ഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ ആക്രമണത്തിൽ ഒരു ഉക്രെയിൻ ഭടൻ മരിച്ചതായും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കെറ്റതായും ഉക്രെയിൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. റഷ്യൻ പ്രസിഡണ്ട് സൈനിക സന്നാഹങ്ങൾ അയച്ചതോടെ കിഴക്കൻ ഉക്രെയിനിൽ സംഘർഷാവസ്ഥ മൂർച്ഛിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ 27 സൈനികർ കൊല്ലപ്പെട്ടു എന്നാണ് ഉക്രെയിൻ പറയുന്നത്. 2020-ൽ കൊല്ലപ്പെട്ടതിന്റെ പകുതിയിലധികം വരും ഇത്.

നൂറുകണക്കിന് റഷ്യൻ ടാങ്കുകളും, മിസൈൽ ടാങ്കുകളും മറ്റ് സായുധ വാഹനങ്ങളും റെയിൽ മാർഗ്ഗം ക്രിമിയയിലേക്ക്കടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തായ അവസരത്തിലാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. അടുത്തയിടെ ഉക്രെയിനിൽ നിന്നും റഷ്യ പിടിച്ചെടുത്ത മേഖലയാണ് ക്രിമിയ. കിഴക്കൻ ഉക്രെയിനിലെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഡോൺബാസ്സ് മേഖലയാണ് ഇപ്പോൾ തർക്ക വിഷയമായിട്ടുള്ളത്. 2014 മുതൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ ഉക്രെയിനിൽ നിന്നും വിട്ടുപോകാനായി കലാപത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

വിഘടനവാദികളെ സഹായിക്കാനാണ് റഷ്യ സൈന്യത്തെ അയച്ചിരിക്കുന്നതെന്ന പാശ്ചാത്യ ലോകത്തിന്റെ ആരോപണം റഷ്യ നിഷേധിക്കുമ്പോഴും, വിഘടനവാദികൾക്കെതിരെ ഉക്രെയിൻ ബലം പ്രയോഗിച്ചാൽ ഒരുപക്ഷെ സൈന്യം ഇടപെട്ടേക്കുമെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഉക്രെയിനിലെ സ്ഥിതിഗതികൾ വഷളാവുകയാണെന്നും ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും കഴിഞ്ഞദിവസം ക്രെംലിൻ വക്താവ് ഡിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു.

അതേസമയം റഷ്യ തങ്ങളെ പ്രകോപിപ്പിക്കുകയാണെന്ന് ഉക്രെയിൻ പറയുമ്പോൾ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് ഒരു യുദ്ധത്തിലേക്ക് തന്നെയാണ്. ബ്രിട്ടൻ ഉൾപ്പടെയുള്ള നാറ്റോ സഖ്യ രാജ്യങ്ങൾക്ക് ഇതിൽ ഇടപെടേണ്ടതായും വന്നേക്കാം. അതേസമയം റഷ്യ ഒരു യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഒരുപാട് വിലനൽകേണ്ടതായി വരുമെന്നും ഉള്ള മുന്നറിയിപ്പുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ രംഗത്തെത്തിയത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഉക്രെയിൻ അതിർത്തിയിൽ നിന്നും ആറു മുതൽ 25 മൈൽ വരെയുള്ള പ്രദേശങ്ങളിൽ പലയിടങ്ങളിലുമായി ഏകദേശം 85,000 സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട് എന്നാണ് ഉക്രെയി പറയുന്നത്. മാതമല്ല, 12 മൈൽ വരെ ദൂരത്തിൽ വെടിയുതിർക്കാൻ കഴിവുള്ള ട്യുപ്ലാൻ സെൽഫ് പ്രൊപ്പൽഡ് മോർട്ടാറുകൾ ആറെണ്ണമെങ്കിലും ഇവിടങ്ങളിൽ എത്തിച്ചിട്ടുമുണ്ട്.

ഒരു നഗരത്തെ വരെ ഒറ്റക്ക് നശിപ്പിക്കാൻ കെൽപുള്ള അപകടകാരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവ ചെച്നിയൻ യുദ്ധത്തിലും അഫ്ഗാനിസ്ഥാനിലും ഉപയോഗിച്ചിരുന്നു.