നോർത്തേൺ അയർലൻഡിൽ ഒരാഴ്‌ച്ചയായി തുടരുന്ന കലാപം അക്രമാസക്തമാവുകയാണ്. ഇന്നലെ ബെൽഫാസ്റ്റിൽ പൊലീസിനു നേരെ പെട്രോൾ ബോംബും കത്തിച്ച പടക്കങ്ങളും എറിഞ്ഞ് പ്രതിഷേധക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ദേശീയവാദികളും ബ്രിട്ടീഷ് അനുകൂലികളും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ ഇതുവരെ അമ്പത്തിയഞ്ച് പൊലീസ് ഉദ്യോഗ്സ്ഥർക്ക് പരിക്കേറ്റതായാണ് കണക്കുകൾ പറയുന്നത്. അക്രമത്തിൽ നിന്നു വിട്ടുനിൽക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ആഹ്വാനങ്ങൾ അവഗണിച്ച് നൂറോളം പേരാണ് ഇന്നലെ രാത്രി തെരുവിൽ ഒത്തുചേർന്നത്.

ജലപീരങ്കികളും പൊലീസ് നായ്ക്കളുമായെത്തിയ പൊലീസ് അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ജലപീരങ്കികൾ പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രതിഷേധക്കാർ പൊലീസിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. 13 വയസ്സുള്ളകുട്ടികൾ വരെ പ്രതിഷേധക്കാരിൽ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്. മാതാപിതാക്കളുടെ പ്രേരണയിലാണ് ഇവർ എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വരെ അക്രമത്തിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

നോർത്തേൺ അയർലൻഡിന്റെ ബ്രെക്സിറ്റ് കരാറിനുമേൽ ഉണ്ടായിരുന്ന പ്രതിഷേധവും ഒരു ഐറിഷ് റിപ്പബ്ലിക്കൻ ആർമി അംഗത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ നിയമവിരുദ്ധമായി ധാരാളം പേർ ഒത്തുകൂടിയതുമൊക്കെയായി സാവധാനം ഉരുണ്ടുകൂടിയ പ്രതിഷേധം ഒരാഴ്‌ച്ച മുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു. ദേശീയവാദികൾ താമസിക്കുന്ന സ്പ്രിങ്ഫീൽഡ് റോഡിനേയും സമീപത്തുള്ള ഷാൻകിൽ റോഡിനേയു തമ്മിൽ വേർതിരിക്കുന്ന സമാധാനത്തിന്റെ മതിൽ എന്നറിയപ്പെടുന്നയിടമാണ് സംഘർഷങ്ങളുടെ പ്രഭവകേന്ദ്രം.

അക്രമങ്ങൾ ഒഴിവാക്കണമെന്നും 1998-ലെ ഗുഡ്ഫ്രൈഡേ കരാറിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകണമെന്നും നോർത്തേൺ അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഐറിഷ് പാരമ്പര്യമുള്ള അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും അക്രമം ഒഴിവാക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് രംഗത്തെത്തി. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരാറും അതുപോലെ നോർത്തെൺ അയർലൻഡ് പ്രോട്ടോക്കോളുകളും ഉപയോഗിച്ചു തന്നെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടി നേതാക്കളും അക്രമത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. പാർലമെന്റിലും അക്രമങ്ങൾക്കെതിരെ ഏറെ പ്രതിഷേധങ്ങൾ ഉയർന്നു. പൊലീസ് ഉദ്യോഗസ്ഥരേയും സർക്കാർ ജീവനക്കാരെയും അക്രമിക്കുന്നത് നിർത്തണമെന്ന് പാർലമെന്റ് ശക്തിയായി ആവശ്യപ്പെട്ടു. കുട്ടികളേയും യുവാക്കളേയും തെറ്റിദ്ധരിപ്പിച്ച് അക്രമത്തിന്റെ പാതയിലേക്ക് നയിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടായിരിക്കില്ലെന്നും അവർ ഓർമ്മിപ്പിച്ചു.

ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാരകരാർ, നോർത്തേൺ അയർലൻഡും ബാക്കി ബ്രിട്ടനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ പ്രതിബന്ധം സൃഷ്ടിക്കുന്നു. നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ യൂണിയനിൽ അയർലൻഡിന് അർഹമായ സ്ഥാനം ലഭിക്കുന്നത് ഇല്ലാതെയാക്കി എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.