മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ് സ്റ്റാലിൻ. സ്റ്റാലിന് തമിഴ് മക്കൾ നൽകുന്ന വരവേൽപ്പും വലുതാണ്. പ്രചാരണ തന്ത്രങ്ങൾക്ക് ഹൈടെക് ടച്ച് നൽകിയാണ് സ്റ്റാലിന്റെ പ്രവർത്തനങ്ങൾ. ചെന്നൈയിൽ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിനു മുന്നിൽ, സ്റ്റാലിൻ എന്നു മുഖ്യമന്ത്രിയാകുമെന്ന് അറിയിക്കുന്ന ഡിജിറ്റൽ ക്ലോക്കുണ്ട്. 40 ദിവസം, ഒരു മണിക്കൂർ, 62 മിനിറ്റ്, 48 സെക്കൻഡ് എന്ന് അതിൽ തെളിഞ്ഞു നിൽക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും വൻ വരവേൽപ്പാണ് സ്റ്റാലിന് ലഭിക്കുന്നത്. രാജപാളയം മാരിയമ്മൻകോവിൽ മൈതാനത്ത് സ്റ്റാലിനെ വരവേൽക്കാനെത്തിയത് അനേകായിരങ്ങളാണ്. പൂരപ്പറമ്പിലേക്കു ചെറുപൂരങ്ങളെത്തുന്നതു പോലെയാണ് ജനക്കൂട്ടം വന്നുകൊണ്ടിരുന്നത്. സ്റ്റാലിന്റെ വരവറിയിച്ചു മാനത്ത് അമിട്ടുകൾ പൊട്ടിയപ്പോൾ ഡിഎംകെ കുട്ടിനേതാക്കൾ ഡപ്പാംകുത്ത് ഡാൻസിലേക്കു തിരിഞ്ഞു.

സ്റ്റേജിൽ സ്ഥാനാർത്ഥികളെല്ലാം എഴുന്നേറ്റ് തൊഴുതുപിടിച്ചു നിൽക്കുമ്പോൾ സ്റ്റാലിൻ വാഹനത്തിൽ നിന്നിറങ്ങാതെ പ്രസംഗം തുടങ്ങി ''ഇതു ദ്രാവിഡ മണ്ണാണ്. മോദിയുടെ മാജിക്കുകൾ ഇവിടെ ചെലവാകില്ല. ഡൽഹിയുടെ ആട്ചി (ഭരണം) ഈ മണ്ണിൽ വിലപ്പോകില്ല. എങ്ങനെയൊക്കെ പ്രചാരണം നടത്തിയാലും ഒറ്റ സീറ്റു കിട്ടില്ല.''

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും സ്റ്റാലിൻ കണക്കറ്റ് പരിഹസിച്ചു. ''എടപ്പാടി സ്വയം വ്യവസായി (കൃഷിക്കാരൻ) എന്നു പറയുന്നു. ആരെങ്കിലും സ്വയം റൗഡി എന്നു പറയുമോ? റൗഡിയാണെന്നതു മറയ്ക്കാൻ വ്യവസായി എന്നു പറയുന്നെന്നേയുള്ളൂ''. രജനീകാന്തിന്റെ 'അരുണാചലം' സിനിമയിലെ ഡയലോഗ് പോലെ 'സ്റ്റാലിൻ സൊൽറാൻ, മക്കൾ സെയ്‌റാൻ' (സ്റ്റാലിൻ പറയുന്നു, ജനം ചെയ്യുന്നു) എന്നൊരു വിശ്വാസപ്രഖ്യാപനവും നടത്തി.

പക്ഷേ, ദിവസം കഴിയുന്തോറും എഐഎഡിഎംകെ മുന്നണിയും ശക്തിയാർജിക്കുന്നുവെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഡിഎംകെ മുന്നണിക്ക് 200 സീറ്റു വരെ കിട്ടാമായിരുന്നത് 150 സീറ്റായി കുറഞ്ഞിട്ടുണ്ടത്രേ. ഭൂരിപക്ഷത്തിനു വേണ്ടത് 118. അൻപതോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിനിർണയത്തിൽ സ്റ്റാലിന്റെ പാളിച്ചകൾ പലരും ചൂണ്ടിക്കാട്ടുന്നു.