തിരുവനന്തപുരം: മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ... ചിരിതൂകും പെണ്ണല്ലേ ഇടുക്കീ... ഇവളാണിവളാണ് മിടുമിടുക്കി..... ഇടുക്കിയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായെത്തിയ ഹരിയാന സ്വദേശി നരേഷ്‌കുമാർ ബൻസലിനും ഇടുക്കി നന്നേ പിടിച്ചു. കറങ്ങി നടന്ന് ഇടുക്കി മുഴുവൻ കണ്ടു. തൊട്ടടുത്ത സംസ്ഥാനത്തും പോയി. ഒടുവിൽ എല്ലാം പരാതിയായി. ഇതോടെ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണയുടെ ശിപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു െകെമാറി.

ഇടുക്കി കലക്ടറേറ്റിലെ നാൽപത്തിലേറെ ഉദ്യോഗസ്ഥരാണു കേന്ദ്രനിരീക്ഷകനെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയത് എന്ന് റിപ്പോർട്ട് ചെയ്യുന്നത് മംഗളം പത്രമാണ്. ഉദ്യോഗസ്ഥരെക്കൊണ്ടു കരിക്കും സുഗന്ധവ്യഞ്ജനങ്ങളുമുൾപ്പെടെ വാങ്ങിപ്പിച്ചെന്നും ഷൂ തുടയ്ക്കാൻ നിർദേശിച്ചെന്നുമാണു പരാതി. അതായത് കേരളത്തിൽ നടക്കാത്തത് പലതും ഈ ഓഫീസർ ചെയ്യിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ഇതിനിടെ കുടുംബസമേതം ''നിരീക്ഷണ''ത്തിനെത്തിയ ഹരിയാന കേഡർ ഐ.ആർ.എസ്. ഉദ്യോഗസ്ഥനായ ബൻസൽ സർക്കാർ വാഹനത്തിൽ മധുരയിൽപ്പോയി ക്ഷേത്രദർശനവും നടത്തി. സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കാനെത്തിയ നിരീക്ഷകന്റെ ചെലവ് സർക്കാർ ഉദ്യോഗസ്ഥർക്കു വഹിക്കേണ്ടിവന്നു. അങ്ങനെ അധിക ചെലവുകൾ ഏറെയായി.

തന്റെയും കുടുംബത്തിന്റെയും ഭക്ഷണച്ചെലവുപോലും വഹിക്കാൻ ബൻസൽ തയാറായില്ല. കഴിഞ്ഞമാസം 27-ന് അദ്ദേഹം വീഡിയോ ചിത്രീകരണത്തിന് അനുവദിച്ച വാഹനത്തിൽ കുടുംബസമേതം മധുരയ്ക്കു പോയി. ഇതോടെ, വീഡിയോ ചിത്രീകരണത്തിനു നിയോഗിക്കപ്പെട്ട സംഘത്തിനു കാൽനടയായി ജോലി ചെയ്യേണ്ടിവന്നു.

മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തിൽ താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും മൂന്നാർ ടീ കൗണ്ടിയിൽ താമസിക്കണമെന്നു ശഠിച്ചു. അതിനു ഭരണപരമായ കാലതാമസമുണ്ടായതോടെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചു. ഷൂ പോളീഷ് ചെയ്തുകൊടുക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചുവെന്നും മംഗളം പത്രം പറയുന്നു.

അവലോകനയോഗത്തിനിടെ ദേവികുളം ആർ.ഡി. ഓഫീസിലെ ഉദ്യോഗസ്ഥനോടു ജെൽ പേന വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കഴിവില്ലാത്തവരെന്ന് ആക്ഷേപിച്ചു. ഒരു ഉദ്യോഗസ്ഥനെ െകെയേറ്റം ചെയ്യുന്ന സാഹചര്യംവരെയുണ്ടായി. നിരീക്ഷകനോടു മാർഗനിർദ്ദേശം തേടിയാൽ വരണാധികാരിയെ ബന്ധപ്പെടാനായിരുന്നു മറുപടി.

സസ്പെൻഡ് ചെയ്യിക്കുമെന്നു ഭീഷണിപ്പെടുത്തി. മലയാളഭാഷയേയും സംസ്‌കാരത്തെയും നിരന്തരം അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് മീണയുടെ ശുപാർശ.