- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണത്തിനിടെ വീട്ടമ്മയെ കെട്ടിയിട്ട് ആക്രമിച്ച സംഭവം; മകന്റെ സുഹൃത്ത് അറസ്റ്റിൽ
രാജാക്കാട്: മോഷണത്തിനിടെ വീട്ടമ്മയെ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തിൽ മകന്റെ സുഹൃത്ത് അറസ്റ്റിൽ. തേക്കിൻകാനം ചകിരിയാംകുന്നേൽ ചിന്നമ്മ തോമസിനെ ആക്രമിച്ച കേസിൽ മുക്കുടം അഞ്ചാംമൈൽ വലിയമുറി പ്രസന്നനാണ് (46) രാജാക്കാട് പൊലീസിന്റെ പിടിയിലായത്.
ഭർത്താവ് മരിച്ച ചിന്നമ്മ കഴിഞ്ഞ നവംബർ മുതൽ തൊടുപുഴ കല്ലൂർകാടുള്ള ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയാണ്. ഇവരുടെ മകൻ വിൻസെന്റ് അടിമാലി മന്നാംകാലയിലാണ് താമസം. വോട്ട് ചെയ്യാൻ ചിന്നമ്മ അഞ്ചിന് രാവിലെ തേക്കിൻകാനത്തെ വീട്ടിലെത്തിയപ്പോഴാണ് പ്രസന്നൻ ആക്രമിച്ചത്. ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രസന്നൻ വിൻസെന്റ് ഉൾപ്പെട്ട അടിപിടിക്കേസ് ഒത്തുതീർപ്പാക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടു.
പണം തരില്ലെന്ന് ചിന്നമ്മ പറഞ്ഞതോടെ വീടിനുള്ളിലേക്കു തള്ളിയിട്ട ശേഷം കയ്യും കാലും തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. നിലത്തു വീണ ചിന്നമ്മയുടെ രണ്ട് പവന്റെ മാലയും അര പവന്റെ കമ്മലുകളും അഴിച്ചെടുത്തു.തുടർന്ന് ചിന്നമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 6,000 രൂപയും മൊബൈൽ ഫോണും എടുത്ത ശേഷം അകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും 12 ഗ്രാമിന്റെ സ്വർണമാലയും എടുത്തു.
സ്വർണവും പണവും എടുത്ത ശേഷം വാക്കത്തിയുടെ പുറം ഭാഗം കൊണ്ട് ചിന്നമ്മയുടെ നടുവിൽ അടിച്ച ശേഷം ഇയാൾ കടന്നു കളഞ്ഞു. കൈകൊണ്ട് കാലിലെ കെട്ടഴിച്ച ചിന്നമ്മ ഇഴഞ്ഞ് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഈ വീട്ടിൽ താമസിക്കുന്നവർ പൊലീസിനെ വിവരമറിയിച്ച ശേഷം ചിന്നമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രസന്നനെ ഇന്നലെ വൈകിട്ട് അടിമാലിയിൽ നിന്നാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. 2,200 രൂപയും ഒരു മൊബൈൽ ഫോണും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.