ലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു പേരാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പർ. ജീവനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഈ ഓഡിറ്റിങ് കമ്പനി വീണ്ടും വാർത്തകളിൽ നിറയുകയാണ്. 22,000 ത്തോളം വരുന്ന അവരുടെ ജീവനക്കാർക്ക് വരുന്ന വേനൽക്കാലത്ത് പകുതിയിലധികം ജോലിസമയം വീട്ടിലിരുന്ന് ജോലി ചെയ്യാം. മാത്രമല്ല, എല്ലാ വെള്ളിയാഴ്‌ച്ചകളിലും ജോലി നേരത്തേ അവസാനിപ്പിക്കുകയും ചെയ്യാം. ഇതനുസരിച്ച്, ജീവനക്കാർക്ക്, അവർ ഇഷ്ടപ്പെടുകയാണെങ്കിൽമൊത്തം ജോലി സമയത്തിന്റെ 40 മുതൽ 60 ശതമാനം വരെ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുവാൻ സാധിക്കും.

ബാക്കിയുള്ള സമയം ജീവനക്കാർക്ക് സഹപ്രവർത്തകരുമൊന്നിച്ച് പി ഡബ്ല്യൂ സി ഓഫീസിലോ അല്ലെങ്കിൽ കമ്പനിയുടെ ഉപഭോക്താക്കളുടെ ഓഫീസുകളിലോ ചെലവഴിക്കാം. മാത്രമല്ല, ജൂലായ് -ഓഗസ്റ്റ് മാസങ്ങളിൽ വെള്ളിയാഴ്‌ച്ചകളിൽ ഉച്ചഭക്ഷണ സമയം മുതൽ ജീവനക്കാർക്ക് വീടുകളിലേക്ക് മടങ്ങാം. അവർ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിൽ ആ സമയം മുതൽ അന്നത്തെ ജോലി അവസാനിപ്പിക്കാം. അതുകൂടാതെ, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും എന്നുറപ്പുണ്ടെങ്കിൽ ജീവനക്കാർക്ക് അവർ ജോലി ആരംഭിക്കുന്ന സമയത്തിലും അവസാനിക്കുന്ന സമയത്തിലും മാറ്റങ്ങൾ വരുത്താനും അധികാരമുണ്ടായിരിക്കും.

വളരെ അയവുള്ള ജോലി സാഹചര്യങ്ങളാണ് കമ്പനി പണ്ടുമുതൽക്കേ നൽകിയിട്ടുള്ളതെന്നും ഇന്നത്തെ പ്രഖ്യാപനം വഴി അത് കൂടുതൽ അയവുള്ളതാവുകയാണെന്നുമാണ് കമ്പനി ചെയർമാൻ കെവിൻ എല്ലിസ് പറഞ്ഞത്. ജീവനക്കാരിൽ കമ്പനിക്ക് വിശ്വാസമുണ്ട് എന്നത് അവരെ ബോദ്ധ്യപ്പെടുത്തുവാനും അതേസമയം അവർക്ക് കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകുവാനുമാണ് ഇത്തരത്തിലൊരു തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു ഓഫീസിലിരുന്നു മാറിമാറി ജോലി ചെയ്യുന്നതിനെ കുറിച്ചുള്ള ജീവനക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്ക് അപ്പുറവും നിലനിൽക്കുന്ന സുസ്ഥിരമായ പുതിയ തൊഴിൽ രീതി നടപ്പിലാക്കുക എന്നതാണ് കമ്പനിയുടെ നയം എന്നു പറഞ്ഞ ചെയർമാൻ, സമ്പദ്ഘടന വീണ്ടും കുതിച്ചുയരാൻ തുടങ്ങുമ്പോൾ, അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ പുതിയ രീതികൾ പാളിപ്പോകാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ കമ്പനികൾ എല്ലാം തന്നെ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ ജീവനക്കാരെ തിരികെ കൊണ്ടുവരുന്നതെങ്ങനെ എന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യമനുസരിച്ച്, ജീവനക്കാർക്ക് ജൂണിൽ അവരുടെ തൊഴിലിടങ്ങളിലെത്തി ജോലി ചെയ്യാൻ കഴിയും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ അനുസരിച്ച് ഇത് നീണ്ടുപോകാനും ഇടയുണ്ട്. ബി പി, നേഷൻവൈഡ് തുടങ്ങിയ കമ്പനികളും ഇത്തരത്തിൽ വീട്ടിലിരുന്നു ഓഫീസിലിരുന്നുമായി ജോലിചെയ്യുന്ന സമ്മിശ്ര തൊഴിൽ രീതി അവലംബിച്ചിട്ടുണ്ട്.