ഴയ ശീതയുദ്ധകാലത്തെ ഭീതദമായ ഓർമ്മകളുണർത്തി റഷ്യയും അമേരിക്കയും തമ്മിൽ ഒരു ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. നാലായിരത്തോളം വരുന്ന സൈനികരെ റഷ്യ ഉക്രെയിൻ അതിർത്തിയിലേക്ക് അയച്ചതിനു തോട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു സാഹചര്യം ഉരുണ്ടുകൂടിയിരിക്കുന്നത്. ഉക്രെയിനെ സഹായിക്കാൻ നാറ്റോ സൈനികരെ അയച്ചാൽ ശക്തിയായി തിരിച്ചടിക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അത്തരത്തിൽ ഒരു നടപടിയുണ്ടായാൽ റഷ്യയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചില അധിക നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് റഷ്യൻ വക്താവ് അറിയിച്ചത്.

ഡോൺബാസ്സിലെ ഒരു യുദ്ധം ഉക്രെയിന്റെ നാശത്തിൽ കലാശിക്കും എന്ന് നേരത്തേ നൽകിയ മുന്നറിയിപ്പ് ആവർത്തിക്കാതെ, തങ്ങൾ ഉക്രെയിനിനെ ഭീഷണിപ്പെടുത്തുന്നില്ല എന്നാണ് റഷ്യ പറയുന്നത്. അതിർത്തിക്കടുത്തായി ഹെലികോപ്റ്ററുകൾ വിന്യസിച്ചിരിക്കുന്നതിന്റെയും ടാങ്കുകൾ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങൾ അതിർത്തിയിലേക്ക് ട്രെയിനിൽ കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ ലഭ്യമാണ്. റഷ്യൻ അനുകൂലികളായ വിമതർ അധികാരം പിടിച്ചെടുത്ത ഡോൺബാസ് മേഖലയിലേക്ക് പുതിയതായി സൈനികരെ അയച്ച കാര്യം സ്ഥിരീകരിച്ച അമേരിക്ക, ഉക്രെയിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഉക്രെയിനും തങ്ങളുടെ സൈനികരെ ജാഗരൂകരാക്കിയിട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാൻസ്‌കിലും അതുപോലെ റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയയുടെ സമീപ പ്രദേശങ്ങളിലും നടക്കുന്ന ഏത് അനിഷ്ട സംഭവങ്ങളേയും കൈകാര്യം ചെയ്യുവാൻ സൈന്യം സുസജ്ജരാണെന്ന് പറഞ്ഞ ഉക്രെയിൻ സൈനിക വക്താവ് റഷ്യയുടെ കടന്നുകയറ്റത്തെ അപലപിക്കുകയും ചെയ്തു.ഉക്രെയിനിൽ നിന്നും 2014-ൽ റഷ്യ പിടിച്ചെടുത്ത ക്രീമിയയിലേക്ക് 2എസ്19 മസ്റ്റ-എസ് ടാങ്കുകളും 152.4 എം എം സെല്ഫ് പ്രൊപ്പൽഡ് ഹൊവൈറ്റ്സറുകളും ട്രെയിനിൽ കൊണ്ടുപോകുന്നതിന്റെ വീഡിയോ ലഭ്യമാണ്. ബ്ര്യാൻസ്‌ക്, വൊറോനെഷ്, റോസ്റ്റോവ് മേഖലകളിലും ക്രീമിയയിലും റഷ്യൻ സൈനികരുടെ സാന്നിദ്ധ്യം വർദ്ധിച്ചു വരുന്നതായി ഉക്രെയിൻ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

ഡോൺബാസ്സിലും ക്രീമിയയിലുമായി റഷ്യയുടെ 28 ബറ്റാലിയൻ സൈനികർ അണിനിരന്നിട്ടുണ്ട് എന്നാണ് ഉക്രെയിൻ പറയുന്നത്. 25 ബറ്റാലിയൻ സൈനികർ കൂടി ഉടൻ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നു. യുദ്ധപരിശീലനം മാത്രമാണ് ലക്ഷ്യമെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഇത് മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഉക്രെയിനിന്റെ വിമതർ അധികാരം കൈയാളുന്ന മേഖലയിൽ റഷ്യ വിമതർക്ക് സഹായം നൽകുന്നതായി നേരത്തേ ഉക്രെയിൻ ആരോപിച്ചിരുന്നു. ക്രിമിയയിൽ മാത്രം 32,700 സൈനികർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, 28,000 ഉക്രെയിൻ വിമതർക്ക് സൈനിക പരിശീലനം നടത്തിയിട്ടുമുണ്ട്.

ശത്രുപക്ഷം അതീവ ശക്തമാണെങ്കിലും ഏത് വെല്ലുവിളികളെ നേരിടാനും ഉക്രെയിൻ സൈന്യം സുസജ്ജമാണ് എന്ന് സൈനിക വക്താവ് വ്യക്തമാക്കി. അതേസമയം, ഉക്രെയിനു ചുറ്റുമായി റഷ്യ നടത്തുന്ന സൈനിക നീക്കത്തിൽ നാറ്റോ സഖ്യം ആശങ്ക രേഖപ്പെടുത്തി. എന്നാൽ, ഇത് സ്ഥിരമായി നടത്താറുള്ള ഒരു സൈനിക പരിശീലനം മാത്രമാണെന്നും ഒരു യുദ്ധത്തിനുള്ള സാധ്യതയില്ലെന്നുമാണ് റഷ്യൻ കാര്യങ്ങളിൽ വിദ്ഗദനായ അമേരിക്കൻ പത്രപ്രവർത്തകൻ മൈക്കൽ കോഫ്മാൻ പറയുന്നത്. അതേസമയം റഷ്യയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.