർബന്ധിതനാവുകയായിരുന്നു.

കർഫ്യൂ, ചില പ്രാദേശിക ലോക്ക്ഡൗണുകൾ എന്നിവ കൊണ്ട് രോഗവ്യാപനം ചെറുക്കുവാനായിരുന്നു ഇതുവരെ മാക്രോണിന്റെ ശ്രമം. എന്നാൽ ബ്രിട്ടീഷ് വകഭേദം ആഞ്ഞടിക്കാൻ തുടങ്ങിയപ്പോൾ അതൊന്നും പോരാതെ വന്നു. മാത്രമല്ല, 2022-ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വരികയുമാണ്.

മാക്രോണിന്റെ എതിരാളികൾക്ക് നല്ലൊരു ആയുധമായിരിക്കും രോഗവ്യാപനം ചെറുക്കുന്നതിൽ സംഭവിച്ച പിഴവുകൾ. ഇപ്പോൾ തന്നെ, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ കുറിച്ച് വിമർശനമുയരുന്നുണ്ട്. അങ്ങനെ വീണ്ടുമൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ മാക്രോൺ നിർബന്ധിതനാവുകയായിരുന്നു.