വിവാദമേഖലയായ ബോൺബാസ്സിലെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ റഷ്യക്ക് ബാദ്ധ്യതയുണ്ടെന്നും അതിന് നിർബന്ധിതമായേക്കെന്നുമുള്ള പ്രസ്താവനയുമായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ രംഗത്തെത്തിയതോടെ റഷ്യയ്ക്കും ഉക്രെയിനും ഇടയിലുള്ള സംഘർഷാന്തരീക്ഷത്തിന് കനം വച്ചു. ടാങ്കുകളും കൂടുതൽ സൈനികവ്യുഹത്തേയും ഉക്രെയിൻ അതിർത്തിയിലേക്ക് വ്ളാഡിമിർ പുട്ടിൻ അയച്ചതിനു പിന്നാലെ കിഴക്കൻ ഉക്രെയിനിൽ അശാന്തിയുടെ അന്തരീക്ഷമാണ്.

ഇന്നലെ ഉക്രെയിൻ പ്രസിഡണ്ട് വൊളോഡൊമിർ സെലെൻസ്‌കീ ഡോൺബാസ്സിലെത്തി സൈനികർക്ക് ഹസ്തദാനം നൽകി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. റഷ്യൻ പിന്തുണയുള്ള വിമതർക്കെതിരെ പോരാടുന്ന സൈനികരെയാണ് പ്രസിഡണ്ട് സന്ദർശിച്ചത്. അതേസമയം, അതിർത്തിയിലെ സൈന്യവിന്യാസം പ്രതിരോധത്തിനായി മാത്രമുള്ളതാണെന്നാണ് പുട്ടിൻ പറയുന്നത്. സൈന്യം പതിവായി നടത്താറുള്ള പരിശീലനം മാത്രമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം തികച്ചും വ്യത്യസ്തമായ ഭാഷയിലാണ് റഷ്യയുടെ പ്രസിഡൻഷ്യൽ അഡിമിനിസ്ട്രേഷൻ മേധാവി ഡിമിത്രി കൊസാക് സംസാരിക്കുന്നത്.

റഷ്യൻ സൈനിക നടപടികളുടെ ആരംഭം ഉക്രെയിനിന്റെ അവസാനത്തിനുള്ള ആരംഭം കൂടിയാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. 1992-95 ലെ ബൊസ്നിയൻ അഭ്യന്തരയുദ്ധവേളയിൽ 8000 ൽ അതികം മുസ്ലിം യുവാക്കളും ആൺകുട്ടികളും കൊല്ലപ്പെട്ട സെർബ്രെനിക്കയെ ഓർമ്മിപ്പിച്ചുകൊണ്ട് കൊസാക്ക് പറഞ്ഞത്, ഉക്രെയിനിൽ ഒരു സെർബ്രെനിക്ക ആവർത്തിച്ചാൽ റഷ്യ ഉക്രെയിനിൽ സൈനിക ഇടപെടൽ നടത്തിയേക്കും എന്നാണ്. 2014-ൽ സംഘട്ടനം ആരംഭിച്ച ശേഷം ഉണ്ടായ പുതിയ അതിർത്തിരേഖ മാനിക്കാൻ ഉക്രെയിൻ തയ്യാറായില്ലെങ്കിൽ രണ്ടാം സെർബ്രെനിക്ക സംഭവിക്കുമെന്ന് നേരത്തേ പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ജർമ്മൻ ചാൻസലർ ഏയ്ഞ്ചെല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഉക്രെയിൻ പ്രകോപനപരമായി പെരുമാറുകയാണെന്ന് പുട്ടിൻ ആരോപിച്ചിരുന്നു. ഈ വാക്കുകളാണ് അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിൽ പ്രതിഫലിക്കുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഉക്രെയിന്റെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഒരു ബക്ക് മിസൈൽ സിസ്റ്റത്തിന്റെ ചിത്രവും ഇന്നലെ പുറത്തുവന്നിരുന്നു. ഈ സിസ്റ്റമാണ് 2014-ൽ വിമത ശല്യമുണ്ടായിരുന്ന ഡോണ്ട്സ്‌ക് മേഖലയിൽ പ്രയോഗിച്ചത്. ഇതിനെ തുടർന്ന് ഒരു മലേഷ്യൻ എയർലൈൻസ് ബോയിങ് 777 തകരുകയും 298 പേരുടെ മരണത്തിനിടയാവുകയും ചെയ്തിരുന്നു.

മറ്റൊരു വീഡിയോ ദൃശ്യത്തിൽ ആണവശേഷിയുള്ള 2എസ് 4 ട്യൂല്പാൻ സിസ്റ്റം ക്രാസ്നോഡാർ മേഖലയിലേക്ക് കൊണ്ടുപോകുന്നതും കാണാം. മാത്രമല്ല, ബക്ക് മിസൈൻ വിന്യസിച്ചിരിക്കുന്നതിനോട് ചേർന്ന് ഒരു റഷ്യൻ സൈനിക കാമ്പും ഉള്ളതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. 2014- ബക്ക് മിസൈൻ ഉപയോഗിച്ച് മലേഷ്യൻ യാത്രാ വിമാനം തകർത്തത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയൊരു വിവാദമായി മാറിയിരുന്നു. റഷ്യ ഇക്കാര്യം നിഷേധിച്ചുവെങ്കിലും, പാശ്ചാത്യ അന്വേഷണ ഏജൻസികൾ ഇക്കാര്യത്തിൽ റഷ്യയുടെ പങ്ക് സ്ഥിരീകരിക്കുകയായിരുന്നു.