മലപ്പുറം: മലപ്പുറം പൊന്നാനിയിൽ യുവാവ് വഴിയരികിൽ മരിച്ചു കിടന്നത് നെഞ്ചുവേദനയെ തുടർന്നല്ലെന്ന് പൊലീസ് കണ്ടെത്തൽ. കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ യുവാവിന്റെ ദുരൂഹ മരണത്തിലാണ് വഴിത്തിരവായത്. കാഞ്ഞിരമുക്ക് വാലിയിൽ ഭരതന്റെ മകൻ അമലിന്റെ (20) മരണത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്. പിക്കപ്പ് വാൻ ഇടിച്ചു വീഴ്‌ത്തിയതാണ് അമലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തുക ആയിരുന്നു.

ഒരാഴ്ച മുൻപാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ അമലിനെ കാഞ്ഞിരമുക്കിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെഞ്ചുവേദനയാകാം മരണകാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്യ ബോർഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

എറണാകുളത്ത് വച്ച് ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പരസ്യ ബോർഡുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ അമലിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനു മൊഴി നൽകി.